UPDATES

വിദേശം

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പറഞ്ഞ അല്‍ക്‌സ് ജോണ്‍സന് ട്വിറ്ററിന്റെ വിലക്ക്

നേരത്തേ ഫേസ്ബുക്കും, യുട്യൂബും, ആപ്പിളുമെല്ലാം അദ്ദേഹത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു

ഗൂഢാലോചന സിദ്ധാന്തത്തിന്റെ പേരില്‍ അമേരിക്കയില്‍ പേരുകേട്ട വ്യക്തിയായ അലെക്‌സ് ജോണ്‍സനും അദ്ദേഹത്തിന്റെ സ്ഥാപനമായ ഇന്‍ഫോവാറിനും ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോകളും ട്വീറ്റുകളും തങ്ങളുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് സ്ഥിരമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തേ ഫെസ്ബുക്കും, യുട്യൂബും, ആപ്പിളുമെല്ലാം അദ്ദേഹത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്ന വലിയ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കകമാണ് ട്വിറ്റര്‍ ഈ നീക്കം നടത്തിയതെന്നത് ശ്രദ്ധേയമാണ്.

ട്വിറ്റര്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ജാക്ക് ഡോര്‍സെയടക്കമുള്ള സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നിയമജ്ഞര്‍ക്കു മുന്നില്‍ അവരുടെ നയങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്. ജോണ്‍സനും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഫെയ്‌സ്ബുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെകുറിച്ചും സെന്‍സര്‍ഷിപ്പിനെകുറിച്ചും വിശദീകരിക്കുവാനാണ് താന്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ സര്‍ക്കാരാണെന്ന് ജോണ്‍സ് പറഞ്ഞിരുന്നു. സാന്‍ഡി ഹൂക്കില്‍ നടന്ന വെടിവെപ്പ് തട്ടിപ്പാണെന്ന് പറഞ്ഞതും കൊലപാതകത്തിന്റെ ഇരകളായവരേയും കുടുംബങ്ങളെയും മോശമായി ചിത്രീകരിച്ചതും അദ്ദേഹത്തിനെതിരെ വിമര്‍ശനം ശക്തമാകാന്‍ കാരണമായി. മുസ്‌ലിംകള്‍ക്കെതിരെയും അദ്ദേഹം വലിയ തോതിലുള്ള ആശയ പ്രചാരണമാണ് നടത്തുന്നത്. മാത്രവുമല്ല, കുട്ടികളായിരുന്നു പലപ്പോഴും ജോണ്‍സിന്റെ പ്രധാന ഇരകള്‍.

ഒരു തരത്തിലും ജോണ്‍സിന്റെ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് ഫേസ്ബുക്ക്, യൂട്യൂബ്, ആപ്പിള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ ഭീമന്മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആ സമയത്തൊന്നും ട്വിറ്റര്‍ അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. ജോണ്‍സണ്‍ ട്വിറ്ററിന്റെ സേവന നിബന്ധനനകളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് അന്ന് ട്വിറ്റര്‍ സിഇഒ പറഞ്ഞിരുന്നത്. ഒന്‍പത് ലക്ഷത്തോളം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍