UPDATES

വിദേശം

ചാരവൃത്തി ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ബ്രീട്ടീഷുകാരന് യുഎഇ മാപ്പ് നല്‍കി; രാജ്യം വിടാന്‍ അനുമതി

താന്‍ ബ്രിട്ടീഷ് ചാര സംഘടനയായ എംഐ സിക്‌സിന് വേണ്ടി ചാരപ്പണി നടത്തുന്നതായി മാത്യു ഹെഡ്ജസ് കുറ്റസമ്മതം നടത്തുന്നു എന്ന പേരില്‍ വീഡിയോ യുഎഇ പുറത്തുവിട്ടിരുന്നു.

ചാരവൃത്തി ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് യുഎഇ മാപ്പ് നല്‍കി. യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയിദ് അല്‍ നഹിയാന്‍ ആണ് മാപ്പ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മാത്യു ഹെഡ്ജസ് എന്ന 31കാരനെ മോചിപ്പിക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ്‌. കുടുംബത്തിന്റെ അപേക്ഷയിലാണ് മാപ്പ് നല്‍കാന്‍ യുഎഇ ഗവണ്‍മെന്റ് തീരുമാനിച്ചത്.
ആറ് മാസമായി മാത്യു ജയിലില്‍ കഴിയുകയാണ്. മേയ് അഞ്ചിനാണ് മാത്യു ഹെഡ്ജസിനെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ ഉടന്‍ യുഎഇ വിട്ടുപോകാന്‍ മാത്യുവിനെ അനുവദിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. യുഎഇയുടെ തീരുമാനത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി (ഫോറിന്‍ സെക്രട്ടറി) ജെര്‍മി ഹണ്ട് സ്വാഗതം ചെയ്തു. മാത്യു ചാരപ്പണി നടത്തിയെന്ന ആരോപണം അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ യുവാവിനെ വേഗത്തില്‍ മോചിച്ച യുഎഇ നടപടിയില്‍ നന്ദി അറിയിക്കുന്നതായും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പറഞ്ഞു.

താന്‍ ബ്രിട്ടീഷ് ചാര സംഘടനയായ എംഐ സിക്‌സിന് വേണ്ടി ചാരപ്പണി നടത്തുന്നതായി മാത്യു ഹെഡ്ജസ് കുറ്റസമ്മതം നടത്തുന്നു എന്ന പേരില്‍ വീഡിയോ യുഎഇ പുറത്തുവിട്ടിരുന്നു. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് എഴുനൂറിലധികം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് ഇയാളേയും വിട്ടയയ്ക്കുന്നത് എന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ എജന്‍സി ഡബ്ല്യുഎഎം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട കാര്യത്തിനായി രണ്ടാഴ്ചത്തെ യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ചാണ് മാത്യുവിനെ കസ്റ്റ്ഡിയിലെടുത്തത്. യുഎഇ വാങ്ങുന്ന ആയുധ സാമഗ്രികള്‍ സംബന്ധിച്ച വിവരം ചോര്‍ത്തി എന്നാണ് മാത്യുവിനെതിരായ ആരോപണം. ഗവേഷക വിദ്യാര്‍ത്ഥിയെന്ന വ്യാജേന താന്‍ ഈ പ്രവര്‍ത്തനത്തിനായി എത്തിയതാണ് എന്ന് മാത്യു ഹെഡ്ജസ് കുറ്റസമ്മത വീഡിയോയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍