UPDATES

വിദേശം

ഒബാമ ഗവണ്‍മെന്റിനെതിരെ ട്രംപ് ഇസ്രയേല്‍ ചാരന്മാരുടെ സഹായം തേടി

‘അസാധാരണവും ഗുരുതരവുമായ ആരോപണങ്ങളാണിത്. പക്ഷെ, അതിലെല്ലാം ഉപരിയായി ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ജമിൻ നെതന്യാഹുവും ചേര്‍ന്ന് ആണവ കരാര്‍ അട്ടിമറിക്കാന്‍ തയ്യാറെടുക്കുന്നത് കൂടാതെ അതുമായി ബന്ധപ്പെട്ടവരെക്കൂടി അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്’ – ഇറാൻ ആയുധ നിയന്ത്രണ കരാറിന് മുൻകയ്യെടുത്ത വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ പറഞ്ഞു.

യു.എസ്-ഇറാന്‍ ആണവകരാര്‍ ഒപ്പിടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒബാമ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ‘വൃത്തികെട്ട’ കാമ്പയിന്‍ നയിക്കാന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലില്‍ നിന്നുള്ള ഒരു സ്വകാര്യ ഇന്‍റലിജൻസ് ഏജൻസിയുടെ സഹായം തേടിയിരുന്നതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു. ബറാക് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്ന ബെൻ റോഡ്സിലിനേയും, ഡെപ്യൂട്ടി അസിസ്റ്റന്‍റായിരുന്ന കോളിൻ കാഹ്ലിനേയും അപകീര്‍ത്തിപ്പെടുത്താനും ആണവക്കാരാര്‍ മരവിപ്പിക്കാനും വേണ്ടി ട്രംപ് ക്യാമ്പ് കഴിഞ്ഞ വര്‍ഷം സ്വകാര്യ അന്വേഷണ സംഘത്തെ സമീപിച്ചിരുന്നതയാണ് വെളിപ്പെടുത്തല്‍. മെയ് 12-ന് മുന്‍പ് ഇറാനുമായുള്ള ആണവക്കരാര്‍ അവസാനിപ്പിക്കുവാനോ തുടരുവാനോ ഉള്ള തീരുമാനമെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണമായ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ളത്‌.

‘അസാധാരണവും ഗുരുതരവുമായ ആരോപണങ്ങളാണിത്. പക്ഷെ, അതിലെല്ലാം ഉപരിയായി ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ജമിൻ നെതന്യാഹുവും ചേര്‍ന്ന് ആണവ കരാര്‍ അട്ടിമറിക്കാന്‍ തയ്യാറെടുക്കുന്നത് കൂടാതെ അതുമായി ബന്ധപ്പെട്ടവരെക്കൂടി അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്’ ഇറാൻ ആയുധ നിയന്ത്രണ കരാറിന് മുൻകയ്യെടുത്ത് പരിശ്രമിച്ച വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ പറഞ്ഞു. ഇത്തരത്തിലുള്ള വൃത്തികെട്ട കളികള്‍ നടത്താനല്ല തന്ത്രപരമായ കരാറുകള്‍ കൊണ്ടുവരുന്നതെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അന്തർദേശീയ സമാധാന ഉടമ്പടികളില്‍ അഗ്രകണ്യനായ ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞൻ പ്രതികരിച്ചു.

ഒരു വർഷം മുൻപ്, പ്രസിഡന്‍റായി തെരെഞ്ഞെടുത്ത ശേഷമുള്ള ആദ്യ ഇസ്രയേല്‍ സന്ദർശനത്തില്‍ തന്നെ, സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ട്രംപിന്‍റെ സംഘം ബന്ധപ്പെട്ടിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയ ട്രംപ് 2015-ലേ കരാറിന് ശേഷം തങ്ങള്‍ക്കെന്തുമാകാം എന്ന ധാരണയിലാണ് ഇറാനെന്നും അഭിപ്രായപ്പെട്ടിരുന്നു. ബെൻ റോഡ്സിലിന്‍റെയും കോളിൻ കാഹ്ലിന്‍റെയും സ്വകാര്യ ജീവിതത്തെ കുറിച്ചുകൂടി അന്വേഷണം നടത്താന്‍ സ്വകാര്യ ഇന്‍റലിജൻസ് ഏജൻസി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി രേഖകളുണ്ട്. മാത്രവുമല്ല, ഇറാനിലെ ഇടനിലക്കാരുമായി എന്തെങ്കിലും തരത്തിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നോ എന്നും കരാറിന്‍റെ ഭാഗമായി സ്വകാര്യമോ രാഷ്ട്രീയപരമോ ആയ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രൊട്ടോക്കോള്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രമുഖ അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരെ സമീപിക്കുവാനും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വൈറ്റ്ഹൌസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതാദ്യമായല്ല ട്രംപുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ഇത്തരം കള്ളപ്രചാരണങ്ങള്‍ ഉണ്ടാകുന്നത്. നേരത്തേ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹിലാരി ക്ലിന്‍റനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇതേ ടീമിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇറാന്‍റെ രഹസ്യ ആണവ പദ്ധതിയെക്കുറിച്ചു ചാരസംഘടന ശേഖരിച്ച തെളിവുകളുടെ വിശദാംശങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി പുറത്തുവിട്ടശേഷമാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ രേഖകളെല്ലാം ഇറാന്‍-യുഎസ് ആണവ കരാറിന്‍റെ സമയത്തുതന്നെ പുറത്തുവന്നവയാണെന്നും നിലവില്‍ ഇറാന്‍ ആണവ പരീക്ഷണമൊന്നും നടത്തുന്നില്ലെന്നുമാണ് രാജ്യാന്തര വിദഗ്ദ്ധര്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍