UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കേരളത്തില്‍ നിന്നുള്ള ലൈംഗികോത്തേജന ഔഷധം മുസ്‌ലി പവര്‍ എക്‌സ്ട്രായുടെ വില്‍പ്പന യുഎഇ വിലക്കി

കൂടുതല്‍ പരിശോധനകള്‍ നടത്തി ഉത്പന്നം കുറ്റമറ്റതെന്ന് തെളിയുന്നതു വരെ മുസ്‌ലി പവര്‍ എക്‌സ്ട്രാ വില്‍ക്കാനുള്ള രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ലൈംഗികോത്തേജന ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്രാ (Musli Power X-TRA) യുഎഇ നിരോധിച്ചു. നിലവില്‍ പുറത്തിറക്കിയിട്ടുള്ള ഉത്പന്നങ്ങള്‍ തിരിച്ചെടുക്കാനും നിര്‍ദേശിച്ച യുഎഇ, കൂടുതല്‍ പരിശോധനകള്‍ നടത്തി ഉത്പന്നം കുറ്റമറ്റതെന്ന് തെളിയുന്നതു വരെ മുസ്‌ലി പവര്‍ എക്‌സ്ട്രാ വില്‍ക്കാനുള്ള രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആണുങ്ങള്‍ക്കുള്ള ലൈംഗികോത്തേജന ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്രാ യുഎഇയില്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഉത്പന്നത്തില്‍ കാണിച്ചിരിക്കുന്നതു പോലെ മുസ്‌ലി പവര്‍ എക്‌സ്ട്രാ ഗുളികകളില്‍ ഉപയോഗിച്ചിരിക്കുന്നത് പൗഡര്‍ രൂപത്തിലുള്ള പദാര്‍ത്ഥത്തിനു പകരം ഖരരൂപത്തിലുള്ള ഘടകങ്ങളാണ് (Solid brown mass) എന്ന് യുഎഇയിലെ ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതിനൊപ്പം, ഉത്പന്നത്തിന്റെ പരമാവധി കാലാവധിയായി മന്ത്രാലയത്തില്‍ കാണിച്ചിരിക്കുന്നതും ഉത്പന്നത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഉത്പന്നത്തിന്റെ എക്‌സ്പയറി ഡേറ്റായി മന്ത്രാലയത്തില്‍ കാണിച്ചിരിക്കുന്നത് 24 മാസമാണെങ്കില്‍ ഉത്പന്നത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 36 മാസമാണ് എന്നാണ് ഉത്തരവിലുള്ളത്.

ഇന്ത്യയിലുടനീളം ഒരു ലക്ഷം മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി മുസ്‌ലി പവര്‍ എക്‌സ്ട്രാ വില്‍ക്കുന്നുണ്ട് എന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ കെ.സി റോസക്കുട്ടിയുടെ സഹോദരന്‍ കെ.സി എബ്രഹാമാണ് കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും എന്ന് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നു. തങ്ങളുടെ മരുന്നുകള്‍ക്ക് ആവശ്യമായ ഒമ്പത് ഔഷധ സസ്യങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതു വഴി ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നല്‍കുന്നുവെന്നും വര്‍ഷം 400 ടണ്ണാണ് ഇത്തരത്തില്‍ കമ്പനിക്ക് ആവശ്യമുള്ളതെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലെ പൊതു, സ്വകാര്യ മേഖലയില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന മുസ്‌ലി പവര്‍ എക്‌സ്ട്രാ തിരിച്ചെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതു വരെയാണ് ഉത്പന്നത്തിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. മുസ്‌ലി പവര്‍ എക്‌സ്ട്രാ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരോടും രാജ്യം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കടയുടമകളും ഇത് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും നിലവില്‍ ശേഖരിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ ഉമടകള്‍ക്ക് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍