UPDATES

വിദേശം

ഇനി പാക്കിസ്താന്‍ ഭരിക്കാന്‍ ഇമ്രാന്‍ ഖാന്‍; പിന്നില്‍ സൈന്യവും

നവാസ് ഷെരീഫിനെ കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെ കൂടിയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്

പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് പിടിഐ 114 സീറ്റുകളിലും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്‍ (എന്‍) 64 സീറ്റുകളിലും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 43 സീറ്റുകളിലും ലീഡ് ചെയ്യുന്നതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 47 ശതമാനം കൗണ്ടിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ചാണ് ഇതെന്നും ഡോണ്‍ പറയുന്നു. പിടിഐ 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതായും പിഎംഎല്‍എന്നിന്റെ ലീഡ് 55 സീറ്റില്‍ ഒതുങ്ങുന്നതായുമാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പറയുന്നത്. 272 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

‘പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ റെഡിയാണ് എന്നാണ് ഡോണ്‍ പറയുന്നത്. അതേസമയം വ്യാപക ക്രമക്കേടുകള്‍ നടന്നതായും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായും ആരോപിച്ച പാകിസ്താന്‍ മുസ്ലീം ലീഗ് – നവാസ് (പിഎംഎല്‍എന്‍) പ്രസിഡന്റും നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും രംഗത്തെത്തി. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളഞ്ഞു. പിഎംഎല്‍എന്നിനും പിപിപിയ്ക്കും പുറമെ മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് പാകിസ്താന്‍ (എംക്യുഎംപി), അവാമി നാഷണല്‍ പാര്‍ട്ടി (എഎന്‍പി) എന്നിവയും പോളിംഗ് സ്റ്റാഫിനെ വച്ച് തിരഞ്ഞെടുപ്പ് അട്ടിറിച്ചതായി ആരോപിച്ച് രംഗത്തെത്തി.

തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും ഇമ്രാന്‍ ഖാനെ സഹായിക്കുന്നതിനുമായി സൈന്യം ഇടപെട്ടതായി നവാസ് ഷരീഫ് നേരത്തെ ആരോപിച്ചിരുന്നു. പോളിംഗ് ഏജന്റുകളെ പുറത്താക്കി, അവരുടെ അസാന്നിദ്ധ്യത്തില്‍ വോട്ടെണ്ണല്‍ നടത്തിയത് സംബന്ധിച്ചും ഫലപ്രഖ്യാപനം തടഞ്ഞുവച്ചത് സംബന്ധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഷഹബാസ് ഷരീഫും ബിലാവല്‍ ഭൂട്ടോയും പറയുന്നു. ഔദ്യോഗിക ഫലം ലഭ്യമാകുന്നില്ല എന്നാണ് ഇവരുടെ പരാതി. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും തള്ളിക്കളയുന്നതായി ഷഹബാസ് ഷരീഫ് വ്യക്തമാക്കി.

ഏറ്റവുമധികം അസംബ്ലി സീറ്റുകളുള്ളതും പാകിസ്താന്‍ മുസ്ലീം ലീഗിന്റെ ശക്തമായ സ്വാധീനമേഖലയുമായ പഞ്ചാബ് പ്രവിശ്യയിലും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാണ് മുന്നില്‍. പഞ്ചാബ് പ്രവിശ്യയിലും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തങ്ങളെ പിന്തള്ളിയത് പിഎംഎല്‍എന്നിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ഷഹബാസ് ഷരീഫ് ഇത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോര്‍ട്ട് 10 വര്‍ഷത്തേയ്ക്കും ഏഴ് വര്‍ഷത്തേയ്ക്കും തടവ് ശിക്ഷ വിധിച്ച നവാസ് ഷരീഫും മകള്‍ മറിയം നവാസും ജയിലിലാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി പാക് സൈന്യമാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഷരീഫിന്റെ ആരോപണം.

അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ പാകിസ്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ (ഇസിപി) എല്ലാ പാര്‍ട്ടികള്‍ക്കും പരാതികളുമായി കമ്മീഷനെ സമീപിക്കാമെന്ന് അറിയിച്ചു. തോല്‍ക്കുന്ന പാര്‍ട്ടികള്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് സാധാരണയാണെന്നും 2013ലും തിരഞ്ഞെടുപ്പ് ക്രമക്കേടും അട്ടിമറിയും ആരോപിക്കപ്പെട്ടിരുന്നതായും അന്ന് പിടിഐയാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും രാഷ്ട്രീയ നിരീക്ഷകന്‍ സാഹിദ് ഹുസൈന്‍ പറയുന്നു. അതേസമയം എല്ലാ തവണത്തേക്കാളും ആരോപണങ്ങളേക്കാള്‍ ഇത്തവണ തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും അത് അന്വേഷിക്കപ്പെടണമെന്നും കരുതുന്നവരുമുണ്ട്.

നവാസ് ഷെരീഫിനെ കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെ കൂടിയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. സൈന്യത്തിന്റെ മേധാവിത്തം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ഇന്ത്യ അടക്കമുള്ള അയല്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധത്തിന് ശ്രമം നടത്തുകയും ചെയ്ത ഷെരീഫിന്റെ നടപടി സൈന്യത്തെ പ്രകോപിപ്പിച്ചിരുന്നു. സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുള്ള ഇമ്രാന്‍ ‘ലാഡ്ലാ’ (കണ്ണിലുണ്ണി) എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യാ വിരുദ്ധ വികാരങ്ങളോ കാശ്മീര്‍ പ്രശ്നം പോലുമോ പാക് തെരഞ്ഞെടുപ്പില്‍ അധികം ചര്‍ച്ചയായില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യ-പാക് ബന്ധത്തില്‍ കാര്യമായി പുരോഗതി ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല, കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വരുന്നതിനെ ഇന്ത്യ സൂക്ഷ്മമായാണ് നോക്കിക്കാണുന്നത്.

Explainer: സൈന്യമോ ജനാധിപത്യമോ? പാകിസ്താൻ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍