UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പലസ്തീന്‍ പോരാളി അഹദ് തമീമിയെ ഇസ്രയേല്‍ ജയിലില്‍ നിന്ന് വിട്ടയച്ചു

കുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരം പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഹദ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. നേരത്തേയും അഹദ് ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങളും സൈന്യം കോടതിയിലെത്തിച്ചിരുന്നു.

ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന പലസ്തീന്‍ പെണ്‍കുട്ടി അഹദ് തമീമി ജയിലില്‍ നിന്ന് വിട്ടയച്ചു. വെസ്റ്റ്ബാങ്കിലെ വീടിന് സമീപം, ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ പതിനേഴുകാരിക്ക് തടവുശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ അഹദിനെയും അമ്മയേയും ഇസ്രയേല്‍ ജയിലില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ റബര്‍ ബുള്ളറ്റ് വെടിവയ്പില്‍ പതിനഞ്ചുകാരനായ, ബന്ധുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നറിഞ്ഞതിനെ തുടര്‍ന്നാണ് തമീമി സൈനികരോട് പ്രതിഷേധം പ്രകടിപ്പിക്കുകയും അവരെ അടിക്കുകയും ചെയ്തത്. ജറുസലമിനെ ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചുള്ള യുഎസ്പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലസ്തീന്‍ പ്രതിരോധത്തിന്റെ യുവ പ്രതീകമായി അഹദ് മാറി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 16 വയസായിരുന്നു അഹദിന്. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

അഹദിനൊപ്പം സൈനികര്‍ക്ക് നേരെ തിരിഞ്ഞ അമ്മ നരിമാന്‍ തമീമിയെയും ബന്ധു നൂറിനെയും പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ തല്ലുമ്പോള്‍ നൂറും ഒപ്പമുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരേയും മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. അഹദിന്റെ നടപടിയെ ക്രിമിനല്‍ കുറ്റകൃത്യമായാണ് ഇസ്രയേലി സൈനിക കോടതി വിലയിരുത്തിയത്. തുടര്‍ന്ന് എട്ട് മാസത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. കുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരം പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഹദ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. നേരത്തേയും അഹദ് ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങളും സൈന്യം കോടതിയിലെത്തിച്ചിരുന്നു. ഇസ്രയേല്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന പലസ്തീനികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ അഹദ് മര്‍ദ്ദിക്കുകയായിരുന്നു എന്നായിരുന്നു സൈന്യത്തിന്റെ വാദം. വെസ്റ്റ് ബാങ്കിനെ ഇസ്രയേലുമായി വേര്‍തിരിക്കുന്ന കൂറ്റന്‍ ചുമരില്‍ അഹദിന്റെ ചിത്രം വരച്ചായിരുന്നു പലസ്തീന്‍ പ്രതികരിച്ചത്. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും അഹദിന് അനുമോദനവുമായി രംഗത്തെത്തിയിരുന്നു.

അഹദ് തമീമി ജയില്‍ മോചിതയാവുന്നു; വരവേല്‍ക്കാന്‍ കൂറ്റന്‍ ചിത്രമൊരുക്കി പലസ്തീന്‍ ജനത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍