UPDATES

വിദേശം

കെന്നഡി കുടുംബവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു; 50 വര്‍ഷമായി ജയിലില്‍ കിടക്കുന്ന റോബർട് എഫ്. കെന്നഡിയുടെ ഘാതകനായ പലസ്തീന്‍ വംശജന് കുത്തേറ്റു

ദുരന്തങ്ങള്‍ ഒഴിയാബാധ പോലെ പിന്തുടരുന്ന കെന്നഡി കുടുംബം

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായിരിക്കെ വെടിയേറ്റു മരിച്ച റോബർട് എഫ്. കെന്നഡിയുടെ ഘാതകനു ജയിലിലില്‍വെച്ചു കുത്തേറ്റു. അതോടെ കെന്നഡി കുടുംബവുമായി ബന്ധപ്പെട്ട ദുരൂഹ കൊലപാതകങ്ങളും മരണങ്ങളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 1968-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലോസ് ഏഞ്ചല്‍സില്‍വെച്ച് സിർഹാൻ സിർഹാൻ എന്നു പേരുള്ള 22 കാരനായ പലസ്തീൻ യുവാവായിരുന്നു റോബര്‍ട്ടിനുനേരെ നിറയൊഴിച്ചത്. 50 വർഷമായി കലിഫോർണിയയിലെ പ്ലസന്റ് വാലി സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിലാണ് ഇപ്പോള്‍ 75 വയസ്സു പിന്നിട്ട സിർഹാൻ. റോബര്‍ട്ടിന്‍റെ സഹോദരനും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ജോൺ എഫ്. കെന്നഡിയുടെ ഘാതകൻ മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടിരുന്നു. അതിനോട് ചേര്‍ത്തു വായിക്കുമ്പോഴാണ് സിര്‍ഹാനു നേരെയുള്ള വധശ്രമത്തിന് പുതിയ മാനങ്ങള്‍ കൈവരുന്നത്.

ആരാണ് സിർഹാൻ സിർഹാൻ?

യുഎസ് പ്രസിഡന്റിന്റെ കസേരയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റോബർട്ട് കെന്നഡി കൊല്ലപ്പെടുന്നത്. 1968 ജൂൺ 5-ന് ലോസ് ഏഞ്ചൽസിലുള്ള അംബാസഡർ ഹോട്ടലിലെ കിച്ചണില്‍വെച്ച് അദ്ദേഹത്തിന്‍റെ നെഞ്ചിലേക്ക് സിര്‍ഹാന്‍ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സിർഹാൻ സിർഹാനെന്ന ജോർദാൻ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിചാരണക്കോടതിയിൽ വളരെ അസാധാരണമായാണ് സിർഹാൻ പെരുമാറിയിരുന്നത്. എന്തിനാണ് റോബര്‍ട്ടിനെ കൊന്നതെന്ന് ഓര്‍മ്മയില്ലെന്ന ഉത്തരം അയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 1967-ലെ യുദ്ധത്തില്‍ കെന്നഡി ഇസ്രായേലിനെ പിന്തുണച്ചത് വഞ്ചനാപരമായ നിലപാടായിരുന്നു എന്ന് പിന്നീടൊരിക്കല്‍ സിർഹാൻ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രാദേശിക കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും യുഎസ് സുപ്രീം കോടതി അത് ജീവപര്യന്തമാക്കി കുറച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് സിര്‍ഹാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എന്നിട്ടും അയാള്‍ക്ക് കുത്തേറ്റുവെന്നത് അധികൃതരെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. കെന്നഡി സഹോദരന്മാരുടെ വ്യത്യസ്ഥ കാലങ്ങളിലുള്ള കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അമേരിക്കയുടെ ഒരേയൊരു ജെ.എഫ്.കെ

ജോണ്‍ ഫ്രിറ്റ്ജറാള്‍ഡ് കെന്നഡി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനും ഊര്‍ജസ്വലനുമായ പ്രസിഡന്‍റ്. ജെ.എഫ്.കെ എന്നായിരുന്നു ആളുകള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. 1963 നവംബര്‍ 22-ന് ഉച്ചയ്ക്ക് ഏകദേശം ഒരുമണിയോട് അടുത്ത സമയത്ത് ടെക്‌സസിലെ ഡാലസിൽവെച്ച് 24 കാരനായ ലീ ഹാർവി ഓസ്വാൾഡ് എന്ന യുവാവ് കെന്നഡിക്കുനേരെ വെടിയുതിര്‍ത്തത്. ഭാര്യ ജാക്വിലിനും ടെക്‌സസ് ഗവർണർ ജോൺ കോണലിക്കുമൊപ്പം തുറന്ന കാറിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടടുത്ത കെട്ടിടത്തിലെ ആറാം നിലയിൽ നിന്നുമാണ് വെടിയുണ്ടകള്‍ പാഞ്ഞുവന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു ഓസ്വാൾഡ്. ജനപ്രീതിയിലും താരമൂല്യത്തിലും സമാനതകളില്ലാത്ത നേതാവിനെ ഒരു നിമിഷം കൊണ്ടാണ് അമേരിക്കയ്ക്ക് നഷ്ടമായത്.

അതോടെ, കൊലപാതകത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഗൂഡാലോചനാ സിദ്ധാന്തങ്ങളും എല്ലാ സീമകളും ലംഘിച്ച് പ്രചരിക്കാന്‍ തുടങ്ങി. റഷ്യയും ക്യൂബയുമുള്‍പ്പടെയുള്ള അന്നത്തെ അമേരിക്കയുടെ ശത്രു രാജ്യങ്ങളെല്ലാം സംശയത്തിന്‍റെ നിഴലിലായി. എല്ലാം മറ്റൊരു യുദ്ധത്തിലേക്കു നയിച്ചേക്കാം എന്നുവരെ ലോകം ആശങ്കപ്പെട്ടു. കെന്നഡി വധിക്കപ്പെട്ട് ഒന്നര മണിക്കൂറിനകം ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനു തൊട്ടു മുൻപ് മെക്സിക്കോയിലേക്ക് ഓസ്വാൾഡ് യാത്ര നടത്തിയെന്ന വിവരം പുറത്തുവന്നതോടെ എല്ലാ കണ്ണുകളും അമേരിക്കയിലേക്കും റഷ്യയിലേക്കും മാത്രമായി ചുരുങ്ങി.

പിടിയിലായി രണ്ടാം ദിവസം ഓസ്വാൾഡിനെ ഡാലസിലെ പൊലീസ് ആസ്ഥാനത്ത് നിന്ന് കൗണ്ടി ‍ജയിലിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു പോലീസിനെ നടുക്കിയ മറ്റൊരു ദുരന്തം സംഭവിച്ചത്. പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റ ഓസ്വാൾഡ് ഉടന്‍തന്നെ മരണപ്പെട്ടു. പൊലീസ് കയ്യാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയാണ് ഡാലസില്‍ നൈറ്റ് ക്ലബ് ഉടമയായിരുന്ന ജാക്ക് റൂബി എന്നയാള്‍ അയാള്‍ക്കുനേരെ വെടിയുതിര്‍ത്തത്. റൂബി പിന്നീട് ജയിലില്‍വെച്ച് ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ടു. ഇപ്പോഴും കെന്നഡി സഹോദരന്മാരുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ ചുരുളഴിയാതെ കിടക്കുകയാണ്.

‘കെന്നഡി കുടുംബത്തിന്‍റെ ശാപം’

ദുരന്തങ്ങളുടെ ഒഴിയാബാധ ഇന്നും പിന്തുടരുകയാണ് ഐറിഷ് പാരമ്പര്യമുള്ള പ്രമുഖ കത്തോലിക്കാ കുടുംബം കെന്നഡി. കഴിഞ്ഞ വര്‍ഷമാണ് റോബര്‍ട്ട് കെന്നഡിയുടെ മരുമകള്‍ ആത്മഹത്യ ചെയ്യുന്നത്. അന്ന് ‘കെന്നഡി കുടുംബത്തെ വീണ്ടും ശാപം വേട്ടയാടുന്നു’ എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളുടെ പ്രധാന തലക്കെട്ട്. അതിനുശേഷം ഈ മാസമാദ്യം റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളായ സുർഷ കെന്നഡി ഹില്ലും മരണപ്പെട്ടു. അമിതലഹരിമരുന്ന് ഉപയോഗത്തെ തുടർന്നാണു മരണം സംഭവിച്ചത്. പരമ്പരയായി കെന്നഡി കുടുംബത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരൂഹമരണങ്ങളിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അവള്‍.

കെന്നഡി സഹോദരന്മാരുടെ സഹോദരി കാതലീൻ 1948-ൽ ഫ്രാൻസിലേക്കു പോകും വഴി വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. ജെ.എഫ്.കെയുടെ മകന്‍ 1999-ൽ ന്യൂ ജഴ്സിയിൽ നിന്ന് മാസച്യുസിറ്റ്സിലേക്കു വിമാനം പറത്തുന്നതിനിടെ അതു തകര്‍ന്ന് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യയും സഹോദരിയും അക്കൂട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 1984-ലാണ് റോബര്‍ട്ട് കെന്നഡിയുടെ മകന്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച് മരണപ്പെടുന്നത്. അങ്ങിനെ കെന്നഡി കുടുംബത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരുപാടു മരണങ്ങളുടെ അവസാനത്തെ കണ്ണിയായി സുർഷയും. ഇനിയാര് എന്ന് ആശങ്കയോടെ ഉറ്റു നോക്കുകയാണ് അമേരിക്കന്‍ ജനത.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍