UPDATES

വിദേശം

തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എര്‍ദോഗന് വന്‍ വിജയം; ജനവിധിയുടെ അട്ടിമറിയെന്ന് പ്രതിപക്ഷം

ഫലം പുറത്തുവരുന്നതിനു മുന്‍പ് എര്‍ദോഗന്‍ സ്വയം ജേതാവായി പ്രഖ്യാപിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഫലം അട്ടിമറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തി.

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് തയിപ് എര്‍ദോഗന് തിളക്കമാര്‍ന്ന വിജയം. ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്‍ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറിയ ശേഷമുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയിച്ചത്. മുഖ്യ എതിരാളിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാവ് മുഹര്‍റം ഇൻജെ 31 ശതമാനം വോട്ടുകളാണ് നേടിയത്. എര്‍ദോഗനും ഇൻജെയുമുൾപ്പെടെ ആറു സ്ഥാനാർഥികളാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.

പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ നൽകിയതോടെ രാജ്യത്ത് നടക്കാൻ പോകുന്നത് ഏകാധിപത്യമായിരിക്കുമെന്ന വിമർശനങ്ങള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പിലാണ് എര്‍ദോഗന്‍ ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്. ഇതോടെ എര്‍ദോഗന്‍ അട്ടിമറിയിലൂടെ നേടിയതാണ് ഹിതപരിശോധനാഫലമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന്‍റെ മുനയൊടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2003 മുതൽ പ്രധാനമന്ത്രിയായും 2014നു ശേഷം പ്രസിഡന്റായും 16 വർഷമായി തുർക്കിയെ നയിക്കുന്നഎര്‍ദോഗന് തന്‍റെ രാഷ്ട്രീയജീവിത്തില്‍‌ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ പൊതുതെരഞ്ഞെടുപ്പ്.

അതേസമയം, ഫലം പുറത്തുവരുന്നതിനു മുന്‍പ് എര്‍ദോഗന്‍ സ്വയം ജേതാവായി പ്രഖ്യാപിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഫലം അട്ടിമറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തി. ‘ഈ രാഷ്ട്രം എന്നെ പ്രസിഡന്‍റായി തിരഞ്ഞെടുത്തിരിക്കുന്നു’ എന്നാണ് ഔദ്യോഗിക ഫലം പുരത്തുവരുന്നതിനു മുന്‍പ് എര്‍ദോഗന്‍ പറഞ്ഞത്. തുര്‍ക്കിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്‍റെ മറ്റൊരു പരീക്ഷണം കൂടെ നമ്മള്‍ വിജയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുഭവജ്ഞാനമാണ് ഒരു പ്രസിഡന്റിനുണ്ടായിരിക്കേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ പുതിയ സംവിധാനത്തിനുകീഴിൽ തുർക്കി ഉയരങ്ങൾ കീഴടക്കുമെന്നും എര്‍ദോഗൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം പറഞ്ഞിരുന്നു. സര്‍വെഫലങ്ങളെല്ലാം ഇ‍ഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. തുര്‍ക്കിയിലെ വോട്ടവകാശം ഉള്ളവരില്‍ 90% പേരും വോട്ട് ചെയ്തു. ചരിത്രത്തിലാദ്യമായാണ് തുര്‍ക്കിയില്‍ ഇത്രയും പേര്‍ വോട്ടു രേഖപ്പെടുത്തുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍