UPDATES

വിദേശം

അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്‍ ആക്രമണം; 126 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാന്‍ സൈനിക ക്യാമ്പിന് നേരെ വീണ്ടും താലിബാന്‍ ആക്രമണം. 126 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇതില്‍ എട്ട് സ്‌പെഷ്യല്‍ കമാന്‍ഡോകളും ഉള്‍പ്പെടും. സെന്‍ട്രല്‍ മെയ്ഡാന്‍ വാര്‍ഡാക്കിലെ സൈനിക പരിശീലന ക്യാമ്പിന് നേരെയാണ് തിങ്കളാഴ്ച്ച അപ്രതീക്ഷിതമായ താലിബാന്‍ ആക്രമണം ഉണ്ടായത്.

തിങ്കള്‍ രാവിലെ സ്‌ഫോടന വസ്തുക്കള്‍ നിറച്ച കാറില്‍ അക്രമികള്‍ ഒരു മിലിട്ടറി ചെക്ക് പോയിന്റ് വഴി പാഞ്ഞു വരികയായിരുന്നുവെന്നും നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ ഡി എസ്) ക്യാമ്പസ്സില്‍ വെച്ച് അത് പൊട്ടിത്തെറിക്കുകയായിരിരുന്നുവെന്നും ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോംബ് ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തേക്ക് പ്രവേശിച്ച ആയുധധാരികളായ രണ്ട് പേര്‍ മറ്റ് പട്ടാളക്കാര്‍ക്കുനേരെയും വെടി ഉതിര്‍ത്തു. പിന്നീട് സൈന്യവുമായി നടന്ന ദീര്‍ഘ നേരെത്തെ ഏറ്റുമുട്ടലില്‍ ഈ രണ്ട് ആക്രമികള്‍ക്കും വെടിയേറ്റു. അമേരിക്കന്‍ നിര്‍മിത വാഹനങ്ങളാണ് ആക്രമികള്‍ സ്‌ഫോടനനത്തിനായി ഉപയോഗിച്ചതെന്ന് പ്രതിരോധ വകുപ്പ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.

‘രാജ്യത്തിന്റെ ശത്രുക്കള്‍’ നമ്മുടെ സുരക്ഷാ സംവിധാനത്തിന് നേരെ ആസൂത്രിതമായ ഒരു ആക്രമണമാണ് നടത്തിയിരിക്കുന്നതെന്നും അതില്‍ നമ്മുടെ ഏറ്റവും പ്രീയപ്പെട്ട സഹോദരങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖനി മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്കോ, അവര്‍ക്ക് സഹായം നല്‍കുന്ന വിദേശ ശക്തികള്‍ക്കോ ഇങ്ങനെ ഒന്നും എന്റെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ തകര്‍ക്കാനാകില്ലെന്നും, ഓരോ പട്ടാളക്കാരനും സ്വന്തം രാജ്യത്തെ പ്രതിരോധിക്കാനുള്ള ഉറച്ച ഇഛാശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ ഏറ്റവും അധികം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 2018 ല്‍ മാത്രം 2,800 ഓളം ഉദ്യോഗസ്ഥരാണ് വിവിധ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ പോലീസ് ഉദ്യോഗസ്ഥരും സൈനികരും ഉള്‍പ്പെടും. വിവിധ ആക്രമണങ്ങളായിലായി പരിക്കേറ്റ് കിടപ്പിലായ ഉദ്യോഗസ്ഥരുടെ എണ്ണം അതിലും കൂടുതലാണ്. തിങ്കളാഴ്ച്ച നടന്നത് താലിബാന്‍ ആക്രമണം തന്നെയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍