UPDATES

വിദേശം

ഫ്രാന്‍സില്‍ ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വെടിവെച്ചുകൊന്നു

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ഫ്രാന്‍സിലെ കാര്‍കാസ്സന്‍ നഗരത്തില്‍ തോക്കുധാരി മൂന്നു പേരെ വെടിവെച്ചുകൊന്നു. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രെബ്സ് നഗരത്തിലെ സൂപ്പര്‍മാര്‍ക്കാറ്റില്‍ അന്‍പതോളം പേരെ ബന്ദിയാക്കിയ ആക്രമിയെ മൂന്നു മണിക്കൂറിനൊടുവില്‍ പോലീസ് വെടിവെച്ചുകൊന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

മൊറോക്കയില്‍ ജനിച്ച ഇപ്പോള്‍ കാര്‍കാസ്സനില്‍ താമസിക്കുന്ന 25കാരനായ റെദൌന്‍ ലാക്ദിമാണ് അക്രമി എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുകിട കുറ്റകൃത്യങ്ങളിലും മയക്കു മരുന്ന് കച്ചവടത്തിലും ഉള്‍പ്പെട്ടിട്ടുള്ള ആളാണ് ഇയാള്‍ എന്നു പോലീസ് പറഞ്ഞു. തീവ്രവാദവും സലഫി പ്രസ്ഥാനങ്ങളുമായുള്ള ഇയാളുടെ ബന്ധം കാരണം 2016 മുതല്‍ 2017 വര്‍ഷങ്ങളില്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഫ്രാങ്കോയിസ് മോളിന്‍സ് പറഞ്ഞു.

പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണ്‍ രണ്ടുവര്‍ഷത്തെ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ച നടന്നത്. ‘നമ്മുടെ രാജ്യത്തിന് നേരെ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നു,’ എന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാക്രോണ്‍ പറഞ്ഞു.

വെള്ളിയാഴ്ച 10 മണിയോടെ ലാക്ദീമ് കാര്‍കാസനിന്റെ പ്രാന്തപ്രദേശത്ത് വെച്ചു ഒരു ഒപെല്‍ കോര്‍സ കാര്‍ തടഞ്ഞു നിര്‍ത്തുകയും അതിലെ യാത്രക്കാരനെ കൊല്ലുകയും ഡ്രൈവറെ മുറിവേല്‍പ്പിക്കുകയും ചെയ്തുകൊണ്ടാണ് ആക്രമണത്തിന് തുടക്കമിട്ടത്. അവിടെ നിന്നും മിലിറ്ററി ബാരക്കിനടുത്ത് എത്തിയ ലാക്ദീമ് റയറ്റ് പോലീസ് സ്ക്വാഡിന് നേരെ വാഹനമോടിച്ചു കയറ്റുകയും നാലു ഓഫീസര്‍മാര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു.

അവിടെ നിന്നും 8 കിലോമീറ്റര്‍ അകലേയുള്ള ട്രെബ്സിലെ സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ലാക്ധിമ് 11 മണിയോടെ ആളാഹൂ അക്ബര്‍ എന്നു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്നു ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളിയാണ് എന്നാണ് ലാക്ധിമ് പറഞ്ഞത്. 50 പേരോളം സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു. ലാക്ദിമിന്റെ വെടിയേറ്റ് രണ്ടു പേര്‍ അവിടെ കൊല്ലപ്പെട്ടു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറിയ സുരക്ഷാ സേന ആക്രമിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.

അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും തെളിവുകള്‍ ഒന്നും നിരത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ് എന്നു പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍