പുതുവര്‍ഷ ദിനത്തിലെ പ്രസംഗത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ശീതകാല ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
1950ലെ കൊറിയന്‍ യുദ്ധം അവസാനിച്ച ഘട്ടത്തിലും സമാധാന സന്ധിയില്‍ ഇരു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ദക്ഷിണ, ഉത്തരകൊറിയകള്‍ ഒപ്പുവച്ചിരുന്നില്ല. ഇതുകാരണം സാങ്കേതികമായി ഇരു രാജ്യങ്ങളും ഇപ്പോളും യുദ്ധത്തിലാണ്. 67 വര്‍ഷമായി തുടരുന്ന ഈ ശീതയുദ്ധത്തിനും പരസ്പരമുള്ള പോര്‍വിളികള്‍ക്കും താല്‍ക്കാലിക ശമനമുണ്ടാകുന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിനെ കായികതാരങ്ങളെ അയയ്ക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചിരിക്കുന്നു.
ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവ മിസൈല്‍, ബോംബ് പരീക്ഷണങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷമാണ് ഈ മഞ്ഞുരുകല്‍. അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ ഇരു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. ദക്ഷിണകൊറിയയിലെ പ്യോംഗ്ചാങില്‍ നടക്കുന്ന ശീതകാല ഒളിമ്പികിസിന് ഒരു വലിയ സംഘത്തെ തന്നെ അയ്ക്കാന്‍ ദക്ഷിണകൊറിയ ആവശ്യപ്പെടുകയും ഉത്തരകൊറിയ വളരെ വേഗത്തില്‍ തന്നെ അത് അംഗീകരിക്കുകയുമായിരുന്നു. അത്‌ലറ്റുകള്‍ക്ക് പുറമെ ഒരു ചിയര്‍ ഗ്യാംഗിനേയും കലാകാരന്മാരുടെ സംഘത്തേയും ഉത്തരകൊറിയ അയയ്ക്കും.
എട്ട് വര്‍ഷത്തിന് ശേഷമാണ് ഉത്തരകൊറിയ ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. അതേസമയം സമ്മര്‍ ഒളിംപ്കിസില്‍ 1972 മുതല്‍ തുടര്‍ച്ചയായി ഉത്തരകൊറിയ പങ്കെടുക്കുന്നുണ്ട്. 1984ലെ ലോസ് ഏഞ്ചലസ് ഒളിംപിക്‌സും (യുഎസ്) 1988ലെ സോള്‍ ഒളിംപിക്‌സും (ദക്ഷിണകൊറിയ) ആണ് ഇതിനിടയില്‍ ഉത്തരകൊറിയ ബഹിഷ്‌കരിച്ചത്. കായികരംഗത്തെ സഹകരണം ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തില്‍ ചരിത്രപരമായ നടപടിയാകും. യഥാര്‍ത്ഥത്തില്‍ 1988ലെ ഒളിംപിക്‌സ് ഇരു കൊറിയകളും ഒരുമിച്ച് നടത്താം എന്ന ആലോചനയുണ്ടായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് ഉത്തരകൊറിയ ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയതിന് പുറമെ അത് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. 1987ല്‍ ദക്ഷിണകൊറിയന്‍ വിമാനത്തില്‍ ബോംബ് വച്ച് 115 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഉത്തരകൊറിയയാണ് എന്നായിരുന്നു ദക്ഷിണകൊറിയയുടെ ആരോപണം. 1988ലെ ഒളിംപിക്‌സ് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും ദക്ഷിണകൊറിയ ആരോപിച്ചു.
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ എന്തെങ്കിലും ഉപാധി വച്ചിട്ടുണ്ടോ എന്നറിയില്ല. ദക്ഷിണകൊറിയന്‍ മന്ത്രി ചോ മ്യോംഗ് ഗ്യോനും ഉത്തരകൊറിയന്‍ മന്ത്രി റി സോണ്‍ വോണും നേതൃത്വം നല്‍കുന്ന സംഘങ്ങളാണ് ചര്‍ച്ച നടത്തിയത്. പുതുവര്‍ഷ ദിനത്തിലെ പ്രസംഗത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ശീതകാല ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നു. അതേസമയം ഇതേ പ്രസംഗത്തില്‍ തന്നെ അമേരിക്കയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആണവായുധം തയ്യാറാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിം പറഞ്ഞിരുന്നു. ഉത്തരകൊറിയയെ ഒറ്റപ്പെടുത്തുന്ന തങ്ങളുടെ നയം വിജയം കാണുന്നതിന്റെ സൂചനയാണ് ഉത്തരകൊറിയയുടെ നിലപാട് മാറ്റമെന്നും അമേരിക്ക വിലയിരുത്തുന്നു.
ഇതുവരെ സ്‌കേറ്റിംഗ് താരങ്ങള്‍ മാത്രമാണ് ഇത്തവണത്തെ വിന്റര്‍ ഒളിംപിക്‌സിന് യോഗ്യത നേടിയിരിക്കുന്നത്. ഡെലിഗേഷന്‍ രജിസ്റ്റര്‍ ചെയ്യാനായ ഐഒസി (ഇന്റര്‍നാഷണല്‍ ഒളിംപിക് കൗണ്‍സില്‍) അനുവദിച്ച അവസാന തീയതിയായ ഒക്ടോബര്‍ 31ന് ഉത്തരകൊറിയ ഇത് ചെയ്തിരുന്നില്ല. അതേസമയം ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഉത്തരകൊറിയന്‍ താരങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ഐഒസി പറയുന്നത്.