UPDATES

വിദേശം

ലോകം കരുതിയിരിക്കുക; വൈറ്റ് ഹൌസ് തകരുകയാണ്

ജനാധിപത്യത്തില്‍ ഒരു സര്‍ക്കാരും ഇത്രയേറെ കോമാളിത്തരമായി മാറിയിട്ടുണ്ടാവില്ല.

ജനാധിപത്യത്തില്‍ ഒരു സര്‍ക്കാരും ഇത്രയേറെ കോമാളിത്തരമായി മാറിയിട്ടുണ്ടാവില്ല.

ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായ ഡൊണാള്‍ ട്രംപിനെ കുറിച്ച് വിമര്‍ശകര്‍ വരച്ചുകാണിക്കുന്ന ചിത്രം ശരിയാണെന്ന് ഈ ആഴ്ചയും അദ്ദേഹം തെളിയിച്ചു: ലോകത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും പണമിടപാട് ബോധ്യത്തില്‍ മാത്രം ചിന്തിക്കുന്ന ഭ്രാന്തനായ ഒരു ഒറ്റയാന്‍.

അമേരിക്കന്‍ സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, വൈറ്റ് ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിക്കൊണ്ട് തന്റെ ഭരണകൂടത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയിലെ ഏറ്റവും ഒടുവിലുത്തെ നടപടി ട്രംപ് കൈക്കൊണ്ടിരുന്നു. ചീഫ് ഓഫ് സ്റ്റാഫ് തസ്തികയില്‍ നിന്നും അദ്ദേഹം റെയ്ന്‍സ് പ്രിബസിനെ നീക്കി. പ്രസിഡന്റ് ട്രംപിന്റെ ട്വിറ്റര്‍ പ്രഖ്യാപനത്തിലൂടെയാണ് വൈറ്റ് ഹൗസ് ജീവനക്കാര്‍ പോലും അദ്ദേഹത്തിന്റെ തീരുമാനം അറിഞ്ഞത്.

ട്രംപ് അധികാരത്തില്‍ എത്തിയതു മുതല്‍ ഇത്തരത്തിലുള്ള കശാപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. വൈസ് പ്രസിഡന്റിനോട് നുണ പറഞ്ഞതിന്റെ പേരില്‍ ചുമതലയേറ്റ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായത് ഒരു തുടക്കം മാത്രമായിരുന്നു.

പ്രസിഡന്റിനോടുള്ള കൂറ് പ്രഖ്യാപിക്കാനും യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം തടസപ്പെടുത്താനും വിസമ്മതിച്ച എഫ്ബിഐ തലവന്‍ ജയിംസ് കോമിയെ മേയില്‍ ട്രംപ് പുറത്താക്കിയിരുന്നു. സിബിഐ തലവനെക്കാളുമോ അല്ലെങ്കില്‍ മറ്റേതൊരു ദേശീയ എജന്‍സിയുടെ തലവനെക്കാളുമോ ശക്തനാണ് എഫ്ബിഐ തലവന്‍ എന്നോര്‍ക്കുക.

കഴിഞ്ഞ ആറുമാസത്തിനിടയില്‍, ചീഫ് ഓഫ് സ്റ്റാഫ്, ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍, പ്രസ് സെക്രട്ടറി എന്നിവരെ ട്രംപിന് നഷ്ടമായി. മാത്രമല്ല സ്വന്തം അറ്റോര്‍ണി ജനറലിനെ അദ്ദേഹം തുടര്‍ച്ചയായി പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്യുന്നു.

പ്രിബെസ് ഉള്‍പ്പെടെയുള്ള രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ട്രംപ് പുതുതായി നിയമിച്ച കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അന്തോണി സ്‌ക്രാമൂച്ചി അസാധാരണമാം വിധത്തില്‍ അശ്ലീല ശകാരം ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇപ്പോഴത്തെ പുറത്താക്കല്‍ നടന്നിരിക്കുന്നത്.

രാജിവെക്കാന്‍ ആവശ്യപ്പെടേണ്ട വിധത്തില്‍ ‘a fucking paranoid schizophrenic’ ആണ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രിബസ് എന്നും ‘ഞാന്‍ എന്റെ ലിംഗം സ്വയം പാനം ചെയ്യാന്‍ ശ്രമിക്കാത്തതിനാല്‍,’ ചീഫ് സ്ട്രാറ്റജിസ്റ്റ്ര് സ്റ്റീവ് ബാനോണെ പോലെയല്ല താനെന്നും കഴിഞ്ഞ ദിവസം നല്‍കിയ ഒരഭിമുഖത്തില്‍ സ്‌ക്രാമൂച്ചി പറഞ്ഞിരുന്നു.

നിങ്ങളുടെ നേതൃത്വം രൂക്ഷമായ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ പെടുകയും ഏറ്റവും അടുത്ത സഹായികളെ കുറിച്ചു പോലും ഉള്ള വിഭ്രാന്തികളാല്‍ നിങ്ങളുടെ ശ്രദ്ധ തുടര്‍ച്ചയായി വ്യതിചലിക്കുകയും ചെയ്യുമ്പോഴാണ് ദുരന്തങ്ങള്‍ ആഞ്ഞടിക്കുക. ആഗോള സുരക്ഷാ  സാഹചര്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം സങ്കീര്‍ണമാണ്. വെള്ളിയാഴ്ച പ്രിബസിനെ പുറത്താക്കാന്‍ ട്രംപ് തീരുമാനിക്കുന്ന ഏകദേശം അതേ സമയത്ത് തന്നെയാണ് ജപ്പാന്‍ കടലിലേക്ക് ഒരു മിസൈല്‍ ഉത്തര കൊറിയ അയച്ചത്. ഉത്തരകൊറിയയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുന്നു എന്ന വസ്തുത അവരെ അത്ര സന്തോഷിപ്പിക്കില്ല.

നമ്മള്‍ വളരെ ആശങ്കകുലരാകേണ്ടിയിരിക്കുന്നു
അതിന്റെ എല്ലാ വൈകല്യങ്ങളോടും കുടിയുള്ള ഒരു ഏകധ്രുവ ലോകക്രമം തന്നെയാണ് അവ്യവസ്ഥകള്‍ നിറഞ്ഞ ഒരു ലോകത്തേക്കാള്‍ എന്തുകൊണ്ടും ഭേദം. അതുകൊണ്ടുതന്നെ യുഎസ് പ്രസിഡന്റിന് ഇത്രയും അസ്ഥിരതകള്‍ ഉള്ളപ്പോള്‍ ഭാവിയെ കുറിച്ച് പ്രവചിക്കുന്നതിനായി നമ്മുടെ ചരിത്രബോധം നാം കുടഞ്ഞെറിയേണ്ടി വരും. ഭാവി, ഗ്രഹണശക്തിക്കും അപ്പുറമാണ് എന്നുള്ളതാണ് വസ്തുത. വൈറ്റ് ഹൗസിലെ താമസക്കാരനാണ് ഇതിന്റെ അടിസ്ഥാന കാരണം. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ പൊതുപ്രവണത ഭീതിയുണര്‍ത്തുന്നതാണ്.

കഴിഞ്ഞ തിങ്കളാഴ്ച ബോയ്സ് സ്‌കൗട്ടുകളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോള്‍, ഈ കൗമാരക്കാര്‍ മഹത്തായ അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുന്നതിനെ കുറിച്ച് പ്രസിഡന്റ് സംസാരിക്കും എന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, സ്വന്തം കാര്യങ്ങളെ കുറിച്ചും ‘വ്യാജ വാര്‍ത്ത’ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ കുറിച്ചും ഹിലരി ക്ലിന്റണിന്റെ പരാജയങ്ങളെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. വസ്തുക്കച്ചവട വമ്പനായിരുന്ന, സ്വന്തമായി ഒരു ഉല്ലാസബോട്ട് ഉണ്ടായിരുന്ന ഒരു സുഹൃത്ത് തന്റെ വ്യാപാരസ്ഥാപനങ്ങള്‍ വിറ്റതും അതിന് ശേഷം മടുപ്പ് അനുഭവിച്ചതും പിന്നീട് മന്‍ഹട്ടനില്‍ ‘ന്യൂയോര്‍ക്കിലെ ഏറ്റവും കാമാതുരരായ ആളുകള്‍’ പങ്കെടുത്ത ഒരു മദ്യസത്ക്കാരത്തില്‍ വച്ച് താന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയതുമൊക്കെ വളരെ വിശദമായി തന്നെ ട്രംപ് പറഞ്ഞു.

പിറ്റേ ദിവസം രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 97-കാരനായ ഒരു വന്ദ്യവയോധികനുള്ള ആദരം ട്രംപ് വായിക്കുകയായിരുന്നു. ഓഹിയോയില്‍ നിന്നുള്ള പഴയ പട്ടാളക്കാരന്‍ എന്ന വാചകം എത്തിയപ്പോള്‍ അദ്ദേഹം യുദ്ധവീരനെ മറന്നു. എഴുതിക്കൊടുത്ത വാചകങ്ങളില്‍ നിന്നും വ്യതിചലിക്കുകയും കഴിഞ്ഞ നവംബറില്‍ താന്‍ നടത്തിയ പ്രകടനത്തിന് സ്വയം പുകഴ്ത്താന്‍ ആരംഭിക്കുകയും ചെയ്തു. ‘നമ്മള്‍ ഒഹിയോയില്‍ ജയിച്ചു, ഇല്ലേ? ഓര്‍ക്കുന്നുണ്ടോ? അതൊരു കടുത്ത മത്സരം പോലുമല്ലായിരുന്നു.’ ഒരു വൃദ്ധന് ചെറിയ നിമിഷം സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.

ഇതേ ആഴ്ചയില്‍ തന്നെ, സായുധ സേനകളില്‍ ഭിന്നലിംഗക്കാര്‍ സേവനം അനുഷ്ഠിക്കുന്നത് അദ്ദേഹം നിരോധിച്ചു. അതുവഴി തങ്ങളുടെ രാജ്യത്തിന് വേണ്ടി ജീവന്‍ പണയപ്പെടുത്തുക എന്ന, ട്രംപ് ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യം ചെയ്യുന്ന ആയിരക്കണക്കിന് സൈനികരെ പരിത്യജിച്ചു. തീര്‍ച്ചയായും അദ്ദേഹം ആരോടും കൂടിയാലോചിച്ചില്ല. മറ്റെല്ലാം അനുസരിക്കുമെങ്കിലും തങ്ങളുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് പറയപ്പെടുന്ന വ്യക്തിയുടെ ഈ പ്രസ്താവന അവഗണിക്കുകയാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ പ്രസ്താവനയുടെ ആകസ്മിക ക്രൂരതയും മര്‍ക്കടമുഷ്ടിയും ജുഗുപ്‌സാവഹമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍