UPDATES

വിദേശം

ഓസ്ട്രേലിയൻ ജയിലിലെ ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ച സുഡാനീസ് അഭയാര്‍ത്ഥി തടവുകാരന് സമാധാന പുരസ്‌കാരം

ദാർഫുർ യുദ്ധത്തിനുശേഷം ഓസ്ട്രേലിയൻ സർക്കാരിന്റെ 2013 ലെ അഭയാർത്ഥി നയങ്ങളുടെ ഭാഗമായാണ് നിർബന്ധപൂർവം മുഹമ്മദിനെ മനസ് ദ്വീപിലെ അഭയാർത്ഥി തടവറയിലടയ്ക്കുന്നത്

“ഈ അവാർഡിന് പ്രധാനമായും രണ്ട് സവിശേഷതകളാണുള്ളത്. ഒന്ന്, ഇതാദ്യമായാണ് പടിഞ്ഞാറൻ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ കഥകൾ പുറത്തറിയിക്കുന്ന ഒരു പ്രധാന സമാധാന അവാർഡുണ്ടാകുന്നത്. രണ്ട്, അഭയാർത്ഥി പ്രശ്നങ്ങൾ പരിഗണിച്ച് ഒരാൾക്ക് ഈ അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്”. ഓസ്ട്രേലിയൻ ഭരണകൂട ഭീകരതയ്ക്ക് കുപ്രസിദ്ധിയാർജിച്ച മനസ് ദ്വീപിലെ സുഡാനി അഭയാർത്ഥി അബ്ദുൽ അസിസ് മുഹമ്മദിന് 2019 ലെ മാർട്ടിൻ എന്നൽ സമാധാന പുരസ്‌കാരം നൽകിക്കൊണ്ട് അവാർഡ് കമ്മറ്റി സൂചിപ്പിച്ചതിങ്ങനെയാണ്.

മനസ് ദ്വീപിലെ സ്വാതന്ത്ര്യ നിഷേധത്തിന്റെ കഥകൾ ലോകത്തിനെ പലപ്പോഴായി അറിയിച്ചതിനാണ് ഇദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മരണമുഖത്ത് പോലും സമാധാനമുറപ്പിക്കാനും മനുഷ്യാവകാശത്തിന് വേണ്ടി സംസാരിക്കാനും ധൈര്യം കാണിച്ചവരെയാണ് ഈ അവാർഡിന് പരിഗണിക്കാറുള്ളത്. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ പൈശാചികമായ അഭയാർത്ഥി നയങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ ഈ അവാർഡ് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് പറയുന്നു.

ദാർഫുർ യുദ്ധത്തിനുശേഷം ഓസ്ട്രേലിയൻ സർക്കാരിന്റെ 2013 ലെ അഭയാർത്ഥി നയങ്ങളുടെ ഭാഗമായാണ് നിർബന്ധപൂർവം മുഹമ്മദിനെ മനസ് ദ്വീപിലെ അഭയാർത്ഥി തടവറയിലടയ്ക്കുന്നത്. പിന്നീട് അഞ്ചുവർഷം നീണ്ട അഭയാർത്ഥി തടവ് ജീവിതത്തിന്റെ കഥയാണ് മുഹമ്മദിന് പറയാനുള്ളത്. ഇതിനിടെ സ്വിറ്റ്സർലണ്ടിലെ ജനീവയിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ഇദ്ദേഹം ദ്വീപ് വിട്ട് പുറത്തേക്കിറങ്ങിയത്.

വളരെ കുറച്ച് അഭയാർത്ഥി തടവുകാർക്ക് മാത്രമാണ് ഇത്തരത്തിൽ ദ്വീപ് വിട്ടുപോകാൻ അനുവാദമുള്ളത്. സ്വിറ്റ്സർലൻഡിൽ  മാത്രം സഞ്ചരിക്കാൻ അനുവാദമുള്ള പാസ്സ്പോർട്ടാണ് മുഹമ്മദിന്  നൽകിയിരിക്കുന്നത്. മുഹമ്മദിന്റെ ട്വീറ്റുകളിലൂടെയും തുടർച്ചയായുള്ള ശബ്ദ സന്ദേശങ്ങളിലൂടെയും മനസ് ദ്വീപിലെ അവസ്ഥകൾ ലോകമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. “ഞാൻ ഇപ്പോൾ മനസ് ദ്വീപിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് എന്നാലും എന്റെ മനസ്സിലിപ്പോഴും ആ അഭയാർത്ഥി തടവറയും അവിടുത്തെ അന്തേവാസികളും മാത്രമേയുള്ളൂ.” അവാർഡ് വാങ്ങാനായി ജനീവയിലെത്തിയ മുഹമ്മദ് പറയുന്നു.

അവാർഡ് ചർച്ചയാക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച മുതൽ മനസ് ദ്വീപിലെയും മറ്റ് വിദൂര പസഫിക് ദ്വീപുകളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആസ്ട്രേലിയൻ സർക്കാരിനോട് ആവിശ്യപ്പെട്ടിരിക്കയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍