UPDATES

വിദേശം

കിഴക്കന്‍ ഗോട്ട മറ്റൊരു സ്രെബ്രനിക്കയാണ്; ജീവിക്കുക എന്നതാണ് സിറിയക്കാരുടെ പ്രശ്നം

കിഴക്കന്‍ ഗോട്ടയിലെ ജനങ്ങളെ സംബന്ധിച്ച് ജീവിക്കുക എന്നതാണ് പ്രശ്‌നം. അത് മാത്രമാണ് പ്രശ്‌നം.

സിറിയ പശ്ചിമേഷ്യയുടെ മാത്രം പ്രതിസന്ധിയല്ല. അത് യൂറോപ്പിനേയും ഗ്രസിച്ചിരിക്കുന്ന വലിയ പ്രതിസന്ധിയാണ് എന്നാണ് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ നതാലി നൂഗാഡെ അഭിപ്രായപ്പെടുന്നത്. യൂറോപ്പിന്റെ വലിയ ധാര്‍മ്മിക പ്രതിസന്ധിയാണിത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ലോകത്ത് നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1995ലെ ബോസ്‌നിയന്‍ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ കഴിഞ്ഞത് പോലെ എന്തുകൊണ്ട് ബാഷര്‍ അല്‍ അസദിനെ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാനോ സമ്മര്‍ദ്ദം ചെലുത്താനോ കഴിയുന്നില്ല എന്ന ചോദ്യം പ്രസ്‌ക്തമാണ്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇപ്പോളും മരണക്കണക്കുകള്‍ എണ്ണക്കൊണ്ടിരിക്കുന്നു.

ഈ കൂട്ടക്കൊലയുടെ നേരിട്ടുള്ള ഇരകള്‍ മധ്യ പൂര്‍വ, പശ്ചിമേഷ്യകളിലെ ജനങ്ങളാണെങ്കിലും യൂറോപ്പിനും ഇതിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. 1945ല്‍ രണ്ടാം ലോക യുദ്ധത്തിന് അന്ത്യം കുറിച്ചതിന് ശേഷം ഇനിയൊരിക്കലുമില്ല എന്ന് യൂറോപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും പറഞ്ഞുകൊണ്ടിരിക്കേണ്ടി വരുന്നു. സിറിയ യൂറോപ്പിന്റെ നിസഹായതയുടെ പ്രതീകമാണ് – നതാലിയ അഭിപ്രായപ്പെടുന്നു. സിറിയന്‍ പ്രതിസന്ധിയേയും കൂട്ടക്കൊലയേയും 1995ലെ ബോസ്‌നിയന്‍ കൂട്ടക്കൊലയുമായി തന്നെയാണ് ഗാര്‍ഡിയനില്‍ സൈമണ്‍ ടിസ്ഡാലും താരതമ്യപ്പെടുത്തുന്നത്. കിഴക്കന്‍ ഗോട്ട മേഖല 1995ല്‍ മുസ്ലീം കൂട്ടക്കൊല നടന്ന ബോസ്‌നിയയിലെ സ്രെബ്രനികയെ പോലെയാണ്. 1945ന് ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല എന്ന് യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ വിശേഷിപ്പിച്ച കൂട്ടക്കൊല പോലെ.

ബോസ്‌നിയയിലെ പോലെ ഇവിടെയും സിവിലിയന്മാരെ രക്ഷിക്കാന്‍ ആരും ശ്രമിക്കുന്നില്ല. യുഎസും റഷ്യയും സിറിയക്കാരുടെ ശവങ്ങള്‍ക്ക് മേല്‍ അവരുടെ തന്ത്രപരമായ കളികളിലാണ്. ദുരിതാശ്വാസ ഏജന്‍സികളുടെ അഭ്യര്‍ത്ഥനകള്‍ക്ക് ആരും മറുപടി നല്‍കുന്നില്ല. ഈ രാജ്യത്തിന്റെ ഭാവി ഭാഗധേയം ആരും നിര്‍ണയിക്കും എന്ന കാര്യത്തിലാണ് അവരുടെ ശ്രദ്ധ. സിറിയ വെട്ടിമുറിക്കുകയാണെങ്കില്‍ ഓരോ മേഖലയുടേയും നിയന്ത്രണം എങ്ങനെ ആയിരിക്കും എന്നും മറ്റും.

ട്രംപ് ഗവണ്‍മെന്റിനെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ ഹെറാത് മുതല്‍ ലെബനനിലെ ബേക വാലി വരെ നീളുന്ന ഇറാന്റെ ഷിയാ പ്രദേ സ്വപനം സാക്ഷാത്കരിക്കപ്പെടാതിരിക്കുന്നതിനും മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്നത് തടയുന്നതിനുമാണ് പ്രാധാന്യം. തുര്‍ക്കികളെ സംബന്ധി്ച്ചാണെങ്കില്‍ കുര്‍ദുകളെ അടിച്ചമര്‍ത്തുക എന്നതാണ് ലക്ഷ്യം. വളാദിമിര്‍ പുടിനാണെങ്കില്‍ അധികാരവും നിയന്ത്രണവും. എന്നാല്‍ കിഴക്കന്‍ ഗോട്ടയിലെ ജനങ്ങളെ സംബന്ധിച്ച് ജീവിക്കുക എന്നതാണ് പ്രശ്‌നം. 2011 മുതലുള്ള മരണക്കണക്ക് എടുത്താല്‍ കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം റെക്കോഡാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് ആശുപത്രികള്‍ ബോംബ് ചെയ്യപ്പെട്ടു.

സ്രെബ്രനികയില്‍ 8000ത്തോളം മുസ്ലീം പുരുഷന്മാരും ആണ്‍കുട്ടികളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കശാപ്പ് ചെയ്യപ്പെട്ടു. 25,000നും 30,000നും ഇടയില്‍ ബോസ്‌നിയന്‍ മുസ്ലീം സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നു. അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ ഇതിനെ വിലയിരുത്തിയത് വംശഹത്യ ആയാണ്. 2013ല്‍ സിറിയയില്‍ രാസായുധ പ്രയോഗത്തില്‍ കൊല്ലപ്പെട്ട കുട്ടികളടക്കമുള്ളവരുടെ ചിത്രങ്ങള്‍ ലോകം മറന്നിരിക്കുന്നു. സിവിലയന്മാരെ കൊന്നൊടുക്കുന്ന ഈ യുദ്ധക്കുറ്റം, പൈശാചികത ആവര്‍ത്തിക്കുകയാണ്. സിറിയയ്ക്ക് നീതി കിട്ടുമ്പോളേക്ക് എത്ര കുട്ടികള്‍ കൂടി മരിച്ചുവീഴും എന്നാണ് ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍