UPDATES

വിദേശം

പാർലമെന്‍റ് സമ്മേളനത്തില്‍ റഷ്യൻ എംപിയെ അധ്യക്ഷനാക്കി; ജോര്‍ജ്ജിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രമാണ് ജോര്‍ജ്ജിയ

ജോര്‍ജ്ജിയന്‍ പാർലമെന്‍റിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്കെതിരെ നടത്തിയ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലത്തെ പാർലമെന്‍റ് സമ്മേളനത്തില്‍ ഒരു സെഷനില്‍ ഒരു റഷ്യൻ എംപിയെ അധ്യക്ഷനാക്കിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ആക്രമണം തടയാൻ പോലീസ് കണ്ണീർ വാതകവും, റബ്ബർ ബുള്ളറ്റുകളും, ജല പീരങ്കിയും പ്രയോഗിച്ചു.

ഏറ്റുമുട്ടലിനെത്തുടർന്ന് മുപ്പത്തിയൊമ്പത് പോലീസ് ഉദ്യോഗസ്ഥരും 30 സിവിലിയന്മാരും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡേവിഡ് സെർജെങ്കോ പറഞ്ഞു. തലസ്ഥാനമായ ടിബിലിസിയിലെ പാർലമെന്‍റ് കെട്ടിടത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ രാത്രി മുഴുവൻ അണിനിരന്ന് പ്രതിഷേധിച്ചിരുന്നു.

ഓർത്തഡോക്സ് ക്രിസ്ത്യൻ രാജ്യങ്ങളിൽ നിന്നുള്ള നിയമസഭാ സാമാജികരുടെ സമ്മേളനത്തിനിടെ റഷ്യൻ എംപി സെർജി ഗാവ്‌റിലോവ് അധ്യക്ഷ സ്ഥാനത്ത് ഇരുന്നതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗാവ്‌റിലോവിന്‍റെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള വാര്‍ത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ പാർലമെന്‍റിനു പുറത്ത് ജനങ്ങള്‍ തടിച്ചു കൂടാന്‍ തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും പതിനായിരത്തോളം പേര്‍ അവിടെയെത്തി. ജോര്‍ജ്ജിയൻ പതാകകൾ വീശി മുദ്രാവാക്യങ്ങളുയര്‍ത്തി അവര്‍ അവിടെ നിലയുറപ്പിച്ചു. പിന്നീട് പരിധികള്‍ ലംഘിച്ച് പൊലീസിനെതിരെ തിരിയാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രമാണ് ജോര്‍ജ്ജിയ. അക്കാലത്തുതന്നെ ജോര്‍ജ്ജിയയില്‍ നിന്ന് അബ്ഖാസിയ, ദക്ഷിണ ഒസെറ്റിയ എന്നീ രാഷ്ട്രങ്ങള്‍ വേറിട്ടിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ റഷ്യ വീണ്ടും ശ്രമങ്ങള്‍ നടത്തിയതോടെയാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. 2008-ൽ ജോർജിയയും റഷ്യയും തമ്മില്‍ യുദ്ധം ചെയ്തിരിന്നു. പിന്നീട് അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്മാറിയ റഷ്യ ഇരു രാജ്യങ്ങളെയും അംഗീകരിക്കുകയും ചെയ്തു. അതാണ് ജോര്‍ജ്ജിയയെ ചൊടിപ്പിച്ചത്.

റഷ്യൻ പ്രതിനിധി ജോര്‍ജ്ജിയന്‍ പാര്‍ലമെന്‍റില്‍ കയറിയതും, അധ്യക്ഷക്കസേരയില്‍ ഇരുന്ന് റഷ്യന്‍ ഭാഷയിൽ സംസാരിച്ചതുമൊക്കെയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

Read More: സൗദിക്ക് ആയുധം വില്‍ക്കാനുള്ള പരിപാടി സെനറ്റ് വോട്ടിനിട്ട് തടഞ്ഞു; വീറ്റോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍