UPDATES

വിദേശം

സിറിയയില്‍ രാസായുധ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍

വായയിൽ നിന്ന് നുരയും പതയുമൊലിപ്പിച്ച് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടേതടക്കമുള്ള ചിത്രങ്ങൾ പുറത്ത്

സിറിയയിലെ കിഴക്കൻ ഗൗട്ടയിൽ വിമത നിയന്ത്രണത്തിലുള്ള അവസാന പട്ടണമായ ദൂമയിൽ സിറിയൻ സൈന്യത്തിന്‍റെ നരവേട്ട തുടരുന്നു. മാതാപിതാക്കളെയും കുട്ടികളേയും രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തിയതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനകം 42 പേർ കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗൗട്ടയിൽ നടന്നുകൊണ്ടിരിക്കുന്ന ക്ലോറിൻ, സരിൻ തുടങ്ങിയ വിഷവാതകങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള രാസായുധ പ്രയോഗത്തിന്‍റെ തുടർച്ചയാണ് ശനിയാഴ്ച വൈകുന്നേരവും കണ്ടത്. സാധാരണക്കാർക്കായി പ്രത്യേകം നിർമ്മിച്ച ബോംബ് ഷെൽട്ടറിനു സമീപത്ത് വച്ചായിരുന്നു രാസായുധ പ്രയോഗം. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. ജനങ്ങൾ സുരക്ഷിതരാണെന്ന് കരുതി അഭയം തേടിയ സ്ഥലത്താണ് വിഷവാതകം പടര്‍ന്നത്. എന്നാൽ, സൈന്യം രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയൻ വാർത്താ ഏജൻസി ‘സന’ റിപ്പോർട്ട് ചെയ്തു. “ദൂമയിലെ വിമത വിഭാഗമായ ‘ജയ്ഷ് അൽ ഇസ്ലാം’ തകർച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ പരമാവധി നുണ പ്രചാരണം നടത്താനാണ് അവരുടെ ശ്രമം” ‘സന’ വ്യക്തമാക്കി.

വായയിൽ നിന്ന് നുരയും പതയുമൊലിപ്പിച്ച് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടേതടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. “ചികിത്സാ സംവിധാനമുള്ള സ്ഥലത്ത് തന്നെ ബോംബിട്ടതുകൊണ്ടാണ് എന്‍റെ പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതൽ വഷളായത്.” ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ പറഞ്ഞു. കുട്ടികൾക്ക് ഓക്സിജൻ നൽകിയും വെള്ളമൊഴിച്ചു തണുപ്പിച്ചും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീണ്ടു നിന്ന വെടിനിർത്തൽ കരാർ അവസാനിപ്പിച്ചത് ദൂമയിൽ നിന്നും വിഘടനവാദികളെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ്. റഷ്യയുടെ ശക്തമായ പിന്തുണയോടെയാണ് സിറിയൻ സൈന്യം ഈ നരനായാട്ട് നടത്തുന്നത്. ഇപ്പോൾ ദൂമ മാത്രമാണ് വിമതരുടെ പക്കൽ ഉള്ളത്. സിറിയൻ തലസ്ഥാനമായ ദമാസ്ക്കസിൽ നിന്നും വിമതരെ ഒഴിപ്പിക്കാനെന്ന പേരിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി സിറിയൻ സൈന്യം നടത്തുന്ന സൈനിക നടപടികളിൽ രണ്ടായിരത്തോളം പൗരന്മാരാണ് കൊല്ലപ്പെട്ടത്.

അതേസമയം, രാസായുധ പ്രയോഗം നടന്നെന്ന വാർത്തകൾ റഷ്യ നിരസിച്ചു. ഈ വിവരങ്ങൾ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നതായി റഷ്യയുടെ സിറിയയിലെ സമാധാന കേന്ദ്രം മേധാവി മേജർ ജനറൽ യൂറി യെവ്ടുസങ്കോ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍