UPDATES

പ്രവാസം

നാട്ടുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സൗദി രാജകുമാരന്‍ അറസ്റ്റില്‍

സൗദ് ബിന്‍ അബ്ദുള്‍ അസീസിനെയും കൂട്ടത്തില്‍ ആരെങ്കിലും സഹായികള്‍ ഉണ്ടെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യാന്‍ ബുധനാഴ്ച സല്‍മാന്‍ രാജാവ് ഉത്തരവിട്ടതായി സൗദി അറേബ്യയുടെ ഔദ്യോഗിക ടിവി റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ അത്യപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നടപടിയിലൂടെ പൗരന്മാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ ഒരു രാജകുമാരനെ ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇയാള്‍ ഒരാള്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും മറ്റൊരാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സല്‍മാന്‍ രാജാവാണ് രാജകുമാരനെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും ബുധനാഴ്ച ഉത്തരവിട്ടത്. തലയില്‍ നിന്നും ചോര ഒഴികൊണ്ടിരിക്കുന്ന ഒരാളുടെ നേരെ രാജകുമാരന്‍ തോക്ക് ചൂണ്ടുന്ന വീഡിയോ ആണ് ചൊവ്വാഴ്ച യൂടൂബിലും ട്വിറ്ററിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കൂടാതെ ഒരു മേശപ്പുറത്ത് 18 കുപ്പി ജോണി വാക്കര്‍ വിസ്‌കിയും കുറെ കറന്‍സി നോട്ടുകളും ഇരിക്കുന്ന ദൃശ്യവുമുണ്ട്. ഏകദേശം 7,60,000 പേരാണ് ഈ വിഡിയോ യൂ ടൂബില്‍ കണ്ടത്. സൗദിയില്‍ മദ്യം വില്‍ക്കുന്നതും കുടിക്കുന്നതും നിയമവിരുദ്ധമാണ്. മറ്റൊരു വീഡിയോയില്‍ കാറില്‍ ചോരയൊലിപ്പിച്ചിരിക്കുന്ന ഒരു മനുഷ്യനെ, വീടിന്റെ മുന്നില്‍ കാര്‍ നിറുത്തിയിട്ടതിന്റെ പേരില്‍ ചീത്ത വിളിക്കുന്നതും കാണാം. ഇദ്ദേഹത്തെ രാജകുമാരന്‍ ഇടിക്കുകയും അടിക്കുകയും ചെയ്യുന്നതും കാണാം. ഈ വീഡിയോ ക്ലിപ്പുകള്‍ ‘പൗരന്മാരുടെ മേല്‍ രാജകുമാരന്റെ അതിക്രമം,’ എന്ന ഹാഷ്ടാഗിലാണ് സൗദിയില്‍ വൈറലായത്.

സൗദ് ബിന്‍ അബ്ദുള്‍ അസീസിനെയും കൂട്ടത്തില്‍ ആരെങ്കിലും സഹായികള്‍ ഉണ്ടെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യാന്‍ ബുധനാഴ്ച സല്‍മാന്‍ രാജാവ് ഉത്തരവിട്ടതായി സൗദി അറേബ്യയുടെ ഔദ്യോഗിക ടിവി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവിലുള്ള ശരീ അത്ത് നിയമപ്രകാരം, കോടതി ഉത്തരവുണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട ആരെയും മോചിപ്പിക്കരുതെന്നും അദ്ദേഹം ഉത്തരവിട്ടുണ്ട്. പദവി ചൂഷണം ചെയ്യുന്നതിനും അധികാരം ദുരുപയോഗം ചെയ്യുന്നതിനുമെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ഉത്തരവില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉത്തരവ് പുറത്തുവന്നതിന് ശേഷം, കറുത്ത ടീ-ഷര്‍ട്ടും ചാര നിറമുള്ള പാന്റും ധരിച്ച രാജകുമാരനെ കൈവിലങ്ങും കാലില്‍ ചങ്ങലയും അണിയിച്ച് സുരക്ഷ ജീവനക്കാര്‍ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന വീഡിയോയും പുറത്തുവന്നു. ഇത് 2,50,000 പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ രാജാവിന്റെ നടപടിയെ പ്രകീര്‍ത്തിച്ചപ്പോള്‍ രാജകുടുംബത്തിന്റെ കാര്യം വരുമ്പോള്‍ അധികാരികള്‍ കാണിക്കുന്ന അനാസ്ഥയെ ചിലര്‍ വിമര്‍ശിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീ ചരിത്രപരമായ സൗദി കോട്ടയില്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായതിന്റെ പിറകെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഇവരെ ചോദ്യം ചെയ്തതിന് ശേഷം പിന്നീട് നിരുപാധികം മോചിപ്പിച്ചിരുന്നു.

മാസാമാസം വെളിപ്പെടുത്താത്ത ഒരു സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അലവന്‍സായി നല്‍കുന്നതിന് പുറമെ സൗദി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് രാജ്യത്ത് ചില വിശേഷാധികാരങ്ങളും അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് നിയമനടപടികള്‍ നേരിടുന്നതില്‍ നിന്നും സംരക്ഷണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്യപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവത്തില്‍, ഒരാളെ വെടിവച്ച് കൊന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു സൗദി രാജകുമാരനെ തൂക്കിലേറ്റിയിരുന്നു. ഉറപ്പുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ആളായാണ് 2015ല്‍ അധികാരമേറ്റ സല്‍മാന്‍ രാജാവ് അറിയപ്പെടുന്നത്. പൗരന്മാരോട് പരുഷമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞതിന്റെ പേരില്‍ അദ്ദേഹം ചില മന്ത്രിമാരെ പുറത്താക്കിയിരുന്നു. ഒരു ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കൊട്ടാരത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും അദ്ദേഹം പുറത്താക്കിയിരുന്നു. രാജാവുന്നതിന് മുമ്പ് തലസ്ഥാനമായ റിയാദിന്റെ ഗവര്‍ണറും പ്രതിരോധ മന്ത്രിയുമായിരുന്ന സല്‍മാന്‍ രാജാവ് കുടുംബ വഴക്കുകളില്‍ മധ്യസ്ഥത വഹിക്കുന്ന ആള്‍ എന്നാണ് അറിയപ്പെടുന്നത്. താന്തോന്നികളായ രാജകുമാരന്മാരെ പാര്‍പ്പിക്കുന്നതിന് ഒരു പ്രത്യേക ജയില്‍ തന്നെ അദ്ദേഹം തുറന്നതായും യുഎസ് എംബസിയില്‍ നിന്നും ചോര്‍ത്തപ്പെട്ട ഒരു രേഖയില്‍ പറഞ്ഞിരുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍