UPDATES

വിദേശം

സിറിയയിലെ വ്യോമാക്രമണം: പാര്‍ലമെന്റിനോട് ആലോചിക്കാത്ത നടപടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ബോംബുകള്‍ ജീവന്‍ രക്ഷിക്കുകയോ സമാധാനമുണ്ടാക്കുകയോ ചെയ്യില്ലെന്നും ട്രംപിന്‍റെ വാലില്‍ തൂങ്ങി നടക്കുകയാണ് തെരേസ മേ എന്നും കോര്‍ബിന്‍ പറഞ്ഞു.

സിറിയയില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ പാര്‍ലമെന്റിനോട് ആലോചിക്കാതെ യുകെ റോയല്‍ എയര്‍ഫോഴ്‌സ് പങ്കാളിയായതില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ്, യുകെ, ഫ്രഞ്ച് വ്യോമ സേനകളാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനെതിരായി മിസൈല്‍ ആക്രമണവും ബോംബിംഗും നടത്തുന്നത്. റോയല്‍ എയര്‍ഫോഴ്‌സിന്റെ നാല് ടൊര്‍ണാഡോ ജിആര്‍ ഫോര്‍ ജെറ്റുകള്‍ സ്‌റ്റോം ഷാഡോ മിസൈലുകള്‍ ഇട്ടിരുന്നു. അസദ് ഭരണകൂടം വലിയ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി കരുതുന്ന ഹോംസ് പ്രദേശത്തിന് സമീപമാണ് യുകെ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ദൗത്യം വിജയകരമായി എന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോള്‍ തെരേസ മേയ്‌ക്കെതിരെ ബ്രിട്ടീഷ് എംപിമാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അസദ് ഭരണകൂടം വിമത മേഖലയായ ഡൂമയില്‍ രാസായുധ ആക്രണത്തിലൂടെ കൂട്ടക്കൊല നടത്തിയെന്ന് ആരോപിച്ചാണ് യുഎസ് നേതൃത്വത്തിലുള്ള സഖ്യ സേന സിറിയയില്‍ ആക്രമണം തുടങ്ങിയത്. മനുഷ്യത്വപരമായ കാരണങ്ങളാല്‍ ആക്രമണം അനിവാര്യമാണെന്നും ഇതിന് ബ്രിട്ടീഷ് ജനതയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണയുണ്ടെന്നുമാണ് തെരേസ മേയുടെ വാദം. എന്നാല്‍ തെരേസ മേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി നേതാവും എംപിയുമായ ജെര്‍മി കോര്‍ബിന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ബോംബുകള്‍ ജീവന്‍ രക്ഷിക്കുകയോ സമാധാനമുണ്ടാക്കുകയോ ചെയ്യില്ലെന്നും ട്രംപിന്റെ വാലില്‍ തൂങ്ങി നടക്കുകയാണ് തെരേസ മേ എന്നും കോര്‍ബിന്‍ പറഞ്ഞു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ അഭിപ്രായം തേടേണ്ടതായിരുന്നു. നിയമവിരുദ്ധമായ ഈ ആക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും – കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

സിറിയയില്‍ ബ്രിട്ടന്‍ ആക്രണം നടത്തുന്നതിനോട് യോജിക്കുന്ന ലേബര്‍ എംപിമാര്‍ പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങിയ മേയുടെ നടപടി ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടു. സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ രാസായുധ ഭീകരതയെ നേരിടാന്‍ സൈനിക നടപടി അനിവാര്യമാണെങ്കിലും ഇക്കാര്യത്തില്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ വോട്ടിനിട്ട് അഭിപ്രായം തേടിയില്ല എന്നാണ് ലേബര്‍ എംപി ജോണ്‍ വുഡ്‌കോക്ക് ചോദിച്ചത്. സിറിയയിലെ സഖ്യ സേന ആക്രമണത്തേയും യുകെ സേനയുടെ പങ്കാളിത്തത്തേയും വിമര്‍ശിച്ച് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റിന്റെ താളത്തിനൊത്ത് തുള്ളുകയാണ് തെരേസ മേ എന്ന് നിക്കോള കുറ്റപ്പെടുത്തി. യാതൊരു ബോധവുമില്ലാത്ത യുഎസ് പ്രസിഡന്റിന്‍റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരത്തിന് പകരമാവില്ല എന്ന് ലിബ് ഡെം നേതാവ് വിന്‍സ് കേബിള്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് തെരേസ മേയുടെ നടപടിയെന്നും തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഈ പ്രശ്‌നം വോട്ടിനിടണം എന്നും ഗ്രീന്‍ പാര്‍ട്ടി നേതാക്കളായ കരോളിന്‍ ലൂക്കാസും ജൊനാഥന്‍ ബാര്‍ട്ട്‌ലിയും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍