UPDATES

വിദേശം

‘അധികാര ദുര്‍വിനിയോഗം നടത്തിയത് ഞാനല്ല’; ജോ ബിഡനെതിരെ അഴിമതി ഉന്നയിക്കാന്‍ ഉക്രേനിയൻ പ്രസിഡന്‍റിനെ ഫോണ്‍ വിളിച്ചു എന്ന ആരോപണത്തില്‍ ട്രംപ്

ജോ ബിഡന്‍റെ മകനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രെയ്ൻ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് ട്രംപ് എട്ടു തവണ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് ആരോപണം

ജോ ബിഡനെതിരായ നീക്കത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനെതിരെ ‘അധികാര ദുർവിനിയോഗം’ ആരോപിച്ചുകൊണ്ട് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ട ട്രംപിന്‍റെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ‘തെറ്റായ രീതിയില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല’ എന്നാണ് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലൻസ്കിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ട്രംപ് പറഞ്ഞത്.

ജോ ബിഡന്‍റെ മകനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രെയ്ൻ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് ട്രംപ് എട്ടുവണ സെലൻസ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാന്‍ മത്സരിക്കുന്നവരില്‍ മുന്‍പന്തിയിലുള്ള ആളാണ്‌ ജോ ബിഡന്‍. ഒബാമയുടെ ഭരണകാലത്ത് അദ്ദേഹം വൈസ് പ്രസിഡന്റായിരിക്കുമ്പോൾ മകൻ ഹണ്ടർ ബിഡന്‍ ഒരു ഉക്രേനിയൻ ഗ്യാസ് കമ്പനിയുടെ തലവനായിരുന്നു. ഹണ്ടറും കമ്പനിയും തമ്മിലുള്ള ഇടപാടിലാണ് അഴിമതി ആരോപണം ഉള്ളത്.

ട്രംപിനെതിരെ ഒരു ഇന്റലിജൻസ് കമ്മ്യൂണിറ്റി വിസിൽ ബ്ലോവര്‍ പരാതി നല്‍കിയതോടെയാണ് അത് വലിയ രാഷ്ട്രീയ പ്രശ്നമായി പരിണമിച്ചിരിക്കുകയാണ്. വൈറ്റ് ഹൌസും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാവുകയും ചെയ്തു. എന്നാലിപ്പോഴും വിഷയത്തില്‍ അവ്യക്തത തുടരുന്നുമുണ്ട്.

തന്‍റെ രാഷ്ട്രീയ പ്രതിയോഗിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ പകരമായി സൈനിക സഹായം നല്‍കുമെന്നായിരുന്നു ട്രംപ് സെലൻസ്‌കിക്ക് നല്‍കിയ വാഗ്ദാനം. അതു സംബന്ധിച്ച് ഇരുവരും ജൂലൈ 25-നാണ് ആദ്യമായി സംസാരിക്കുന്നത്. ഏകദേശം ഒരു മാസത്തിനുശേഷം, റഷ്യൻ പിന്തുണയുള്ള വിഘടനവാദികളോട് പോരാടുന്ന ഉക്രേനിന് 250 മില്യൺ ഡോളർ സൈനിക സഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം ഇനിയും പാലിക്കാന്‍ ട്രംപ് ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല. വാഗ്ദാനം പുനഃപരിശോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹണ്ടർ ബിഡൻ ജോലി ചെയ്തിരുന്ന കമ്പനിയെക്കുറിച്ചുള്ള അന്വേഷണം ഇതുവരെയായി എങ്ങും എത്തിയിട്ടില്ല. ഈ വർഷം മെയ് മാസത്തിൽ ഉക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ യൂറി ലുറ്റ്‌സെൻകോ പറഞ്ഞത് ‘അതില്‍ ഞങ്ങള്‍ക്ക് ഒരുതെറ്റും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല’ എന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രംപ് പലതവണ സെലൻസ്‌കിയെ ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തി. ട്രംപിന്റെ അഭിഭാഷകനും ന്യൂയോർക്ക് മുൻ മേയറുമായ റൂഡി ജിയൂലിയാനി, ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ അന്വേഷണത്തിന്‍റെ സാധ്യതയെക്കുറിച്ച് ഉക്രേനിയൻ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് അധികാരം ദുരുപയോഗം ചെയ്യാനും രാജ്യത്തെ അപകീർത്തിപ്പെടുത്താനുമുള്ള ട്രംപിന്‍റെ സന്നദ്ധതയാണ് കാണിക്കുന്നതെന്നാണ് ബിഡൻ പ്രതികരിച്ചത്. ഒരു വിദേശ നേതാവുമായി പ്രസിഡന്‍റ് നടത്തിയ അവിശ്വസനീയ സംഭാഷണങ്ങളെ കുറിച്ച് ഒരു വിസിൽബ്ലോവര്‍ നല്‍കിയ പരാതി ഗുരുതരവും ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യവുമാണെന്ന് സ്പീക്കർ നാൻസി പെലോസിയും അഭിപ്രായപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍