UPDATES

വിദേശം

സ്വയം പ്രഖ്യാപിത വെനിസ്വലേനിയന്‍ പ്രസിഡന്റിന് പിന്തുണയുമായി ട്രംപും; അമേരിക്കയുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അവാസാനിപ്പിച്ചെന്ന് മഡുറോ

ഞാനാണ് ഇപ്പോള്‍ നിങ്ങളുടെ പ്രസിഡന്റ് എന്നാണ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈഡോ പ്രഖ്യാപിച്ചത്

ജനങ്ങള്‍ ആഗ്രഹിച്ച പ്രസിഡന്റിനെ വെനിസ്വലയുടെ ‘യഥാര്‍ത്ഥ’ പ്രസിഡന്റായി അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. നിക്കൊളാസ് മഡുറോയുടെ ഭരണത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനാല്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈഡോവിനെ താത്കാലിക പ്രസിഡന്റാക്കാന്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ ആവിശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ട് പ്രതികരിച്ചത്. മഡുറോവിനെ പിന്തള്ളി ജനങ്ങള്‍ തെരുവിലിറങ്ങുകയും ,14 പേര്‍ വിവിധ പ്രതിഷേധ പരിപാടികളിലായി കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ‘ഞാന്‍ തന്നെയാണ് ഇപ്പോള്‍ നിങ്ങളുടെ പ്രസിഡണ്ട്’ എന്ന് ഗൈഡോ സ്വയം പ്രഖ്യാപിച്ചിരുന്നു. വിവിധ ലോക രാജ്യങ്ങള്‍ ഇദ്ദേഹത്തിന് പിന്തുണയുമായി എത്തി. കാനഡ, ബ്രസില്‍, കൊളംബിയ, അര്‍ജന്റീന, ചിലി, പെറു മുതലായ രാജ്യങ്ങളെല്ലാം ഈ സ്വയം പ്രഖ്യാപിത പ്രസിഡന്റിനുള്ള തങ്ങളുടെ പിന്തുണ പരസ്യമായി തന്നെ പ്രഖ്യാപിച്ചു.

ജനങ്ങളുടെ വികാരത്തെ അങ്ങനെ ഒരുപാട് കാലം മാനിക്കാതിരിക്കാനാവില്ല എന്നാണ് ഈ രാജ്യങ്ങളൊക്കെയും ഒരേ സ്വരത്തില്‍ പറയുന്നത്. ‘നയതന്ത്രത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ നിലവിലെ പ്രസിഡന്റ് വലിയ പരാജയമാണ്. വെനിസ്വലയിലെ ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രസിഡന്റിനെ വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിച്ചു.’ എന്നും ട്രംപ് ഗൈഡോവിനെ പിന്തുണയ്ക്കുന്ന വേളയില്‍ കൂട്ടിച്ചേര്‍ത്തു. തെരുവില്‍ ഇറങ്ങിയ ആയിരങ്ങളുടെ മുന്നില്‍ വെച്ചാണ് അവരെ ശാന്തരാക്കാന്‍ ഞാനാണ് ഇപ്പോള്‍ നിങ്ങളുടെ പ്രസിഡന്റ് എന്ന ഗൈഡോ പരസ്യമായി പ്രഖ്യാപിച്ചത്.

വെനിസ്വലയുടെ കാര്യത്തില്‍ ട്രംപിന് പ്രത്യേക താല്പര്യമുണ്ട്. എണ്ണപ്പാടങ്ങളാല്‍ സമൃദ്ധമായ വെനിസ്വല ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ മഡുറോയുടെ ഭരണത്തിന് കീഴില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഈ രാജ്യത്തിന് നേരിടേണ്ടി വന്നത്. സാമ്പത്തിക നില ആകെ തകരാറുളള വെനിസ്വലയില്‍ എണ്ണയും മറ്റും ഉപയോഗിച്ചുള്ള വരുമാനം ഉയര്‍ത്തി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ജനസമ്മതനായ ഒരു നല്ല ഭരണാധികാരിക്ക് മാത്രമേ കഴിയൂ. ഇനിയും ജനങ്ങളുടെ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് തടുത്തു നിര്‍ത്താന്‍ നോക്കരുതെന്നാണ് ട്രംപ് പറയുന്നത്. അതേസമയം ട്രംപിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങളെല്ലാം അവസാനിപ്പിക്കുകയാണെന്നു മഡുറോയും പ്രഖ്യാപിച്ചിരുന്നു. 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകണമെന്നും അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് മഡുറോ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക രാജ്യങ്ങളൊക്കെ പുതിയ പ്രസിഡന്റിന്റെ ഉദയത്തെ പിന്തുണയ്ക്കുമ്പോഴും ക്യൂബ മഡുറോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. പ്രതിഷേധങ്ങളൊക്കെ ഉണ്ടായപ്പോഴും വെനിസ്വല മിലിട്ടറിയുടെ സഹായത്തോടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി അധികാരത്തില്‍ തുടരാനാണ് മഡുറോ ശ്രമിച്ചത്. വെനിസ്വലയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ഒപ്പം നിന്നത്തിന്റെ നന്ദി പ്രകാശിപ്പിക്കുന്നതിനോടൊപ്പം, താന്‍ പ്രസിഡന്റാകുന്നതോടെ യുഎസുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ജുവാന്‍ ഗൈഡോ പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍