UPDATES

വിദേശം

ഗദ്ദാഫിയില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പൊലീസ് കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗദ്ദാഫിയില്‍ നിന്ന് 50 മില്യണ്‍ യൂറോ (ഏതാണ്ട് 399 കോടിയിലധികം രൂപ) വാങ്ങി എന്നാണ് ആരോപണം. ഇതാദ്യമായാണ് സര്‍കോസിയെ ഈ കേസില്‍ ചോദ്യം ചെയ്യുന്നത്.

കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ലക്ഷക്കണക്കിന് യൂറോ തിരഞ്ഞെടുപ്പ് ഫണ്ടിനായി അനധികൃതമായി സ്വീകരിച്ച കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാരീസിന് സമീപം നാന്‍ടെറിലാണ് സര്‍കോസിയെ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യുന്നത്. 2007ലെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗദ്ദാഫിയില്‍ നിന്ന് 50 മില്യണ്‍ യൂറോ (ഏതാണ്ട് 399 കോടിയിലധികം രൂപ) വാങ്ങി എന്നാണ് ആരോപണം. 2007 മുതല്‍ 2012 വരെ വലതുപക്ഷക്കാരനായ നിക്കോളാസ് സര്‍കോസി ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയയില്‍ നിന്നുള്ള നിയമവിരുദ്ധ ഫണ്ടിംഗ് സംബന്ധിച്ച് 2013ലാണ് അന്വേഷണം തുടങ്ങിയത്. ഇതാദ്യമായാണ് സര്‍കോസിയെ ഈ കേസില്‍ ചോദ്യം ചെയ്യുന്നത്. ഫ്രഞ്ച് നിയമമനുസരിച്ച് പരമാവധി 21 മില്യണ്‍ യൂറോ (ഏതാണ്ട് 168 കോടി രൂപയ്ക്കടുത്ത്) മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാനാവൂ. വിദേശ ഫണ്ട് സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പ് ഫണ്ടിന്റെ സ്രോതസ് വ്യക്തമാക്കുന്നതിലും നിയമലംഘനം നടന്നതായാണ് കണ്ടെത്തല്‍. സര്‍കോസിയുടെ പ്രചാരണത്തിനായി 50 മില്യണ്‍ യൂറോ അനുവദിച്ചതായി ഒരു മുതിര്‍ന്ന ലിബിയന്‍ നേതാവ് സാക്ഷ്യപ്പെടുത്തിയതിന്റെ രേഖ ഇന്‍വെസ്റ്റിഗേറ്റീവ് വെബ് സൈറ്റായ മീഡിയപാര്‍ട്ട് 2012 ഏപ്രിലില്‍ പുറത്തുവിട്ടിരുന്നു. ഈ രേഖകള്‍ ആധികാരികമാണെന്ന് ഫ്രഞ്ച് കോടതി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

താന്‍ പണം നിറച്ച സൂട്ട്‌കേസുകള്‍ കൈമാറിയിരുന്നതായി ഫ്രഞ്ച് – ലെബനീസ് വ്യവസായി സിയാദ് തകീദീന്‍ 2016ല്‍ മീഡിയപാര്‍ട്ടിനോട് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്. ട്രിപ്പോളിയില്‍ നിന്ന് പാരീസിലേയ്ക്ക് 2006 അവസാനവും 2007 ആദ്യവുമായി താന്‍ മൂന്ന് യാത്രകള്‍ നടത്തിയതായും ഓരോ തവണയും 1.5 മില്യണ്‍ യൂറോ മുതല്‍ രണ്ട് മില്യണ്‍ യൂറോ വരെ കൊണ്ടുപോയിരുന്നു. ഗദ്ദാഫിയുടെ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയാണ് തനിക്ക് പണം നല്‍കിയതെന്നും സിയാദ് തകീദീന്‍ പറയുന്നു.

വളരെ സങ്കീര്‍ണമായ ബന്ധമാണ് ഗദ്ദാഫിയുമായി സര്‍കോസിക്കുണ്ടായിരുന്നത്. 2007ല്‍ ഫ്രഞ്ച് പ്രസിഡന്റായി അധികാരമേറ്റയുടന്‍ സര്‍കോസി, ഗദ്ദാഫിയെ ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ 2011ല്‍ ഗദ്ദാഫിക്കെതിരായ വിമത സൈന്യങ്ങള്‍ക്ക് സഹായം നല്‍കിയ നാറ്റോ സൈന്യത്തിന്റെ മുന്‍നിരയില്‍ ഫ്രാന്‍സിനെ സര്‍കോസി നിര്‍ത്തുകയും ചെയ്തു. സര്‍കോസിക്ക് കൊടുത്ത പണം അദ്ദേഹം തിരിച്ച് തരണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൊടുത്തതിന് തെളിവുണ്ടെന്നും 2011 മാര്‍ച്ചില്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം യൂറോ ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം ഗദ്ദാഫിക്കെതിരായ സൈനിക ഇടപെടലിന്റെ രോഷമാണ് ഗദ്ദാഫിയുമായി ബന്ധപ്പെട്ടവര്‍ കാണിക്കുന്നത് എന്നായിരുന്നു സര്‍കോസിയുടെ വാദം. ജനുവരിയില്‍ ഫ്രഞ്ച് വ്യവസായി അലക്‌സാണ്ടര്‍ ദ്യോരിയെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തത് സര്‍കോസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പണം എത്തിച്ചെന്ന സംശയത്തിന്റെ പേരിലായിരുന്നു. 2012ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിലും സര്‍കോസി വിചാരണ നേരിടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍