ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) മുന്നിലെന്ന് റിപ്പോര്‍ട്ട്. 62 സീറ്റുകളില്‍ പിടിഐ മുന്നിലാണ് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) മുന്നിലെന്ന് റിപ്പോര്‍ട്ട്. 62 സീറ്റുകളില്‍ പിടിഐ മുന്നിലാണ് എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പിടിഐ ചെയര്‍മാന്‍ ആയ ഇമ്രാന്‍ ഖാന്‍ മൂവായിരത്തില്‍ പരം വോട്ടിന് ലീഡ് ചെയ്യുന്നു. അഭിപ്രായ സര്‍വേകള്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി മുന്നിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.
ഇമ്രാന്‍ ഖാന്റെ പിടിഐ, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്), ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയാണ് പ്രധാന കക്ഷികള്‍. പിപിപി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയും പിതാവും പാകിസ്താന്‍ മുന്‍ പ്രസിഡണ്ടുമായ ആസിഫ് അലി സര്‍ദാരിയും ലീഡ് ചെയ്യുന്നതായാണ് പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍ (എന്‍) നേതാവുമായ ഷാഹിദ് അബ്ബാസി പിന്നിലാണെന്നാണ് വിവരം. 272 അംഗ നാഷണല്‍ അസംബ്ലിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകളുള്ള പഞ്ചാബ് പ്രവിശ്യയിലെ ഫലം എല്ലാ കക്ഷികള്‍ക്കും നിര്‍ണായകമാണ്.
പാകിസ്താനിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയും ഉറ്റുനോക്കുകയാണ്. സൈന്യം ഇമ്രാന്‍ ഖാന് അനുകൂലമായി പ്രവര്‍ത്തിച്ചതായും തിരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് ശ്രമിക്കുന്നതായും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരിക്കുന്ന നവാസ് ഷരീഫ് ആരോപിച്ചിരുന്നു. പോളിംഗ് ദിവസമായ ഇന്ന് ക്വെറ്റയിലെ സ്‌ഫോടനങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.