UPDATES

വിദേശം

ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള ബ്രീട്ടീഷ് ഗവണ്‍മെന്റിന്റെ ക്ഷണം ജെര്‍മി കോര്‍ബിന്‍ നിരസിച്ചു

പ്രധാന അന്താരാഷ്ട്ര ഉടമ്പടികളില്‍ നിന്ന് പിന്മാറുന്ന, കാലാവസ്ഥാ വ്യതിയാനത്തെ പിന്തുണക്കുന്ന, വംശവെറി വച്ചുപുലര്‍ത്തുന്ന, സ്ത്രീവിരുദ്ധനായ ഒരു പ്രസിഡന്റിന്, പ്രധാനമന്ത്രി തെരേസ മേ ഇത്തരത്തില്‍ സ്വീകരണം നല്‍കരുത് എന്ന് ജെര്‍മി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള യുകെ ഗവണ്‍മെന്റിന്റെ ക്ഷണം ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും എംപിയുമായ ജെര്‍മി കോര്‍ബിന്‍ നിരസിച്ചു. ജൂണില്‍ ട്രംപ് യുകെ സന്ദര്‍ശിക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് ട്രംപിന് അത്താഴവിരുന്ന് നല്‍കുന്നത്. ട്രംപിന് അത്താഴവിരുന്ന് നല്‍കാനുള്ള തീരുമാനത്തോട് തനിക്ക് യോജിപ്പില്ല എന്ന് ജെര്‍മി കോര്‍ബിന്‍ വ്യക്തമാക്കി. യുകെയിലെ ഏറ്റവും ജനപിന്തുണയുള്ള ഇടതുപക്ഷ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള നേതാവുമാണ് പ്രതിപക്ഷ നേതാവായ ജെര്‍മി കോര്‍ബിന്‍.

പ്രധാന അന്താരാഷ്ട്ര ഉടമ്പടികളില്‍ നിന്ന് പിന്മാറുന്ന, കാലാവസ്ഥാ വ്യതിയാനത്തെ പിന്തുണക്കുന്ന, വംശവെറി വച്ചുപുലര്‍ത്തുന്ന, സ്ത്രീവിരുദ്ധനായ ഒരു പ്രസിഡന്റിന്, പ്രധാനമന്ത്രി തെരേസ മേ ഇത്തരത്തില്‍ സ്വീകരണം നല്‍കരുത് എന്ന് ജെര്‍മി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. യുഎസുമായി ദൃഢബന്ധം തുടരുന്നതിന് ഇത്തരത്തിലുള്ള സ്വീകരണം ആവശ്യമില്ല. പ്രധാനമന്ത്രി ഇത്തരത്തില്‍ യുഎസ് ഭരണകൂടത്തിന്റെ താല്‍പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നത് നിരാശാജനകമാണ് എന്നും കോര്‍ബിന്‍ പറഞ്ഞു. അതേസമയം ട്രംപ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് താല്‍പര്യപ്പെടാന്‍ ഇടയില്ല എന്നും കോര്‍ബിന്‍ പറഞ്ഞു.

ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സര്‍ വിന്‍സെ കേബിളും ട്രംപിന് വിരുന്ന് നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ക്ഷണം നിരസിച്ചു. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിസ നിരോധനം അടക്കമുള്ള വിവാദ തീരുമാനങ്ങള്‍ സ്പീക്കര്‍ ബെര്‍കോ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിന്റെ സന്ദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ട് 80ലധികം പ്രതിപക്ഷ എംപിമാര്‍ രംഗത്തുണ്ട്. വലിയ പ്രതിഷേധമാണ് ലണ്ടനിലടക്കം ട്രംപിനെ കാത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍