UPDATES

വിദേശം

ഇന്റലിജന്‍സ് വിവരം കൈമാറില്ല – വ്യാപാര പങ്കാളിത്തത്തില്‍ മുന്‍ഗണന റദ്ദാക്കിയ ജപ്പാന് ദക്ഷിണ കൊറിയയുടെ തിരിച്ചടി

മുന്‍ഗണനാ വ്യാപാര പങ്കാളിയെന്ന നിലയില്‍ ദക്ഷിണ കൊറിയക്ക് നല്‍കിയിരുന്ന സ്ഥാനം ജപ്പാന്‍ അടുത്തിടെ എടുത്തുകളഞ്ഞിരുന്നു.

ജപ്പാനുമായുള്ള രഹസ്യാന്വേഷണ കൈമാറ്റ ഉടമ്പടി റദ്ദാക്കുന്നതായി ദക്ഷിണ കൊറിയ. മുന്‍ഗണനാ വ്യാപാര പങ്കാളിയെന്ന നിലയില്‍ ദക്ഷിണ കൊറിയക്ക് നല്‍കിയിരുന്ന സ്ഥാനം ജപ്പാന്‍ അടുത്തിടെ എടുത്തുകളഞ്ഞിരുന്നു. അതോടെ ജപ്പാനില്‍ നിന്നും അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആയുധ നിര്‍മ്മാണത്തിനോ സൈനിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കില്ല എന്നുറപ്പിക്കാനായി അധിക പരിശോധന ഉള്‍പ്പടെയുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടിവരും. അതാണ്‌ ദക്ഷിണ കൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്.

‘ഈ സാഹചര്യത്തിൽ, രാജ്യ സുരക്ഷയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിന് പകരമായി ഞങ്ങള്‍ ഒപ്പുവച്ച കരാര്‍ നിലനിർത്തുന്നത് ഞങ്ങളുടെ ദേശീയ താൽ‌പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന്’ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടർ കിം യു-ഗിയൂൺ പറഞ്ഞു.

ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള ‘ജനറൽ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്റ്’ (GSOMIA) 2016-ലാണ് നിലവില്‍ വന്നത്. നാളെയാണ് അത് പുതുക്കേണ്ട അവസാന തീയതി. ഉത്തരകൊറിയയുടെ മിസൈൽ, ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാന്‍ സാധിക്കുമെന്നതായിരുന്നു കരാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതാവട്ടെ ജപ്പാന്‍റെ സുരക്ഷ സംബന്ധിച്ച് നിര്‍ണ്ണായകവുമാണ്. ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണിയെ വിലമതിക്കുന്നതിൽ ദക്ഷിണ കൊറിയ പരാജയപ്പെട്ടു എന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി തകേഷി ഇവയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇനി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രഹസ്യ വിവരങ്ങള്‍ കൈമാറണമെങ്കില്‍ യുഎസ് സൈന്യത്തിന്‍റെ സഹായം വേണ്ടിവരും.

രണ്ടാം ലോകമഹായുദ്ധത്തിനിടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതിന് ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് ജാപ്പനീസ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കൊറിയന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. അതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാൻ തുടങ്ങിയത്. വിധി വന്നതിന് ശേഷം ദക്ഷിണ കൊരിയയിലെക്കുള്ള മൂന്ന് പ്രധാനപ്പെട്ട രാസവസ്തുക്കളുടെ കയറ്റുമതിക്ക് ജൂലൈ മാസംമുതല്‍ ജപ്പാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. കംപ്യൂട്ടര്‍ ചിപ്പുകളും സ്ക്രീനുകളുമടക്കം നിര്‍മ്മിക്കുന്നതിനുള്ള പദാര്‍ത്ഥങ്ങളാണത്. അത് കൊറിയയുടെ ടെക്നോളജി വ്യവസായത്തിന്‍റെ നടുവൊടിക്കുന്ന തീരുമാനമായിരുന്നു. അതിന് മറുപടിയായി ജപ്പാനെ ദക്ഷിണ കൊറിയയുടെ ഫാസ്റ്റ് ട്രാക്ക് എക്സ്പോര്‍ട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അവരും തീരുമാനിച്ചു.

വടക്കുകിഴക്കൻ ഏഷ്യൻ അയൽക്കാർ തമ്മിലുള്ള ബന്ധം കാലങ്ങളായി ഇങ്ങനെയൊക്കെത്തന്നെയാണ്. ഈ തർക്കമിപ്പോള്‍ ടൂറിസത്തേയും സാംസ്കാരിക ബന്ധത്തേയും ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. അടുത്ത ടോക്കിയോ ഒളിമ്പിക്സിൽ കായികതാരങ്ങൾക്കായി പ്രത്യേക കഫറ്റീരിയ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്, കാരണം അവര്‍ തങ്ങളുടെ കായിക താരങ്ങള്‍ക്ക് ഫുകുഷിമയിൽ നിന്നുള്ള ‘മലിനമായ’ ഭക്ഷണം നൽകാന്‍ സാധ്യതയുണ്ടാത്രേ!.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍