UPDATES

വിദേശം

ഉത്തര കൊറിയയ്ക്ക് നേരെയുള്ള ‘ഉച്ചഭാഷിണി ആക്രമണം’ ദക്ഷിണ കൊറിയ നിര്‍ത്തുന്നു

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുന്നോടിയായാണ് പുതിയ നീക്കം. ഡസൻ കണക്കിന് ഉച്ചഭാഷിണികളാണ് അതിര്‍ത്തിയിലുടനീളം ദക്ഷിണ കൊറിയ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ നിരന്തരം കെ-പോപ്പ് സംഗീതവും ഉത്തര കൊറിയയെ വിമര്‍ശിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പ്രക്ഷേപണം ചെയ്യുമായിരുന്നു.

ഉത്തരകൊറിയന്‍ അതിർത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെയുള്ള പ്രക്ഷേപണങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി ദക്ഷിണ കൊറിയ. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുന്നോടിയായാണ് പുതിയ നീക്കം. ഡസൻ കണക്കിന് ഉച്ചഭാഷിണികളാണ് അതിര്‍ത്തിയിലുടനീളം ദക്ഷിണ കൊറിയ സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ നിരന്തരം കെ-പോപ്പ് സംഗീതവും ഉത്തര കൊറിയയെ വിമര്‍ശിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പ്രക്ഷേപണം ചെയ്യുമായിരുന്നു. ഇത് അതിര്‍ത്തിയിലെ സായുധസേനക്കും പ്രദേശവാസികള്‍ക്കും കേള്‍ക്കാന്‍ കഴിയും.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചർച്ചകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന് ‘സിയോൾ’ കണക്കുകൂട്ടുന്നത്. ഉത്തര കൊറിയക്കും അവരുടെ അതിർത്തി പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്പീക്കറുകൾ ഉണ്ട്. ഈ നിശ്ശബ്ദത എത്രകാലം തുടരുമെന്ന് അറിയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പിരിമുറുക്കം ലഘൂകരിച്ച് ഉച്ചകോടിക്ക് മുന്‍പായി സമാധാനപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കമെന്ന് ദക്ഷിണ കൊറിയന്‍ വക്താവ് ചോയി ഹോയി ഹിയോൺ പറഞ്ഞു. ‘പരസ്പര വിമർശനങ്ങളും പ്രചരണങ്ങളും അവസാനിപ്പിച്ച് സമാധാനപരമായ ഒരന്തരീക്ഷം സൃഷ്ടിച്ച് പുതിയൊരു തുടക്കം കുറിക്കാന്‍ ഈ തീരുമാനം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി ഉത്തര കൊറിയ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപുമായും സൗത്ത് കൊറിയയുമായും നടക്കാനിരിക്കുന്ന ചരിത്രമായേക്കാവുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. ‘കൊറിയന്‍ ഉപദ്വീപിനെ അണ്വായുധ മുക്തമാക്കുന്നതിലുള്ള സുപ്രധാനമായ തീരുമാനമാണിത്’ എന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂൺ ജെയ് ഇന്‍ പ്രതികരിച്ചു. കൊറിയൻ മേഖലയിലെ സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങളിൽ നിർണായക ചുവടുവയ്പായാണ് ഈ സംഭവവികാസങ്ങളെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍