UPDATES

വിദേശം

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥി ജോ ബൈഡന്റെ മകനെതിരെ അന്വേഷണം നടത്താന്‍ ട്രംപ് ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തി

ട്രംപിന്റെ അഭിഭാഷകനും ന്യൂയോർക്ക് മുൻ മേയറുമായ റൂഡി ജിയൂലിയാനി, ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ അന്വേഷണത്തിന്‍റെ സാധ്യതയെക്കുറിച്ച് ഉക്രേനിയൻ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍റെ മകനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഡൊണാൾഡ് ട്രംപ് ഉക്രെയ്ൻ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുണ്ട്. അത് ഡെമോക്രാറ്റുകളും ട്രംപ് ഭരണകൂടവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമായിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഗവണ്‍മെന്റ്
ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ ജൂലൈ 25-ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലൻസ്കിയുമായി ട്രംപ് സംസാരിച്ചിരുന്നു. അതിനുശേഷമാണ് ജോ ബൈഡന്‍റെ മകനായ ഹണ്ടറിനെക്കുറിച്ച് പരാതി വന്നത്. അതിനുശേഷം ട്രംപ് പലതവണ സെലൻസ്‌കിയെ ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ അഭിഭാഷകനും ന്യൂയോർക്ക് മുൻ മേയറുമായ റൂഡി ജിയൂലിയാനി, ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ അന്വേഷണത്തിന്‍റെ സാധ്യതയെക്കുറിച്ച് ഉക്രേനിയൻ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ജിയൂലിയാനിയുമായി സഹകരിക്കണമെന്ന് ട്രംപ് സെലൻസ്കിയോട് എട്ടുതവണ ആവശ്യപ്പെട്ടുവെന്നാണ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് അധികാരം ദുരുപയോഗം ചെയ്യാനും നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്താനുമുള്ള ട്രംപിന്‍റെ സന്നദ്ധതയാണ് കാണിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു. ‘വെറുപ്പുളവാക്കുന്ന സമീപനമാണിത്. കാരണം ഇത് നമ്മുടെ രാജ്യത്തിന്റെ വിദേശനയത്തെ ചൂഷണം ചെയ്യുകയും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദേശീയ സുരക്ഷയെപ്പോലും ദുർബലപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹണ്ടറിനെതിരെയുള്ള പരാതിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ട്രംപിനെതിരെ ഒരു വിസിൽ ബ്ലോവറാണ് പരാതി നല്‍കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർ ജനറലായ മൈക്കൽ അറ്റ്കിൻസണിന് ലഭിച്ച പരാതി അദ്ദേഹം ഇന്റലിജന്‍സ് കമ്മിറ്റിക്കുമുമ്പാകെ വയ്ക്കുകയായിരുന്നു. ‘അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട’ കാര്യമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം ആക്ടിംഗ് ഡയറക്ടർ ജോസഫ് മാഗ്വെയർ വിശദാംശങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കിയതായും അദ്ദേം കമ്മിറ്റിയെ ബോധിപ്പിച്ചു. ‘ഒരു വിദേശ നേതാവുമായി പ്രസിഡന്‍റ് നടത്തിയ അവിശ്വസനീയ സംഭാഷണങ്ങളെ കുറിച്ച് വിശ്വസ്തനായ വിസിൽബ്ലോവര്‍ നല്‍കിയ പരാതി ഗുരുതരവും ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യവുമാണെന്ന്’ സ്പീക്കർ നാൻസി പെലോസി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍