UPDATES

വിദേശം

ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലെ ഒളിംപിക്‌സും പുടിന്റെ റഷ്യയിലെ ലോകകപ്പും ഒരു പോലെ: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ലോകകപ്പ് കാണാന്‍ പോകരുതെന്നാണ് ബ്രിട്ടീഷ് ആരാധകരോട് വിദേശകാര്യ വകുപ്പിന്റെ അഭ്യര്‍ത്ഥന. മന്ത്രിമാരും രാജകുടുംബാംഗങ്ങളും റഷ്യ ലോകകപ്പിന് പോകില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ നേരത്തെ അറിയിച്ചിട്ടുണ്ട്.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തിലിരിക്കെ 1936ല്‍ ജര്‍മ്മനിയിലെ ബര്‍ലിനില്‍ നടന്ന ഒളിംപിക്‌സും വ്‌ളാദിമിര്‍ പുടിന്‍ അധികാരത്തിലിരിക്കെ റഷ്യയില്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പും ഒരുപോലെയാണ് എന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ അഭിപ്രായം വിവാദമായിരിക്കുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് രംഗത്തെത്തി. പ്രസ്താവന ഹീനമായതും വിദേശകാര്യ മന്ത്രിക്ക് ചേരാത്തതുമാണെന്ന് റഷ്യന്‍ ദിമിത്രി പെസ്‌കോവ് പറഞ്ഞു. അഴിമതിയില്‍ മുങ്ങിയതും സ്വേച്ഛാധിപത്യപരവുമായി റഷ്യന്‍ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തേച്ച് മിനുക്കാനുള്ള പരിപാടിയായി ഫിഫ ലോകകപ്പ് ഉപയോഗിക്കപ്പെടുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

ലോകകപ്പ് കാണാന്‍ പോകരുതെന്നാണ് ബ്രിട്ടീഷ് ആരാധകരോട് വിദേശകാര്യ വകുപ്പിന്റെ അഭ്യര്‍ത്ഥന. മന്ത്രിമാരും രാജകുടുംബാംഗങ്ങളും റഷ്യ ലോകകപ്പിന് പോകില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ നേരത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ഇത് ആദ്യം പറഞ്ഞത് ബോറിസ് ജോണ്‍സണല്ല. മറ്റൊരു എംപിയാണ്. 1936ല്‍ ബര്‍ലിന്‍ ഒളിംപിക്‌സിന്റെ ഭാഗമായി ഹിറ്റ്‌ലര്‍ ഉപയോഗിച്ച രീതിയാണ് പുടിന്‍ ഉപയോഗിക്കുന്നത് എന്നാണ് കടുത്ത ഫുട്‌ബോള്‍ ആരാധകനും ലേബര്‍ പാര്‍ട്ടി എംപിയുമായ ഇയാന്‍ ഓസ്റ്റിന്‍ പറഞ്ഞത്. ഇത് ശരി വയ്ക്കുകയാണ് ബോറിസ് ജോണ്‍സണ്‍ ചെയ്തത്.

മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സക്രിപലിന്റെ വധമടക്കമുള്ള വിഷയങ്ങളില്‍ റഷ്യയും യുകെയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സന്റെ വിവാദ പ്രസ്താവന. സെര്‍ജി സ്‌ക്രിപലിനെയും മകളേയും റഷ്യ നാഡീവിഷ ആക്രമണത്തിലൂടെ വധിച്ചു എന്നാണ് ബ്രിട്ടന്റെ ആരോപണം. പുടിന്‍ നേരിട്ടാണ് ഈ വധത്തിന് ഉത്തരവിട്ടത് എന്ന് വരെ ബ്രിട്ടീഷ് അധികൃതര്‍ ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും നേരത്തെ നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കിയിരുന്നു. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ക്ക് റഷ്യ ഭീഷണിയാണ് എന്ന് ബ്രിട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ബ്രിട്ടന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍