UPDATES

വിദേശം

ഗള്‍ഫ് മേഖലയിലെ ഇറാനിയൻ ‘കടന്നുകയറ്റങ്ങൾ’ക്കെതിരെ സൌദി; ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാകും

യു.എ.ഇ തീരത്ത് ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപണവുമായി സൌദി ഭരണാധികാരി സല്‍മാന്‍

യു.എ.ഇ തീരത്ത് ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും, അത് ആഭ്യന്തര സുരക്ഷക്കും, ആഗോളതലത്തില്‍ എണ്ണ കയറ്റി അയക്കുന്നതിനും ഭീഷണിയാണെന്നും സൗദി ഭരണാധികാരി സൽമാൻ പറഞ്ഞു. അടിയന്തര അറബ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയുടെ ഓയില്‍ ടാങ്കറുകള്‍ക്കു നേരെ നടന്ന ഡ്രോണ്‍ ആക്രമണവും, യു.എ.ഇ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ ഉള്‍പ്പടെയുള്ള നാലു കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണവും ചര്‍ച്ചചെയ്യാനാണ് അറബ് ഉച്ചകോടി വിളിച്ചു ചേര്‍ത്തത്. ഗള്‍ഫ് മേഖലയിലെ ഇറാനിയൻ ‘കടന്നുകയറ്റങ്ങൾ’ അവസാനിപ്പിക്കാന്‍ നിർണ്ണായകമായ നടപടികള്‍ ആവശ്യമാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സൽമാൻ പറഞ്ഞു.

ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂതി റിബലുകളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നാണ് സൗദി ആരോപിക്കുന്നത്. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉടന്‍തന്നെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിക്കു മുന്‍പില്‍ സമര്‍പ്പിക്കുമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും പറഞ്ഞിരുന്നു.

അതേസമയം, സൗദി അറേബ്യയുടെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ട് ഇറാന്‍ രംഗത്തെത്തി. സൗദിയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഇറാന്റെ ആരോപണം. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് അറബ് ഉച്ചകോടിയില്‍ സൗദി അറേബ്യ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് എന്ന് ഇറാന്‍ പറഞ്ഞു.

ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികൾ ചെറുക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം വഹിക്കണമെന്ന് സൗദി ഭരണാധികാരി ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നും, അന്താരാഷ്ട്ര കടലിടുക്കുകളിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിനു ഭീഷണി സൃഷ്ട്ടിക്കുന്നതിനിൽ നിന്നും ഇറാനെ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ ശക്തികളും ഒത്ത് ചേര്‍ന്ന് ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിലൊന്നും തങ്ങള്‍ തളരില്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍