UPDATES

വിദേശം

31 മില്യണ്‍ പൗണ്ടും രണ്ട് കുട്ടികളുമായി ദുബായ് ഭരണാധികാരിയുടെ ഭാര്യ രാജ്യം വിട്ടു, നാടുവിടല്‍ ഷേയ്ഖുമായി അകന്നതിന് പിന്നാലെ

രാഷ്ട്രീയ അഭയം തേടിയാണ് ഇവര്‍ ആദ്യം ജര്‍മ്മനിയിലെത്തിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ഭാര്യ ഹായ രാജകുമാരി യുഎഇ വിട്ട് വിദേശത്തേയ്ക്ക് പോയി. രണ്ട് കുട്ടികളേയും കൊണ്ടാണ് ഇവര്‍ രഹസ്യമായി രാജ്യം വിട്ടത്. 31 മില്യണ്‍ പൗണ്ട് (ഏതാണ്ട് 14,45,49,306.23 യുഎഇ ദിറാം, 2,71,35,08,856.25 ഇന്ത്യന്‍ രൂപ) പണം ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. യുഎഇയില്‍ നിന്ന് ആദ്യം ജര്‍മ്മനിയിലേയ്ക്ക് പോയ ഇവര്‍ ഇപ്പോള്‍ ലണ്ടനില്‍ ഒളിച്ചുതാമസിക്കുകയാണ് എന്ന് കരുതുന്നു. റാഷിദ് അല്‍ മഖ്തൂമുമായി തെറ്റി അകന്നിരിക്കുകയായിരുന്നു ആറാം ഭാര്യയും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ദ്ധ സഹോദരിയുമായ ഹായ രാജകുമാരി.

മക്കളായ 11കാരി ജാലിയയും ഏഴ് വയസുകാരന്‍ സയദും ഹായ രാജകുമാരിക്കൊപ്പമുണ്ട്. രാഷ്ട്രീയ അഭയം തേടിയാണ് ഇവര്‍ ആദ്യം ജര്‍മ്മനിയിലെത്തിയത്. മേയ് 20ന് ശേഷം ഹായ രാജകുമാരി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഫെബ്രുവരി മുതല്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും നിര്‍ജ്ജീവമായിരുന്നു. നേരത്തെ ആതുരസേവന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റുകളടക്കം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹായ സജീവമാക്കി നിര്‍ത്തിയിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഹായ ഉന്നത വിദ്യാഭ്യാസം നേടിയത്. ഷെയ്ഖ് റാഷിദ് അല്‍ മഖ്തൂമില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുകയാണ് ഹായ. യുഎഇയിലെ ഒരു ജര്‍മ്മന്‍ നയതന്ത്രജ്ഞന്റെ സഹായത്തോടെയാണ് ഹായ രാജകുമാരി രാജ്യം വിട്ടത് എന്നാണ് കരുതപ്പെടുന്നത്. ജര്‍മ്മനിയുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധം ഉലയാന്‍ ഇത് ഇടയാക്കും. ഭാര്യയെ തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന റാഷിദ് അല്‍ മഖ്തൂമിന്റെ അഭ്യര്‍ത്ഥന ജര്‍മ്മന്‍ അധികൃതര്‍ തള്ളിയിരിക്കുകയാണ്.

നേരത്തെ റാഷിദ് അല്‍ മഖ്തൂമിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഷെയ്ഖ ലത്തീഫ രാജ്യം വിടാന്‍ ശ്രമിച്ചതും ദുബായ് ഇന്ത്യയുടെ സഹായത്തോടെ ഇവരെ തിരിച്ചെത്തിച്ച് വീട്ടുതടങ്കലിലാക്കിയതും അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ വിവാദമായിരുന്നു. യുഎഇ വിട്ട ഷെയ്ഖ ലത്തീഫ, വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ കടല്‍ മാര്‍ഗം ഇന്ത്യയിലെത്തി, ഇവിടെ നിന്ന് വിമാന മാര്‍ഗം യുഎസിലേയ്ക്ക് പോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ദുബായ് ഭരണാധികാരിയുടേയും യുഎഇയുടേയും ആവശ്യപ്രകാരം പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇവരുടെ ബോട്ടിനെ തടഞ്ഞ് തിരിച്ച് ദുബായിലെത്തിക്കുകയുമായിരുന്നു. പിതാവിന്റേയും കുടുംബാംഗങ്ങളുടേയും പീഡനം സഹിക്ക വയ്യാതെയാണ് ലത്തീഫ് രാജ്യം വിട്ടത് എന്നായിരുന്നു റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്‌നത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍