UPDATES

വിദേശം

യെമനിലെ യു എ ഇ ജയിലുകളില്‍ പൈശാചികമായ ലൈംഗിക പീഡനം; ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത്

അമേരിക്കയുടെ സഖ്യകക്ഷിയായ യുഎഇക്ക് യമനില്‍ അഞ്ച് രഹസ്യ ജയിലുകളുണ്ട്

യുഎഇ-യുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ യമനിലെ ജയിലില്‍ നൂറുകണക്കിന് തടവുകാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മുഖം മറച്ചുപിടിച്ച നിലയില്‍ 15 ഉദ്യോഗസ്ഥർ ഏദനിലെ ബേർ അഹ്മദ് ജയിലിൽ എത്തിയിരുന്നു. അവരുടെ ഉച്ചാരണത്തിൽ നിന്നുമാണ് യു എ ഇയിൽ നിന്നുള്ളവരാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞതെന്ന് ‘അസോസിയേറ്റഡ് പ്രസ്സ്’ റിപ്പോര്‍ട്ട് ചെയ്തു.

നിയമവിരുദ്ധമായി എന്തെങ്കിലും സാധനങ്ങള്‍ കൈവശം വച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെന്ന വ്യാജേന തടവുകാരെ നഗ്നരാക്കി നിറുത്തിയാണ് ചൂഷണം ചെയ്യുന്നത്. അവരുടെ ഉച്ചത്തിലുള്ള നിലവിളികള്‍ കേള്‍ക്കാമായിരുന്നുവെന്നും സഹകരിക്കാത്തവരേയും ചെറുത്തുനിൽക്കുന്നവരെയും മര്‍ദ്ദിച്ചും കുരയ്ക്കുന്ന പട്ടികളെ കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിക്കുന്നതെന്നും ദൃസ്സാക്ഷികൾ പറയുന്നു.

അമേരിക്കയുടെ സഖ്യകക്ഷിയായ യുഎഇക്ക് യമനില്‍ അഞ്ച് രഹസ്യ ജയിലുകളുണ്ടെന്നും കുറ്റവാളികളെ ലൈംഗിക പീഡനത്തിനടക്കം വിധേയമാക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ നടക്കുന്നതിന് യാതൊരു തെളിവുകളുമില്ലെന്നാണ് അമേരിക്കയുടെ നിലപാട്. വാര്‍ത്തയോട് യുഎഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹൂതി വിമതരുമായി തെക്കന്‍ യമനില്‍ സൗദി സഖ്യസേന നടത്തിയ പോരാട്ടത്തിന്‍റെ ഭാഗമായി പ്രദേശം എമിറേറ്റ്സിന്‍റെ നിയന്ത്രണത്തിലാണ്. അൽഖാഇദ – ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് ആരോപിച്ച് നൂറുകണക്കിന് ആളുകളെ ജയിലുകളിലടച്ചിട്ടുണ്ട്. യു.എ.ഇ ഓഫീസർമാരുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന യെമനി ഗാർഡുകൾ പലതരം ലൈംഗിക പീഡനങ്ങളും നടത്തുന്നതായി ദൃസാക്ഷികൾ പറയുന്നു. തടവുകാരെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. ചില ഗാർഡുകൾ അത് കാമറയില്‍ പകര്‍ത്തുന്നു. തടവുകാരുടെ ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുന്നു.

ബേർ അഹ്മദ് ജയിലിലെ തടവുകാര്‍ തന്നെ രഹസ്യമായി പുറത്തുവിട്ട കത്തുകളും ചിത്രങ്ങളുമാണ് അതിക്രമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. അഞ്ച് ജയിലുകളിൽ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൂന്ന് യെമനീ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2015ല്‍ അറബ് സഖ്യസേനയും ഹൂതി വിമതരും തമ്മില്‍ തുടങ്ങിയ യുദ്ധത്തിന്‍റെ ഏറ്റവും ഭീകരമായ ആക്രമണമാണ് ഇന്ന് നടക്കുന്നത്. ഹുദൈദ തുറമുഖത്ത് നിന്ന് ഹൂതി വിമതരെ തുരത്താന്‍ ബോംബാക്രമണം ആരംഭിച്ചുകഴിഞ്ഞു. യെമനില്‍ ഹൂതികളെ ആയുധങ്ങള്‍ കൊടുത്ത് സഹായിക്കുന്നത് ഇറാനാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തോടെ ഹുദൈദ രാജ്യാന്തരവിമാനത്താവളം പൂര്‍ണമായും പിടിച്ചെടുത്തെന്ന് സഖ്യസേന അവകാശപ്പെടുന്നു.

കൂടുതല്‍ വായിക്കാന്‍: ദി ഗാര്‍ഡിയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍