UPDATES

വിദേശം

പടിഞ്ഞാറിന്റെ ‘രാക്ഷസി’യുടെ ഓര്‍മ്മ വീണ്ടെടുക്കാന്‍ കറുത്ത ഉടുപ്പും തലേക്കെട്ടും ധരിച്ച് ദക്ഷിണാഫ്രിക്കന്‍ സ്ത്രീകള്‍

വിന്നി മണ്ടേലയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ അവതരണം, സ്വന്തം ഓര്‍മ്മകളുടെ കാവല്‍ക്കാരാകാന്‍ എല്ലായിടത്തുമുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കുമുള്ള ഒരു പാഠമാണ്

വിന്നി മടിക്കെസെല-മണ്ടേല സങ്കീര്‍ണവ്യക്തിത്വമുള്ള ഒരു സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ 81-ആം വയസില്‍ അവര്‍ മരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ വന്ന ചരമക്കുറിപ്പുകളും ഓര്‍മ്മക്കുറിപ്പുകളും അവരുടെ ജീവിതത്തെക്കുറിച്ച് സന്തുലിതമായി പറയാന്‍ ബുദ്ധിമുട്ടിയെന്ന് ക്വാര്‍ട്സില്‍ എഴുതിയ ലേഖനത്തില്‍ ലിന്‍സെ ചുടെല്‍ പറയുന്നു.

‘പിശകിപ്പോയി’ എന്നായിരുന്നു പല ചരമക്കുറിപ്പുകളും അവരെ വിശേഷിപ്പിച്ചത്. ചിലര്‍ വര്‍ണവിവേചനത്തിനെതിരായ ദക്ഷിണാഫ്രിക്കയുടെ സമരത്തിലെ അവരുടെ നേതൃപരമായ പങ്കിനെ പാടെ വിസ്മരിച്ചുകൊണ്ട് അവരുടെ കുറവുകള്‍ മാത്രം ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ നെല്‍സണ്‍ മണ്ടേലയുടെ പരപുരുഷ ബന്ധമുണ്ടായിരുന്ന മുന്‍ ഭാര്യ മാത്രമാക്കി അവരെ ചുരുക്കി.

ആയിരക്കണക്കിന് സ്ത്രീകള്‍ മടിക്കെസെല-മണ്ടേലയുടെ ശൈലിയെ അനുകരിച്ചുകൊണ്ട് ഏപ്രില്‍ 6-നു കറുത്ത വസ്ത്രം ധരിച്ച് കറുത്ത തലേക്കെട്ട് കെട്ടി. “അവര്‍ മരിച്ചിട്ടില്ല, അവര്‍ പെരുകുന്നു” എന്ന സന്ദേശവുമായി, വിന്നിയുടെ മരണശേഷം പ്രചരിക്കുന്ന കഥകളെ ചെറുക്കാന്‍ കൂടിയായിരുന്നു ഇത്.

വിന്നിയുടെ മരണത്തെ പ്രതിരോധിക്കല്‍

വര്‍ണവിവേചനത്തിന്റെ കാലത്തെ പ്രസിഡണ്ട് എഫ് ഡബ്ലിയു ക്ലെര്‍ക്കിന്റെ വാക്കുകളാണ് സോവെറ്റോയില്‍ ജനിച്ചു വളര്‍ന്ന നോമ്പുലെലോ ഇങ്കോനെയേ, 31, തലേക്കെട്ട് പ്രചാരണത്തില്‍ പങ്കുചേരാന്‍ പ്രേരിപ്പിച്ചത്. “അവരുടെ പ്രശസ്തിക്കും ചരിത്രത്തിനും ഒരു ഇരുണ്ട വശമുണ്ട്, ഇതുപോലൊരു സമയത്ത് പരിശോധിക്കേണ്ടതല്ല അത്,” ക്ലെര്‍ക്ക് വിന്നി മണ്ടേലയെക്കുറിച്ച് പറഞ്ഞു. “പലരും മമ്മ വിന്നിയെ ഒരു വിവാദ വ്യക്തിത്വമായാണ് വിശേഷിപ്പിച്ചത്. നിങ്ങള്‍ ശക്തയായ കറുത്ത സ്ത്രീയും ഒരു പോരാളിയുമാകുമ്പോള്‍ അത് പതിവാണ്,” ഇങ്കെനോ പറഞ്ഞു.

വിന്നി മണ്ടേല അനുഭവിച്ച മര്‍ദ്ദനങ്ങളും, ഏകാന്ത തടവും, ഒറ്റപ്പെടുത്തലും, നിരന്തരമായ പീഡനങ്ങളും ചെറുതാക്കിക്കാണിച്ചുകൊണ്ട് ചില പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരെ ഒരു കുപിതയായ കറുത്ത സ്ത്രീ മാത്രമായി ചുരുക്കിക്കാണിക്കാനാണ് ശ്രമിച്ചത്-അവരുടെ കോപത്തിന് ന്യായീകരണമില്ലാത്തതുപോലെ. വര്‍ണ വിവേചനത്തിന്റെ അവസാനകാലത്തും കറുത്ത വര്‍ഗക്കാരോട് പുലര്‍ത്തിയിരുന്ന രീതികള്‍ക്കെതിരെ പരസ്യമായി എതിര്‍ത്തതിനും തന്നെ പീഡിപ്പിച്ച ഭരണസംവിധാനവുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ചതിന് നെല്‍സണ്‍ മണ്ടേലയെ വിമര്‍ശിച്ചതിനും മറ്റ് ചരമക്കുറിപ്പുകളില്‍ അവരെ കടുപ്പക്കാരിയായി വിമര്‍ശിച്ചു.

വിന്നിയുടെ മരണത്തെ (ഏപ്രില്‍ 2) തുടര്‍ന്നുള്ള ഇത്തരം വാര്‍ത്താവതരണങ്ങള്‍ക്കെതിരെ നിരവധി ദക്ഷിണാഫ്രിക്കക്കാര്‍ ട്വിറ്ററിലും ഫെയ്സ് ബുക്കിലും വെല്ലുവിളിച്ചു കൊണ്ട് രംഗത്തെത്തി. ഇത് പല പംക്തിയെഴുത്തുകാരെയും വിന്നി മണ്ടേല ഒരു പുരുഷനായിരുന്നുവെങ്കില്‍ ഇതേ വിമര്‍ശനം കേള്‍ക്കേണ്ടി വരുമായിരുന്നോ എന്ന ചോദ്യം ചോദിക്കാന്‍ നിര്‍ബന്ധിതരാക്കി. ചരിത്രവും ചരമക്കുറിപ്പെഴുത്തുകാരും വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, റൊണാള്‍ഡ് റീഗന്‍, നെല്‍സണ്‍ മണ്ടേലയോടും എത്രയോ ഉദാരമായാണ് പെരുമാറിയത്. എന്നാല്‍ വിന്നിയുടെ വിവാദങ്ങളാണ് അവരുടെ വര്‍ണവിവേചന വിരുദ്ധ സമരത്തിലെ പങ്കിനെക്കാളേറെ പെരുപ്പിച്ചു കാട്ടിയത്.

ഒരുകാര്യം വ്യക്തമാണ്: കറുത്ത സ്ത്രീകളുടെയും ചെറുപ്പക്കാരായ ദക്ഷിണാഫ്രിക്കക്കാരുടെയും പ്രവര്‍ത്തനമാണ് വിന്നി മണ്ടേലയെക്കുറിച്ചുള്ള ആഖ്യാനത്തെ മാറ്റിമറിച്ചത്. മാധ്യമ ശ്രദ്ധയും കൂടുതല്‍ വാര്‍ത്തകളും നടക്കുന്നതു അവരങ്ങനെ ചെയ്യാന്‍ നമ്മള്‍ സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണ്.

വിന്നി മണ്ടേലയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ അവതരണം, സ്വന്തം ഓര്‍മ്മകളുടെ കാവല്‍ക്കാരാകാന്‍ എല്ലായിടത്തുമുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കുമുള്ള ഒരു പാഠമാണ്. കാരണം വംശീയവും ലിംഗവിവേചനം നിറഞ്ഞതുമായ കോണുകളിലൂടെ നോക്കുമ്പോള്‍ നമ്മളെല്ലാം രാക്ഷസികളും അല്ലെങ്കില്‍ അദൃശ്യരുമാണ്.

“മരിച്ചവരെപ്പറ്റി ദോഷം പറയരുത് എന്നാണ്, പക്ഷേ എന്നിക്കതിന് ഒഴിവുകണ്ടെ പറ്റൂ,” യു കെയിലെ വലതുപക്ഷ ടാബ്ലോയിഡ് Daily Mail പംക്തിയെഴുതുന്ന ആന്‍ഡ്ര്യൂ മലോണ്‍ പറഞ്ഞു. “ഇരുണ്ട വശം പൂഴ്ത്തിവെക്കാനാവില്ല.”

“വിന്നി മണ്ടേല ഒരു അസഹ്യയായ, വിഷം തുപ്പുന്ന വ്യക്തിയായിരുന്നു. ജീവിതാവസാനം വരെ സമവായമല്ല വെറുപ്പാണ് അവര്‍ പ്രചരിപ്പിച്ചത്,” ഒരു ചെറുപ്പക്കാരനുമായുള്ള അവരുടെ ബന്ധത്തെയും സോവെട്ടോയില്‍ അവര്‍ ആസൂത്രണം ചെയ്തു എന്നാരോപിക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഇരകളെയും പരമര്‍ശിക്കവേ അയാള്‍ എഴുതി.

പറയാത്ത ചര്‍ച്ച

അതെ. മടിക്കെസെല-മണ്ടേല തിരിച്ചടിയായി അക്രമത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അഴിമതി നടത്തിയിട്ടുണ്ട്. ഒരു വിമോചന നേതാവിന് ചേര്‍ന്ന ഭാര്യയായിരുന്നില്ല. പക്ഷേ അവരുടെ ശത്രുക്കള്‍ നടത്തുന്ന ക്രൂരമായ വിമര്‍ശനം അവര്‍ അര്‍ഹിക്കുന്നില്ല. ഇത്രയും നീണ്ടകാലം നിന്ന ഒരു രാഷ്ട്രീയ ജീവിതത്തെ ഒരൊറ്റ പ്രതിച്ഛായ കൊണ്ട് മാത്രം അളക്കാനാകില്ല.

വര്‍ണവെറിയന്‍ ഭരണകൂടം പോയതിനുശേഷവും അവര്‍ തുടര്‍ന്ന തീവ്ര രാഷ്ട്രീയം ദക്ഷിണാഫ്രിക്കക്കാരുടെ തുടര്‍ന്നുകൊണ്ടിരുന്ന നിരാശയുടെ പ്രതിഫലനമായിരുന്നു. സ്വന്തം സമൂഹത്തിന്റെ നെടുന്തൂണും പാവപ്പെട്ടവരുടെ വക്താവുമായി അവര്‍ തുടര്‍ന്നു. മറ്റുള്ളവര്‍ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത കാലത്ത് വര്‍ണ വെറിയന്‍ ഭരണത്തിനെതിരായി മുന്‍നിരയില്‍ നിന്ന് പതിറ്റാണ്ടുകളോളം ത്യാഗഭരിതമായ പോരാട്ടം നടത്തിയതിന് ദക്ഷിണാഫ്രിക്ക അവരോടു കടപ്പെട്ടിരിക്കുന്നു.

മരണത്തിന് ശേഷം അവരെ ഇത്രയും തീക്ഷ്ണമായി ആക്രമിച്ചപ്പോള്‍, ആ ആഖ്യാനത്തിന്റെ രീതി മാറ്റാന്‍ അവരുടെ അനുകൂലികള്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നു.

“നിങ്ങളൊരു സ്ത്രീയെ അടിക്കുമ്പോള്‍, നിങ്ങളൊരു പാറയില്‍ അടിക്കുകയാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍