UPDATES

വിദേശം

ട്രംപ് – ഷീ ജിന്‍പിങ് കൂടിക്കാഴ്ച്ച; ലോകത്തെ ഏറ്റവും നിര്‍ണായക ഉഭയകക്ഷി ബന്ധം എങ്ങോട്ട്?

വമ്പിച്ച പുരോഗതിയെന്ന് ട്രംപ്; അതുല്യമെന്ന് ജിന്‍പിങ്ങ്

ചൈനീസ് പ്രസിഡണ്ടുമായി നടത്തിയ കൂടിക്കാഴ്ച ട്രംപിന്റെ പ്രസിഡണ്ട് പദവിയിലെ ഏറ്റവും നിര്‍ണായകമായ ഒന്നാണ്. പ്രസിഡണ്ട് ഷീ ജിന്‍പിങ്ങുമായി മാര്‍ അ ലാഗോയില്‍ നടത്തുന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ അപ്രവചനീയനായ തുടക്കക്കാരനായ ട്രംപിനും അനുഭവസമ്പന്നനും കൃത്യമായ ഒരുക്കങ്ങളുള്ളയാളുമായ ഷീക്കും ലോകത്തെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള ഒരു തുടക്കമായിരുന്നു. എന്നാല്‍ കൂടിക്കാഴ്ച അവസാനിച്ചത് നിര്‍ണയകമായ വിഷയങ്ങളില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വമ്പിച്ച പുരോഗതിയുണ്ടായി എന്നു മാത്രമാണ് ട്രംപ് ഭരണകൂടം പറഞ്ഞത്. കൂടിക്കാഴ്ചയെ അതുല്യമെന്ന് ഷീയും പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്ക് വേണ്ടി ട്രംപ് നടത്തിയ ഒരുക്കങ്ങളെയും ഷീ പ്രകീര്‍ത്തിച്ചു.

കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ധാരണയ്ക്കുള്ള അമേരിക്കന്‍ പിന്തുണ  പിന്‍വലിച്ചതും, ഏഷ്യയുമായുള്ള വാണിജ്യ ധാരണകള്‍ വേണ്ടെന്നുവെക്കുന്നതും, ഐക്യരാഷ്ട്ര സഭയ്ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതും വഴി ട്രംപ്, അന്താരാഷ്ട്ര വിഷയങ്ങളില്‍ ബീജിംഗിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ തത്പരനായ, യു എസിന് ഒരു എതിരാളിയായി തന്റെ രാജ്യത്തെ പലപ്പോഴും  പ്രതിഷ്ടിച്ചുകൊണ്ടിരിക്കുന്ന ഷീക്ക് നിര്‍ണായക മേഖലകളിലെ നേതൃത്വം വിട്ടുനല്‍കിയിരിക്കുന്നു. ട്രംപ് ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ അത് ട്രംപിനും ലോകത്തിനും ദുരന്തമായിരിക്കും.

വടക്കന്‍ കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ വലിയ ഭീഷണിയായിക്കാണുന്ന ട്രംപ്, അതാണ് മുഖ്യ അജണ്ടയായി വെക്കുന്നത്. ഷീ അമേരിക്കയിലേക്ക് തിരിച്ച അന്നുകൂടി വടക്കന്‍ കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതിനാല്‍ ട്രംപിന് അത് ഒഴിവാക്കാനുമാവില്ല.

ആയുധ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിക്കും വിധത്തില്‍ വടക്കന്‍ കൊറിയയുടെ പ്രധാന ഭക്ഷണ, ഇന്ധന ദാതാക്കളായ ചൈന അവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ബീജിംഗ് ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ആണവ ഭീഷണി ഒഴിവാക്കാന്‍ യുഎസ് ഏകപക്ഷീയമായി ഇടപെടുമെന്നും ട്രംപ് തിങ്കളാഴ്ച്ച നല്കിയ ഒരു അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ചൈന, വടക്കന്‍ കൊറിയയില്‍ സമ്മര്‍ദം കൂട്ടിയേക്കുമെങ്കിലും പ്യോങ്യാങ്ങിലെ ഭരണകൂടം തകരുന്നതിനിടയാക്കുന്ന ഒന്നും ചെയ്യില്ല എന്നു നിരീക്ഷകര്‍ പറയുന്നു. ഉന്നത നേതൃത്വം മാറാതെ വടക്കന്‍ കൊറിയ ആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന് വിദഗ്ധര്‍ കരുതുന്നു. തങ്ങളുടെ രാജ്യത്തേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ഭയന്നും അമേരിക്കന്‍ സേനയുടെ ആധിപത്യമുള്ള ഒരു ഏകീകൃത കൊറിയയുടെ സാധ്യതക്കെതിരായ സംരക്ഷണ കവചമായി വടക്കന്‍ കൊറിയയെ നിലനിര്‍ത്താനുമാണ് ചൈന ആഗ്രഹിക്കുന്നത്.

വടക്കന്‍ കൊറിയക്കെതിരായ ഉപരോധം ശക്തിപ്പെടുത്താനും കൂടുതല്‍ മിതമായ തരം ലക്ഷ്യങ്ങള്‍ നേടാനും ശ്രമിച്ചാല്‍- വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കുക, കൂടുതല്‍ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തുക- ചിലപ്പോള്‍ യുഎസിനും ചൈനക്കും ചില നേട്ടങ്ങളുണ്ടാക്കാം. എന്നാല്‍ ട്രംപ് സര്‍ക്കാര്‍ കാര്യമായ ഒരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല.

വാണിജ്യമാണ് തീരുമാനങ്ങള്‍ പ്രയാസമാകുന്ന ഒരു മേഖല. ഇതിനെ ചൊല്ലി ഭരണതലത്തില്‍ ഇപ്പോഴും കടുത്ത ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രചാരണക്കാലത്ത് ചൈനയ്ക്കെതിരെ കര്‍ശന നിലപാട് വേണമെന്ന പറഞ്ഞ ട്രംപ് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാട് ട്രംപ് വിജയത്തിനുശേഷം ആവര്‍ത്തിച്ചില്ല. ഈയിടെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞത് ചൈനയുമായി ഒരു ധാരണയിലെത്താന്‍ ശ്രമിക്കുമെന്നാണ്. ഉച്ചകോടി മൂര്‍ത്തമായ ചില ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആദ്യ കൂടിക്കാഴ്ച്ചയില്‍ അതൊരു അതിമോഹമാണ്.

ഈ ചര്‍ച്ചകളിലെ അപകടസാധ്യത, ട്രംപിന് നയതന്ത്രത്തെക്കുറിച്ച് വലിയ പിടിപാടില്ല എന്നതും അദ്ദേഹത്തിന്റെ കൂട്ടത്തില്‍ ചൈന വിദഗ്ധര്‍ ഇല്ല എന്നതുമാണ്. ട്രംപിന് ഇതിനകം തന്നെ  വലിയൊരു പിഴവും തിരുത്തേണ്ടിവന്നു; അമേരിക്കയുടെ ദീഘനാളായുള്ള ഒരൊറ്റ ചൈന നയത്തെ തള്ളിപ്പറഞ്ഞ ശേഷം ബീജിംഗിനെ ചൈനയുടെ ഏക സര്‍ക്കാരായി താന്‍ കണക്കാക്കുന്നു എന്നും തായ്വാനെ അംഗീകരിക്കുന്നില്ലെന്നും ട്രംപ് ഫെബ്രുവരിയില്‍ ഷീയോട് മാറ്റിപ്പറഞ്ഞു.

ട്രംപിന്റെ മകളുടെ ഭര്‍ത്താവും പ്രധാന ഉപദേശകനുമായ, നയതന്ത്ര പരിചയമൊന്നുമില്ലെങ്കിലും ചൈനക്കാരുമായുള്ള ഇടപാടുകളിലെ പ്രധാന കക്ഷിയായി മാറിയ, വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലെഴ്സനെ അപ്രസക്തനാക്കിയ ജെയേഡ് കുഷ്ണര്‍ക്കും ഇത് പരീക്ഷണ ഘട്ടമാണ്. ട്രംപിന് സ്വന്തം നിലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നാണ് അധികൃതര്‍ കരുതുന്നത്. ചൈനക്കാര്‍ ഇന്‍പിങ്ങിനെക്കുറിച്ചും ഇതുതന്നെ പറയുന്നു. ഇരുവര്‍ക്കും തമ്മില്‍ കാര്യങ്ങള്‍ നടത്താനാകുമോ എന്നതിലാണ് സംഗതി കിടക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍