UPDATES

സര്‍ജിക്കല്‍ സ്ട്രൈക്ക് മുമ്പും നടത്തിയിട്ടുണ്ട്; പ്രതിരോധമന്ത്രിയെ തിരുത്തി വിദേശകാര്യ സെക്രട്ടറി

അഴിമുഖം പ്രതിനിധി

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ഇതിനു മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തും ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്ന വാദത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നിഷേധിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് വിദേശകാര്യ സെക്രട്ടറിയുടെ പുതിയ പ്രസ്താവന. മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതിക്കു മുമ്പാകെയായിരുന്നു ജയശങ്കറിന്റെ വിശദീകരണം.

ഇന്ത്യ ആദ്യമായിട്ടാണോ മിന്നലാക്രമണം നടത്തുന്നതെന്ന് സമിതിയുടെ ചോദ്യത്തിനുത്തരമായിട്ട് മുമ്പും ഇന്ത്യ പ്രത്യേക ലക്ഷ്യമിട്ട് നിയന്ത്രിതമായ ഭീകരവിരുദ്ധ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഈ വിവരം ഒരിക്കലും പുറത്തുവിട്ടില്ലെന്നുമാണ് സമിതിക്കു മുന്‍പാകെ ജയശങ്കര്‍ പറഞ്ഞത്.

മിന്നാലാക്രമണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തുറന്നുപറയുന്നത് ഇതാദ്യമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് തെളിവുണ്ടോയെന്ന ചോദ്യത്തിന് സുരക്ഷാ സേന നിയന്ത്രണരേഖ മറികടന്നത് ആക്രമണം നടത്താനാണെന്നും തെളിവുകള്‍ ശേഖരിക്കാനല്ലെന്നുമായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ മറുപടി.

മിന്നലാക്രമണം ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്നും ഭാവിയിലും ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന പാക്കിസ്ഥാനുള്ള താക്കീതാണിത്. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ വീണ്ടും ശ്രമം നടത്തുകയാണെന്നും ചോദ്യത്തിനുത്തരമായി ജയശങ്കര്‍ അറിയിച്ചു.

സമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കരണ്‍ സിങ്, സത്യവ്രത് ചതുര്‍വേഥി എന്നിവരും സിപിഐ(എം)യുടെ മുഹമ്മദ് സലിയും എന്‍സിപിയുടെ ഡിപി ത്രിപദിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍