UPDATES

വിദേശം

ഗായക സംഘത്തിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കര്‍ദിനാളിന്റെ അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി; 81കാരനായ പുരോഹിതന്‍ 2022വരെ ജയിലില്‍ തന്നെ

പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തിൽ പങ്കെടുത്ത 113 കർദിനാൾമാരിൽ ഒരാളായിരുന്ന ജോർജ‌് പെൽ

ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും മുതിർന്ന കത്തോലിക്കാ പുരോഹിതനായ കർദിനാൾ ജോർജ്ജ് പെല്ലിന്‍റെ അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. 1990 കളിൽ മെൽബണിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ കർദിനാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മെൽബൺ കൗണ്ടി കോടതി അദ്ദേഹത്തിന് ആറ് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ആ വാദം അപ്പീൽ കോടതി നിരസിച്ചതോടെ അദ്ദേഹം ജയിലില്‍തന്നെ തുടരും. 2022 ഒക്ടോബറിലാണ് ഇനി പരോള്‍ ലഭിക്കുക.

തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയത്തിന് അതീതമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് പെല്ലിന്‍റെ വാദം. ‘അതുകൊണ്ടുതന്നെ യുക്തിരഹിതമായ വിധിയാണിത്. ഇരയുടെ സ്ഥിരീകരിക്കാത്ത, തെളിവുകളില്ലാത്ത വാക്കുകളില്‍മാത്രം വിശ്വാസമര്‍പ്പിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്’ എന്ന് പുരോഹിതന്റെ അഭിഭാഷകർ പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ വിക്ടോറിയയിലെ അപ്പീൽ കോടതിയാണ് അപ്പീല്‍ പരിഗണിച്ചത്.

ശിക്ഷാവിധി ശരിവച്ച രണ്ട് ജഡ്ജിമാർ വിധിയെക്കുറിച്ച് തങ്ങൾക്ക് തെല്ലൊരു സംശയംപോലും ഇല്ലെന്നും വ്യക്തമാക്കി. ‘വിചാരണയിൽ കർദിനാൾ ഒന്നും തെളിയിക്കേണ്ടതില്ലായിരുന്നു. മറിച്ച്, വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും തെളിവുകളുടെ എല്ലാ ഭാരവും പ്രോസിക്യൂഷന്‍റെ ചുമലിലായിരുന്നു’ എന്നാണ് ജസ്റ്റിസ് ഫെർഗൂസൺ പറഞ്ഞത്. പരാതിക്കാരൻ പറഞ്ഞതെല്ലാം സത്യവും വ്യക്തവുമാണെന്നും ജസ്റ്റിസ് മാക്സ്വെല്ലും ഫെർഗൂസനും വ്യക്തമാക്കി.

സെന്റ് പാട്രിക്സ് കത്തീഡ്രലിലെ ഗായക സംഘത്തിലെ രണ്ട‌് ആൺകുട്ടികളെയാണ‌് 22 വർഷം മുമ്പ‌് കർദിനാൾ ജോർജ‌് പെൽ ലൈംഗികമായി പീഡിപ്പിച്ചത‌്. സംഭവത്തിൽ ഏതാനും വർഷങ്ങൾക്ക് മുന്‍പ് പരാതി പുറത്തുവന്നു. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് പ്രഖ്യാപിച്ചെങ്കിലും കോടതിയുടെ വിലക്കിനെ തുടർന്ന‌് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇത‌് സംബന്ധിച്ച‌് വാർത്തകൾ നൽകിയിരുന്നില്ല. വിലക്ക‌് മാറിയതോടെ ഫെബ്രുവരി 26 നാണ് ഈ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടത്.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തിൽ പങ്കെടുത്ത 113 കർദിനാൾമാരിൽ ഒരാളായിരുന്ന ജോർജ‌് പെൽ, കത്തോലിക്ക സഭയുടെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്നവരിൽ മൂന്നാമനുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍