UPDATES

വിദേശം

വെടിയേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഗര്‍ഭിണിക്കെതിരെ നരഹത്യക്ക് കേസ്; വെടിവെച്ചയാളെ വെറുതെ വിട്ടു

അമേരിക്കയില്‍ ഗർഭച്ഛിദ്ര നിയമങ്ങൾ ഗർഭിണികൾക്കെതിരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ ഞെട്ടിക്കുന്ന തെളിവാണ് ഈ കേസെന്ന് സാമൂഹ്യ സംഘടനകള്‍

ഗര്‍ഭിണിയായിരിക്കെ വെടിയേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ നരഹത്യക്ക് കേസെടുത്തു. അലബാമയിൽ നിന്നുള്ള മാർഷെ ജോൺസിനെതിരെയാണ് കോടതി വിധി. കഴിഞ്ഞ ഡിസംബറിൽ ബർമിംഗ്ഹാമിനടുത്തുള്ള പ്ലസന്‍റ് ഗ്രോവിലെ ഒരു കടയുടെ പുറത്തുവെച്ചാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന അവര്‍ക്ക് മറ്റൊരു സ്ത്രീയില്‍ നിന്നും വെടിയേറ്റത്. വെടിവെച്ച സ്ത്രീയെ വെറുതെ വിടാനും വെടിയേറ്റ ആളെ നരഹത്യക്കുറ്റം ചുമത്തി ജയിലിലടക്കാനുമാണ് ജെഫേഴ്സൺ കൗണ്ടി ഗ്രാൻഡ് ജൂറി ഉത്തരവിട്ടത്.

ഗർഭച്ഛിദ്ര നിയമങ്ങൾ ഇപ്പോൾ ഗർഭിണികൾക്കെതിരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ ഞെട്ടിക്കുന്ന തെളിവാണ് ഈ കേസെന്ന് ചില സംഘടനകള്‍ പറയുന്നു. ‘ഇവിടെ യഥാർത്ഥ ഇരയായത് പിഞ്ചു കുഞ്ഞാണെന്നാണ് അന്വേഷണത്തിൽ ബോധ്യമായതെന്ന്’ അന്വേഷണം നടത്തിയ പ്ലസന്‍റ് ഗ്രോവിലെ പോലീസ് പറയുന്നു. തര്‍ക്കത്തിന് തുടക്കമിട്ടതും ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമാകുന്നതുവരെ അത് തുടര്‍ന്നതും ഗര്‍ഭണിയായ യുവതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞതായി ‘എഎല്‍ ഡോട്ട്കോം’ റിപ്പോര്‍ട്ടു ചെയ്യുന്നു.

യു.എസിലെ ഏറ്റവും കടുത്ത ഗർഭഛിദ്ര നിയമം പാസ്സാക്കിയ സ്റ്റേറ്റാണ് അലബാമ. ഗർഭധാരണം കഴിഞ്ഞ് ഏത് ഘട്ടത്തിലും ഗർഭഛിദ്രം നടത്തുന്നത് കുറ്റകൃത്യമാക്കിയാണ് റിപ്പബ്ലിക്കൻ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് നിയമം കൊണ്ടുവന്നത്. സ്ത്രീയുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ മാത്രമേ ഭ്രൂണഹത്യ നടത്താന്‍ അനുമതിയുള്ളൂ. വ്യഭിചാരം ബലാല്‍സംഗം തുടങ്ങിയ സാഹചര്യങ്ങളിലൊന്നും ഗർഭഛിദ്രം അനുവദിക്കില്ല. മറ്റൊരു സംസ്ഥാനത്തും ഇത്ര ശക്തമായ നിയമമില്ല. അലബാമയുടെ അയല്‍ സംസ്ഥാനമായ ജോര്‍ജ്ജിയയില്‍ ഗര്‍ഭധാരണം നടന്ന് 6 ആഴ്ച കഴിഞ്ഞാല്‍ മാത്രമാണ് ഗർഭഛിദ്രം നിരോധിച്ചിട്ടുള്ളത്‌. മറ്റൊരു പ്രധാന കാര്യം, സ്വയം പ്രതിരോധിക്കാന്‍ വേണ്ടി ആരെങ്കിലും സ്വന്തം കായിക ബലം ഉപയോഗിച്ചാല്‍ അത് നിയമത്തിനു മുന്നില്‍ നീതീകരിക്കുമെന്ന നിയമവും അലബാമയിലുണ്ട്.

വിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘അഞ്ച് തവണ അടിവയറ്റിൽ വെടിയേറ്റ മാർഷെ ജോൺസിനെതിരെയാണ് കോടതി നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. വെടിവച്ചയാള്‍ ഇപ്പോഴും സ്വതന്ത്രയായി വിഹരിക്കുകയാണ്’- ഗര്‍ഭ നിരോധനത്തിനെതിരെ പോരാടുന്ന യെല്ലോഹാമർ ഗ്രൂപ്പ് അവരുടെ ട്വീറ്ററില്‍ കുറിച്ചു. മാർഷെയെ ജയിലില്‍ നിന്നും പുറത്തിറക്കാനുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Read More: ശ്മശാനത്തിനെതിരെ പരാതി നല്‍കി, ആറ് കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷമായി ക്ഷേത്രകമ്മിറ്റിയുടെ ഊരുവിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍