UPDATES

വിദേശം

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ രാജി, ട്രംപുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്

പ്രസിഡന്റുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സ്‌പൈസര്‍ തയ്യാറായില്ല. പ്രസിഡന്റിനും പുതിയ ടീമിനും ‘ക്ലീന്‍ സ്ലേറ്റ്’ നല്‍കുന്നതിനാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന ഷോണ്‍ സ്‌പൈസര്‍ ഇന്നലെ രാജിവെച്ചത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നെന്ന് സൂചന. ട്രംപിന്റെ അടുത്ത അനുയായിയും ന്യൂയോര്‍ക്കിലെ സാമ്പത്തിക ഇടപാടുകാരനുമായ അന്തോണി സ്‌കാറമൂച്ചിയെ വൈറ്റ് ഹൗസിന്റെ പുതിയ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി നിയമിച്ചതാണ് സ്‌പെന്‍സറെ ചൊടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപ് ഗവണ്‍മെന്റിലെ ആദ്യത്തെ വ്യക്തിപരമായ അഭിപ്രായവ്യത്യാസം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ രാജിവെച്ചത് മൈക്ക് ഡുപ്‌കെ ആയിരുന്നു. ഇതോടെ കഴിഞ്ഞ മേയ് മുതല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സ്‌പൈസര്‍ക്ക് പകരം ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറ ഹക്കബീ സാന്റേഴ്‌സിനെ തല്‍സ്ഥാനത്ത് നിയമിച്ചതായി അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്‌കാറമൂച്ചി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സാന്റേഴ്‌സും പങ്കെടുത്തിരുന്നു. എന്നാല്‍ പ്രസിഡന്റുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സ്‌പൈസര്‍ തയ്യാറായില്ല. പ്രസിഡന്റിനും പുതിയ ടീമിനും ക്ലീന്‍ സ്ലേറ്റ് നല്‍കുന്നതിനാണ് താന്‍ രാജിവെക്കുന്നതെന്ന് സിഎന്‍എന്നിന്റെ ഡാന്‍ ബാഷ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്ന പ്രസ് സെക്രട്ടറിയെ പ്രകീര്‍ത്തിക്കാന്‍ പ്രസിഡന്റ് ട്രംപും മടിച്ചില്ല. അദ്ദേഹത്തിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി വെള്ളിയാഴ്ച വൈകീട്ട് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ പരിപാടികളുടെ പുതിയ ഘടകങ്ങള്‍ നടപ്പിലാക്കുന്നതിന് പുതിയ കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറിക്ക് സാധിക്കുമെന്ന് മറ്റൊരു പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് വിശ്വാസം പ്രകടിപ്പിച്ചു.

എന്നാല്‍ മാധ്യമങ്ങളുമായി നിരന്തരം കലഹിക്കുന്ന സ്‌പൈസറുടെ പ്രവര്‍ത്തന രീതിക്ക് കടകവിരുദ്ധമായിരുന്നു പുതിയ കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറിയുടെ ആദ്യ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളുമായുള്ള ഭരണകൂടത്തിന്റെ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സഹജാവബോധത്തിന്റെ കാര്യത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഭയാണ് എന്ന് പറഞ്ഞ് ട്രംപിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. സ്‌കാറമൂച്ചിയെ പുതിയ പദവിയിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ തന്നെ സൂചനയുണ്ട്. പക്ഷെ നിയമനം വൈറ്റ്ഹൗസിലെ ആഭ്യന്തര പോരാട്ടത്തിന് പുതിയ രൂപം നല്‍കിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സാമ്പത്തികസഹായം നല്‍കുന്ന സ്‌കാറമൂച്ചി പക്ഷെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിസ്‌കോസിന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കറെയും പിന്നീട് മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷിനെയുമാണ് റിപബ്ലിക്കന്‍ പ്രൈമറികളില്‍ പിന്തുണച്ചത്. നിയമനത്തെ സ്‌പൈസറും ട്രംപിന്റെ പ്രധാന തന്ത്രരൂപകര്‍ത്താവ് സ്റ്റീവ് ബാനോണും എതിര്‍ത്തിരുന്നു എന്നാണ് വൈറ്റ് ഹൗസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും മരുമകന്‍ ജാറദ് കുഷ്‌നറും സ്‌കാറമൂച്ചിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. സൈനിക മേധാവി റെയിന്‍സ് പ്രിബസും നിയമനത്തെ എതിര്‍ത്തിരുന്നെങ്കിലും അത് തുറന്ന് പറഞ്ഞിരുന്നില്ല എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണതലത്തില്‍ പ്രിബസിന്റെ സ്വാധീനം കുറയുന്നതിന്റെ സൂചനയായും പുതിയ നിയമനത്തെ കാണുന്നവരുണ്ട്.

സ്കാറമൂച്ചി

 

എന്നാല്‍, എപ്പോഴും വിവാദങ്ങളില്‍ പെട്ടിരുന്ന സ്‌പൈസറുടെ കാലാവധി സംബന്ധിച്ച് നേരത്തെ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രസ് സെക്രട്ടറിയായി നിയമിതനായതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലെ ജനസാന്നിധ്യത്തെ കുറിച്ചുള്ള വിവാദത്തിന്റെ പേരില്‍ അദ്ദേഹം മാധ്യമങ്ങളോട് കയര്‍ത്തിരുന്നു. മാധ്യമപ്രവര്‍ത്തകരോടുള്ള പരുക്കന്‍ പെരുമാറ്റം തുടരുകയും അബദ്ധങ്ങളുടെ പരമ്പരയ്ക്ക് കെട്ടഴിക്കുകയും ചെയ്തതോടെ അദ്ദേഹം ഒരു കോമാളിയായി മാറാന്‍ തുടങ്ങി. എബിസിയുടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ നടി മെലിസ മക്കാര്‍ത്തി പ്രസ് സെക്രട്ടറിയെ അനുകരിച്ചത് ഇതിന്റെ പ്രതിഫലനമായിരുന്നു. സ്‌പൈസറുടെ ആത്മാര്‍ത്ഥയെ ട്രംപ് തുടക്കം മുതല്‍ സംശയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദൈനംദിന വാര്‍ത്താസമ്മേളനങ്ങളില്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാന്റേഴ്‌സ് കൂടുതലായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ തന്നെ സ്‌പൈസറുടെ ഭാവി തീരുമാനിക്കപ്പെട്ടിരുന്നു. പ്രിബസിന്റെ നാമനിര്‍ദ്ദേശപ്രകാരമാണ് സ്‌പൈസര്‍ നിയമിക്കപ്പെടുന്നത്. എന്നാല്‍ ഇരുവരെയും ട്രംപ് അനുകൂലികള്‍ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.

തന്റെ ആദ്യ വാര്‍ത്തസമ്മേളനത്തില്‍ റഷ്യന്‍ ബന്ധം പോലെയുള്ള വിവാദചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാല്‍ സ്‌കാറമൂച്ചി ശ്രദ്ധിച്ചു. 2016 തിരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ കള്ളവോട്ട് നടന്നിട്ടുണ്ട് എന്ന പ്രസിഡന്റിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അതിനെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും എന്നാല്‍ പ്രസിഡന്റ് അങ്ങനെ പറയുന്നപക്ഷെ അതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ടാവുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിലെ റഷ്യന്‍ കൈകടത്തലിനെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവരന്ന സമയത്താണ് പുതിയ നിയമനം എന്നതും ശ്രദ്ധേയമാണ്. ഒരു റഷ്യന്‍ അഭിഭാഷകയുമായി ട്രംപ് ജൂനിയറും കുഷ്‌നറും ട്രംപിന്റെ പ്രചരണവിഭാഗം മാനേജര്‍ പോള്‍ മനഫര്‍ട്ടും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന സെനറ്റ് കമ്മിറ്റി മൂവരെയും അടുത്തയാഴ്ച വിസ്തരിക്കും. റഷ്യന്‍ അന്വേഷണത്തിന് മറുപടി പറയാന്‍ നിയോഗിക്കപ്പെട്ട നിയമസംഘത്തെ ട്രംപിന്റെ ദീര്‍ഘകാല അഭിഭാഷകനായ മാര്‍ക് കാസോവിറ്റ്‌സ് നയിക്കില്ലെന്ന് വ്യാഴാഴ്ച വ്യക്തമാക്കപ്പെട്ടിരുന്നു. റഷ്യന്‍ വിഷയത്തില്‍ തന്നെ തള്ളിപ്പറഞ്ഞ ജെഫ് സെഷന്‍സിനെ അറ്റോര്‍ണി ജനറല്‍ ആയി നിയമിച്ചതില്‍ ഈ ആഴ്ച ട്രംപ് പരസ്യമായി ഖേദം പ്രകടിപ്പിച്ചതാണ് മറ്റൊരു സംഭവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍