UPDATES

വിദേശം

രാജി വച്ച ജിം മാറ്റിസിന് പകരം പാട്രിക് ഷനാഹന്‍ പുതിയ യുഎസ് പ്രതിരോധ സെക്രട്ടറിയാകും

2019 ജനുവരി ഒന്നിന് പാട്രിക് ഷനാഹന്‍ ചുമതലയേല്‍ക്കും. അതേസമയം ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറിയായാണ് ഷനാഹന്‍ പ്രവര്‍ത്തിക്കുക.

വിദേശനയത്തിലുള്‍പ്പടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാജി വച്ച ജിം മാറ്റിസിന് പകരം പുതിയ യുഎസ് പ്രതിരോധ സെക്രട്ടറിയായി പാട്രീക് ഷനാഹനെ നിയമിക്കും. ഡൊണാള്‍ഡ് ട്രംപ് ഇന്നലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്നിന് പാട്രിക് ഷനാഹന്‍ ചുമതലയേല്‍ക്കും. അതേസമയം ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറിയായാണ് ഷനാഹന്‍ പ്രവര്‍ത്തിക്കുക.

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അടക്കമുള്ളവയില്‍ പ്രതിഷേധിച്ചാണ് ജിം മാറ്റിസ് രാജി നല്‍കിയത്. ബാഷര്‍ അല്‍ അസദിന് എതിരായ സിറിയയിലെ കുര്‍ദുകളെ യുഎസ് സംരക്ഷിക്കണമെന്ന് ജിം മാറ്റിസ് ആവശ്യപ്പെട്ടിരുന്നു. യുഎസ് സൈന്യത്തെ പിന്‍വലിച്ചാല്‍ റഷ്യയും തുര്‍ക്കിയുമടക്കമുള്ളവ സിറിയയില്‍ ആധിപത്യം സ്ഥാപിക്കുമെന്നും ജിം മാറ്റിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കി സിറിയയിലെ കുര്‍ദുകള്‍ക്കെതിരെ സൈനികനടപടിക്കൊരുങ്ങുകയുമാണ്.

ബോയിംഗ് കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു പാട്രിക് ഷനാഹന്‍. 2017 ജൂലൈയിലെ ഷനാഹനെ, ട്രംപ് പെന്റഗണില്‍ (പ്രതിരോധ വകുപ്പ്) നിയമിക്കുന്നത്. യുഎസിന് ബഹിരാകാശ സൈന്യം വേണമെന്ന നിലപാടുകാരനാണ് പാട്രിക് ഷനാഹന്‍. ട്രംപിന്റെ ഇത് സംബന്ധിച്ച പദ്ധതിയെ ഷനാഹന്‍ ശക്തമായി പിന്തുണക്കുന്നു. വാഷിംഗ്ടണ്‍ സ്വദേശിയാണ്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, ബിസിനസ് ബിരുദങ്ങള്‍ നേടിയ ശേഷം 1986ല്‍ ബോയിംഗ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍