UPDATES

വിദേശം

വലതുപക്ഷ നേതാവ് ബൊല്‍സൊണാരോ ബ്രസീല്‍ പ്രസിഡന്റ്; കമ്മ്യൂണിസവുമായുള്ള ‘പഞ്ചാരയടി’ ഇനി നടക്കില്ലെന്ന് ബൊല്‍സൊണാരോ

സോഷ്യലിസവും കമ്മ്യൂണിസവും ജനകീയതയും ഇടതുപക്ഷ തീവ്രവാദവുമൊക്കെയായുള്ള പഞ്ചാരയടി ഇനി നമുക്ക് തുടരാനാകില്ല. ബൈബിളും ഭരണഘടനയും ആധാരമാക്കി ഭരിക്കുമെന്നും ബ്രസീലിന്റെ വിധി കൂട്ടായ പരിശ്രമത്തിലൂടെ മാറ്റുമെന്നും നന്ദി പ്രസംഗത്തില്‍ ബൊല്‍സൊണാരോ പറഞ്ഞു.

ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലതുപക്ഷ കക്ഷിയായ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് ജയിര്‍ ബൊല്‍സൊണാരോ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 55.7 ശതമാനം വോട്ട് നേടിയാണ് ബൊല്‍സൊണാരോ വിജയിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ ഹദാദിന് 44.87 ശതമാനം വോട്ടാണ് ലഭിച്ചത്.ബ്രസീല്‍ ഭരണഘടനയുടെ കോപ്പിയും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പുസ്തകവും കയ്യില്‍ പിടിച്ചാണ് ജയിര്‍ ബൊല്‍സൊണാരോ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രസംഗിച്ചത് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യലിസവും കമ്മ്യൂണിസവും ജനകീയതയും ഇടതുപക്ഷ തീവ്രവാദവുമൊക്കെയായുള്ള പഞ്ചാരയടി ഇനി നമുക്ക് തുടരാനാകില്ല. ബൈബിളും ഭരണഘടനയും ആധാരമാക്കി ഭരിക്കുമെന്നും ബ്രസീലിന്റെ വിധി കൂട്ടായ പരിശ്രമത്തിലൂടെ മാറ്റുമെന്നും നന്ദി പ്രസംഗത്തില്‍ ബൊല്‍സൊണാരോ പറഞ്ഞു. ജനുവരി ഒന്നിന് ബൊല്‍സൊണാരോ പ്രസിഡന്റായി അധികാരമേല്‍ക്കും.

അനിയന്ത്രിതമായി ക്ഷേമ പദ്ധതികള്‍ക്കും മറ്റുമായി പൊതുപണം ചിലവഴിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് രീതി പുതിയ സര്‍ക്കാര്‍ പിന്തുടരില്ല എന്നാണ് നിയുക്ത ധന മന്ത്രി പൗലോ ഗൈഡസ് വ്യക്തമാക്കിയിരിക്കുന്നത്. ബ്രസീലിലെ മധ്യ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ പിന്തുടര്‍ന്നിരുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളും സാമ്പത്തിക നയങ്ങളുമായിരിക്കില്ല തങ്ങളുടെ നയം എന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. പെന്‍ഷന്‍ പരിഷ്‌കാരവും നികുതിഘടന ലഘൂകരിക്കുന്നതുമെല്ലാം അനിവാര്യമാണെന്നും ഗൈഡസ് പറയുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും തൊഴിലില്ലായ്മയുമെല്ലാം ചേര്‍ന്നുണ്ടാക്കിയ അരക്ഷിതാവസ്ഥയാണ് ജയിര്‍ ബൊല്‍സൊണാരോയുടെ വിജയത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ നാല് പൊതുതിരഞ്ഞെടുപ്പിലും ജയിച്ച് 2003 മുതല്‍ അധികാരത്തിലുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. ‘ട്രോപ്പിക്കല്‍ ട്രംപ്’ എന്നാണ് ബൊല്‍സൊണാരോ അറിയപ്പെടുന്നത്. ബ്രസീല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുകയും അഴിമതിയും അക്രമങ്ങളും കുറ്റകൃത്യങ്ങളും വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം ബൊല്‍സൊണാരോ ബ്രസീല്‍ ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന എതിരാളികളുടെ വിമര്‍ശനങ്ങള്‍ മുന്‍വിധികളുടെ ഭാഗമായി ഉണ്ടാകുന്നതാണെന്ന് നിയുക്ത പ്രതിരോധ മന്ത്രിയും മുന്‍ സൈനികനുമായ ജനറല്‍ അഗസ്‌റ്റോ ഹെലേനോ അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇത് ശീലമായിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ആര്‍മി ക്യാപ്റ്റനാണ് 63കാരനായ ബൊല്‍സൊണാരോ. ബ്രസീലിലെ പട്ടാള ഭരണകൂടങ്ങള്‍ നടത്തിയ അടിച്ചമര്‍ത്തലുകളെ ശക്തമായി പിന്തുണയ്ക്കുന്നയാള്‍. വംശവെറിയന്‍, സ്ത്രീ വിരുദ്ധന്‍, ലൈംഗിക ന്യൂനപക്ഷങ്ങളോട് വെറുപ്പ് വച്ചുപുലര്‍ത്തുന്നയാള്‍ എന്നെല്ലാമാണ് ബൊല്‍സൊണാരോയെക്കുറിച്ച് എതിരാളികളുടെ ആരോപണങ്ങള്‍. ഈ ആരോപണങ്ങളില് ചില വസ്തുതകളുണ്ട് താനും. തന്റെ ആണ്‍മക്കള്‍ സ്വവര്‍ഗാനുരാഗികള്‍ ആകുന്നതിനേക്കാള്‍ അവര്‍ മരിക്കുന്നതാണ് നല്ലതെന്ന് ബൊല്‍സൊണാരോ പറഞ്ഞിരുന്നു. കറുത്തവര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു.

തനിക്ക് വോട്ട് ചെയ്ത 4.5 കോടിയോളം വരുന്നവര്‍ക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സാവോ പോളോ മുന്‍ മേയറുമായിരുന്ന ഫെര്‍ണാണ്ടോ ഹദാദ് നന്ദി പരഞ്ഞു. സ്വാതന്ത്ര്യം സംരക്ഷിക്കാനായി പോരാടുമെന്ന് ഹദാദ് വ്യക്തമാക്കി. ഹദാദ് ബൊല്‍സൊണാരോയെ അഭിനന്ദിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റും ബ്രസീലിലെ നിലവിലെ ഏറ്റവും ജനപ്രിയ നേതാവുമായ ലുല ഡ സില്‍വയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടി അംഗമാണ് ഹദാദ്. കൈക്കൂലി കേസില്‍ 12 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ലുലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഹദാദ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നത്. ഫാഷിസ്റ്റ് വിളികളുമായി ബൊല്‍സൊണാരോക്കെതിരെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ആസ്ഥാനത്തിന് സമീപം പ്രവര്‍ത്തകരും അനുഭാവികളും പ്രകടനം സംഘടിപ്പിച്ചു. ബ്രസീലിന്റെ ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ചിലെ മാര്‍ക് വെയ്‌സ്‌ബ്രോട് പറഞ്ഞതെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലിലെ മാധ്യമപ്രവര്‍ത്തകരോടും പൗരാവകാശ പ്രവര്‍ത്തകരോടും ജഡ്ജിമാരോടും ഒന്ന് കരുതിയിരിക്കാന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍