UPDATES

വിദേശം

ഭീകരരുടെ ഒളിത്താവളങ്ങള്‍ ഉന്മൂലനം ചെയ്യാനെന്ന വ്യാജേന സിറിയയില്‍ അഭയാര്‍ത്ഥികളുടെ വീടുകള്‍ തകര്‍ത്ത് അസദ് ഭരണകൂടം

എട്ട് വർഷത്തെ ആഭ്യന്തര യുദ്ധം ഏതാണ്ട് അവസാനിക്കുമ്പോള്‍ മാതൃരാജ്യത്തേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരെയാണ് ഈ നടപടികള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്

സിറിയയില്‍ അഭയാര്‍ത്ഥികളുടെ വീടുകള്‍ തകര്‍ക്കുന്ന തിരക്കിലാണ് അസദ് ഭരണകൂടം. വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും മനുഷ്യത്വ വിരുദ്ധമായ നീക്കങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആഭ്യന്തര യുദ്ധം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്ത പട്ടണങ്ങളില്‍ അതിനെ അതിജീവിച്ച അപൂര്‍വ്വം ചില കെട്ടിടങ്ങള്‍ മാത്രമാണുള്ളത്. യുദ്ധാനന്തര നടപടികളുടെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ മാത്രമാണിതെന്നാണ് ഭരണകൂടം വിശദീകരിക്കുന്നത്.

സൈന്യത്തിന്‍റെ ഈ നടപടിയില്‍ ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരും വിശകലന വിദഗ്ദ്ധരും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധാനന്തരം ആകെ അലങ്കോലമായിക്കിടക്കുന്ന അവസ്ഥയെ മുതലെടുത്തുകൊണ്ട് എല്ലായിടങ്ങളിലും പിടിമുറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ ഭയക്കുന്നു. ബാഷർ അൽ-അസദിന്‍റെ ഈ നടപടിക്കെതിരെ പ്രതികരിക്കുന്ന വിഭാഗങ്ങള്‍ക്കെതിരെയും സൈനിക ക്ലിയറന്‍സിന്‍റെ പേരുപറഞ്ഞ് പ്രതികാര നടപടികള്‍ സ്വീകരിക്കപ്പെടുന്നുണ്ട്.

യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടു 2018 സെപ്തംബർ മുതൽ ഡിസംബർ വരെ മാത്രം യുദ്ധാനന്തര നടപടിക്രമങ്ങളുടെ ഭാഗാമായി 344 സ്ഫോടനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ‘തുരങ്കങ്ങളും ഹെഡ്ക്വാർട്ടേഴ്സുകളും തകര്‍ക്കുകയാണ്, ഭീകര സംഘടനകളുടെ സ്ഫോടന ഉപകരണങ്ങളും വെടിയുണ്ടകളും മറ്റും ഉന്മൂലനം ചെയ്യുകയാണ് തുടങ്ങി ഓരോ സ്ഫോടനങ്ങള്‍ക്കും സര്‍ക്കാര്‍ ഓരോ കാരണങ്ങൾ പറഞ്ഞിരുന്നു. പക്ഷെ, എല്ലാം അവശേഷിക്കുന്ന വീടുകള്‍ക്കു നേരെയാണ് പ്രയോഗിച്ചിരിക്കുന്നത്’ എന്ന് ഇനിയും പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നവംബറിൽ ഖാബൂനില്‍ നടന്ന സൈനിക നടപടിക്ക് മുന്‍പ് പ്രതിരോധ മന്ത്രാലയം നല്‍കിയ വിശദീകരണം ഇങ്ങനെയാണ്; ‘ഭീകരരുടെ ഒളിത്താവളങ്ങളില്‍ അവശേഷിക്കുന്ന യുദ്ധോപകരണങ്ങള്‍ ഉന്മൂലനം ചെയ്യുകയാണ്’ എന്നാണ്. അതിന്‍റെ ഭാഗമായി ഒരു ഭവന സമുച്ചയംതന്നെ പട്ടാളം ബോംബിട്ടു തകര്‍ക്കുന്നത് പ്രദേശവാസികള്‍ ചിത്രീകരിച്ചിരുന്നു. ഇത്തരത്തിലുള്ള നശീകരണ പ്രവർത്തനങ്ങൾ ഒരു നിത്യ സംഭവമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ട് വർഷത്തെ ആഭ്യന്തര യുദ്ധം ഏതാണ്ട് അവസാനിക്കുമ്പോള്‍ മാതൃരാജ്യത്തേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരെയാണ് ഈ നടപടികള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. വിദേശ രാഷ്ട്രങ്ങളില്‍ അഭയംതേടിയ ലക്ഷക്കണക്കിന് മനുഷ്യരാണ് ഇതോടെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. 12 ദശലക്ഷത്തിലധികം ആളുകളാണ് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് ഓടിപ്പോയത്. 5.6 ദശലക്ഷം പേര്‍ പലായനം ചെയ്തു. 6.6 മില്ല്യൻ ജനങ്ങള്‍ മാറ്റിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതരായി.

അഭയാർഥികളായി പോയവരോട് തിരികെ വരാനും, ‘സത്യസന്ധ’രായവരോട് ക്ഷമിക്കുമെന്നും അസദ് പറഞ്ഞിരുന്നു. എന്നാൽ നൂറുകണക്കിനാളുകൾ അറസ്റ്റിലായത്. പലരും പലവിധ പീഡനങ്ങള്‍ക്കും വിധേയരാകുന്നു. മറ്റുചിലര്‍ തെരുവുകളില്‍ അപമാനിക്കപ്പെടുന്നു. കലാപസമയത്ത് 45 പുതിയ ഭവന നിയമങ്ങളും അസദ് ഭരണകൂടം പാസാക്കിയിട്ടുണ്ട്. അദ്ദേഹത്തെ എതിര്‍ക്കുന്നവരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും എല്ലാ സമ്പത്തും ജപ്‌തി ചെയ്യാന്‍ വേണ്ടി മാത്രം.

Read More: പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍