UPDATES

വിദേശം

സുഡാനില്‍ പട്ടാള ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച 16 പേരെ അറസ്റ്റ് ചെയ്തു

കരസേനയിലേയും നാഷണൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സർവീസിലെയും വിരമിച്ചവര്‍ ഉള്‍പ്പടെയുള്ള സൈനികരും ഉദ്യോഗസ്ഥരും അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്ന് ടിഎംസി ജനറൽ ജമാൽ ഒമർ പറഞ്ഞു.

സൈനിക ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച സുഡാനിലെ പട്ടാള സമിതി (ടിഎംസി) 16 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി സർക്കാർ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് പട്ടാളവും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. കരസേനയിലേയും നാഷണൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സർവീസിലെയും വിരമിച്ചവര്‍ ഉള്‍പ്പടെയുള്ള സൈനികരും ഉദ്യോഗസ്ഥരും അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്ന് ടിഎംസി ജനറൽ ജമാൽ ഒമർ പറഞ്ഞു.

സേന ആ ശ്രമം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്ന് അവകാശപ്പെട്ട അദ്ദേഹം എപ്പോഴാണ് അത് സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. അട്ടിമറി ശ്രമത്തിൽ പങ്കെടുത്ത കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സേനയെന്ന് ഒമര്‍ പറഞ്ഞു. കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമല്ല.  സുഡാനിലെ സൈന്യവും പ്രതിപക്ഷ പ്രതിഷേധ ഗ്രൂപ്പുകളും തമ്മില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ അധികാരം പങ്കിടാനുള്ള ധാരണയിലെത്തിയിരുന്നു.

ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി മെയ് മാസത്തില്‍ അവസാനിച്ചതാണ്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്‍റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് അഭ്യന്തര കലഹം രൂക്ഷമാകിയത്. ആഫ്രിക്കന്‍ യൂണിയന്‍റെ (എ.യു) ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് അവസരമൊരുക്കിയത്.

മൂന്നു വര്‍ഷത്തേക്ക് ഒരു സംയുക്ത സൈനിക-സിവിലിയൻ പരമാധികാര സമിതി രൂപീകരിച്ച് ഭരണം നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായി എ.യു അറിയിച്ചിരുന്നു. കരാർ പ്രകാരം പതിനൊന്നു സീറ്റുകളില്‍ അഞ്ചെണ്ണം വീതം സൈന്യവും പ്രതിപക്ഷവും കൈകാര്യം ചെയ്യും. ബാക്കി വരുന്ന ഒരു സീറ്റില്‍ ഇരുവിഭാഗത്തിനും തുല്യ പങ്കാളിത്തമുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍