UPDATES

വിദേശം

അരാംകോ എണ്ണക്കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെ: സൗദി

“ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന കാര്യത്തിൽ ഇനി ചോദ്യങ്ങൾക്ക് സ്ഥാനമില്ല” എന്നാണ് സൗദി പ്രതിരോധ വക്താവ് കേണൽ തുർക്കി അൽ മാൽകി പറഞ്ഞത്.

അരാംകോ എണ്ണക്കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയെന്ന് സൗദി അറേബ്യ. ആക്രമണമുണ്ടായ സ്ഥലത്ത് നിന്നും ലഭിച്ച ഡ്രോണിന്റെയും ക്രൂയിസ് മിസൈലിന്റെയും അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച സൗദി, അതിന് മറുപടി നൽകാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് മേൽ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ആക്രമണത്തിൽ ഉപയോഗിച്ചതായി അവകാശപ്പെടുന്ന 25 ഡ്രോണുകളും ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ വക്താവ് റിയാദിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ചു.

‘വടക്ക് നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന കാര്യത്തിൽ ഇനി ചോദ്യങ്ങൾക്ക് സ്ഥാനമില്ല’ എന്നാണ് സൗദി പ്രതിരോധ വക്താവ് കേണൽ തുർക്കി അൽ മാൽകി പറഞ്ഞത്. എല്ലാ ആയുധങ്ങളും ഇറാനില്‍ നിന്ന് തന്നെയാണ് പ്രയോഗിച്ചത്, അല്ലാതെ യെമനില്‍ നിന്നല്ല എന്നും സൗദി ആരോപിക്കുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും, പിന്നില്‍ ഇറാനാണെന്നും സംഭവം നടന്നതുമുതല്‍
യുഎസ് ആരോപിക്കുന്ന കാര്യമാണ്. അതേസമയം ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇറാന്‍. അപവാദ പ്രചാരണത്തിലൂടെ പരമാവധി സമ്മർദം ചെലുത്തുകയാണെന്നും മേഖലയിൽ സംഘർഷത്തിന് താൽപര്യമില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറഞ്ഞു.

ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ച് പറഞ്ഞ ട്രംപ്പ്, യു.എസ് സൈന്യം തിരിച്ചടിക്ക് തയ്യാറാണെന്നും, സൗദി അറേബ്യയുടെ നിലപാടറിയാന്‍ കാത്തിരിക്കയാണെന്നും പറഞ്ഞിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും മറ്റ് ഉദ്യോഗസ്ഥരും സൗദിയില്‍ എത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തതാണെങ്കിലും തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സ്ഥാപിക്കാനാണ് യുഎസ് ആവര്‍ത്തിച്ചു ശ്രമിക്കുന്നത്.

ആക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവിടണമെന്ന് സൗദിയോട് പല രാജ്യങ്ങളും ആവശ്യപ്പെടുന്നു. വിശദമായ അന്വേഷണത്തിനായി സൗദി അറേബ്യയിലേക്ക് ഒരു അന്താരാഷ്ട്ര വിദഗ്ധ സംഘത്തെ അയച്ചതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് ബുധനാഴ്ച സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഇറാന് മേല്‍ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഉത്തരവിട്ടതായി ട്രംപ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍