UPDATES

വിദേശം

ബ്രെക്‌സിറ്റ് കരാറില്‍ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ; വീണ്ടും മന്ത്രി രാജിക്ക്

ലേബര്‍ പാര്‍ട്ടിക്കൊപ്പം ബ്രെക്‌സിറ്റ് ഡീലിനെതിരെ വോട്ട് ചെയ്യുമെന്ന് സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഡിയുപി തുടങ്ങിയവയും അറിയിച്ചിട്ടുണ്ട്. നിലവില്‍ 80ലധികം ടോറി എംപിമാര്‍ മേയുടെ കരാറിന് എതിരാണ് എന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രെക്‌സ്റ്റ് കരാറുമായി മുന്നോട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. അതേസമയം കാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവ് രാജിയെ പറ്റി ആലോചിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ ബ്രെക്‌സിറ്റ് സെക്രട്ടറിയാക്കാം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം മൈക്കിള്‍ ഗോവ് തള്ളിയതായി ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്വെന്‍സ്ബര്‍ഗ് പറയുന്നു. ബ്രെക്‌സിറ്റ് ഡീലില്‍ മാറ്റങ്ങള്‍ക്ക് മേ അനുവദിക്കില്ല എന്നതാണ് മൈക്കിള്‍ ഗോവ് ഉയര്‍ത്തുന്ന പ്രശ്‌നം. കരാറിനെതിരെ പ്രതിഷേധമുയര്‍ത്തി മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടരി എസ്തര്‍ മക്വേയും രാജി വച്ചിരുന്നു.

ജനങ്ങള്‍ എന്തിനാണോ വോട്ട് ചെയ്തത്, അതാണ് ബ്രെക്‌സിറ്റ് ഡീലില്‍ പ്രതിഫലിക്കുന്നത് എന്നാണ് തെരേസ മേയുടെ വാദം. എന്നാല്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് ഡീലിനെതിരെ ഉയരുന്നത്. ബാക്ക് ബെഞ്ച് എംപിമാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹൗസ് ഓഫ് കോമണ്‍സില്‍ (പാര്‍ലമെന്റിന്റെ അധോസഭ) മേയ്‌ക്കെതിരെ ശക്തമായ കടന്നാക്രമണമാണ് ഇത് സംബന്ധിച്ച് നടന്നത്. ജേക്കബ് റീസ് മോഗ് അടക്കമുള്‌ള ടോറി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) ബാക്ക് ബഞ്ചര്‍ എംപിമാര്‍ തെരേസ മേയില്‍ അവിശ്വാസം രേഖപ്പെടുത്തിയുള്ള കത്ത് കണ്‍സര്‍വേറ്റീവ്‌സ് ബാക്ക് ബെഞ്ച് കമ്മിറ്റി ചെയര്‍മാന് നല്‍കിയിട്ടുണ്ട്. 48 കത്തുകള്‍ വന്നാല്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടിലേയ്ക്ക് പോകും. തെരേസ മേയില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങള്‍ മന്ത്രിമാര്‍ തുടരുകയാണ്.

ബ്രെക്‌സിറ്റിന് ശേഷമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ (യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാരുടേയും ഇയു രാജ്യങ്ങളില്‍ താമസിക്കുന്ന യുകെ പൗരന്മാരുടേയും അവകാശങ്ങള്‍), 21 മാസത്തെ ട്രാന്‍സിഷന്‍ പീരിഡ്, 39 ബില്യണ്‍ പൗണ്ടിന്റെ ഡിവോഴ്‌സ് ബില്‍, യുകെയുടെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്റും റിപ്പബ്ലിക് ഓഫ് അയര്‍ലന്റും തമ്മിലുള്ള അതിര്‍ത്തി നിയന്ത്രണം ശക്തിപ്പെടുത്തല്‍ ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ കരാറിലുണ്ട്. അതിര്‍ത്തി നിയന്ത്രണ പ്രശ്‌നം വലിയ വിവാദമായതാണ്. താന്‍ മുന്നോട്ട് വച്ച വ്യവസ്ഥകളാണ് രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എന്നാണ് മേയുടെ അവകാശവാദം.

അതേസമയം പാതി ‘വെന്ത’തും രണ്ട് ബ്രെക്‌സിറ്റ് സെക്രട്ടറിമാര്‍ തള്ളിക്കളഞ്ഞതുമായ ഈ കരാര്‍ ഇത്തരത്തില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിക്കൊപ്പം ബ്രെക്‌സിറ്റ് ഡീലിനെതിരെ വോട്ട് ചെയ്യുമെന്ന് സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഡിയുപി (ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി) തുടങ്ങിയവയും അറിയിച്ചിട്ടുണ്ട്. നിലവില്‍ 80ലധികം ടോറി എംപിമാര്‍ മേയുടെ കരാറിന് എതിരാണ് എന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍