UPDATES

വിദേശം

യുകെയ്ക്ക് ‘മറുപടി’ ഉടന്‍; നാഡീവിഷ ആക്രമണം യു കെ തന്നെ നടത്തിയതെന്ന് റഷ്യ

വ്ളാഡിമിര്‍ പുട്ടിന്റെ എതിരാളികള്‍ക്കുള്ള ഭീഷണി എന്ന നിലയിലാണ് സോവിയറ്റ് കാല നാഡീവിഷ ആക്രമണം സാലിസ്ബറിയില്‍ റഷ്യ നടത്തിയത് എന്ന് ബോറിസ് ജോണ്‍സണ്‍

മുന്‍ റഷ്യന്‍ ചാരനെയും മകളേയും കൊല്ലാന്‍ ഉപയോഗിച്ചു എന്നു പറയുന്ന നോവിചോക് എന്ന നാഡീവിഷം തങ്ങള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് റഷ്യ യു എന്‍ സുരക്ഷാ സമിതിയില്‍. എന്നാല്‍ തങ്ങളുടെ മുന്‍ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് യു കെ.

തെരെസ മേയുടെ ആരോപണം ആവര്‍ത്തിച്ചുകൊണ്ട് യു കെയുടെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും രംഗത്തെത്തി. വ്ളാഡിമിര്‍ പുട്ടിന്റെ എതിരാളികള്‍ക്കുള്ള ഭീഷണി എന്ന നിലയിലാണ് സോവിയറ്റ് കാല നാഡീവിഷ ആക്രമണം സാലിസ്ബറിയില്‍ റഷ്യ നടത്തിയത് എന്നായിരുന്നു ബോറിസ് ജോണ്‍സണിന്റെ ആരോപണം.

മാര്‍ച്ച് നാലിനാണ് സാലിസ് ബറിയില്‍ വെച്ചു മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നാഡീ വിഷ ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യത്തിനോട് റഷ്യ മുഖം തിരിച്ചതിനെ തുടര്‍ന്ന് 23 റഷ്യന്‍ നയതന്ത്രജ്ഞരെ യു കെ ഇന്നലെ പുറത്താക്കിയിരുന്നു. ശീതയുദ്ധാനന്തരം റഷ്യക്കെതിരെ ലണ്ടന്‍ നടത്തുന്ന ഏറ്റവും വലിയ നയതന്ത്ര നടപടിയാണ് ഇത്.

എന്നാല്‍ തങ്ങളുടെ നായതന്ത്രജ്ഞരെ പുറത്താക്കിയ യു കെയുടെ നടപടിക്കു ഉടന്‍ മറുപടി നല്കുമെന്ന് റഷ്യ സൂചന നല്‍കി. അത് എത്രയും പെട്ടെന്നു യു കെയെ അറിയിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് പറഞ്ഞു.

ഇന്നലെ നടന്ന യുഎന്‍ സുരക്ഷാസമിതിയില്‍ സഖ്യ രാഷ്ട്രങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് യു കെ നേടിയത്. യു എസ് പ്രതിനിധി യു എന്‍ സുരക്ഷാ സമിതി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ രാജ്യം ഗ്രേറ്റ് ബ്രിട്ടന് പൂര്‍ണ്ണ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു എന്നു പ്രഖ്യാപിച്ചു.

ഇത് ഒരു സാധാരണ കുറ്റകൃത്യം അല്ലെന്നും എക്യരാഷ്ട്ര സമിതി ചാര്‍ട്ടറിന്റെ ലംഘനമാണ് എന്നുമാണ് യു കെ പ്രതിനിധി ജോനാഥന്‍ അലന്‍ സുരക്ഷാ സമിതിയില്‍ വിശദീകരിച്ചത്.

അതേസമയം ലോകകപ്പ് ഫുട്ബോളിന് മുന്‍പായി റഷ്യയുടെ പ്രതിച്ഛായ ലോകത്തിന് മുന്‍പില്‍ വികൃതമാക്കാനുള്ള ശ്രമമാണ് ഇതെന്നാണ് റഷ്യന്‍ പ്രതിനിധി വിസ്സാലി നേബെന്‍സിയ യുകെയുടെ ആരോപണം തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞത്. യു കെ തന്നെ നടത്തിയ വ്യാജ ആക്രമണമാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍