UPDATES

വിദേശം

ബ്രെക്‌സിറ്റ് ഡീല്‍ ബില്ലിലെ തോല്‍വി: ‘പ്ലാന്‍ ബി’ ഇന്ന് തെരേസ മേ പുറത്തുവിട്ടേക്കും

ബ്രെക്‌സിറ്റ് ഡീല്‍ വൈകിപ്പിക്കുന്നതും യുകെ ഇയു വിടുന്നത് തടയുന്നതുമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നുമാണ് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന്റെ ക്ഷീണം മാറ്റാന്‍ പ്ലാന്‍ ബിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇയു വിടാനുള്ള എക്‌സിറ്റ് ഡേറ്റ് കാലാവധി മാര്‍ച്ച് 29 വരെയാണ്. കരാറിനെ എതിര്‍ക്കുന്ന എംപിമാര്‍ പുതിയ ഭേദഗതികളും മറ്റും ആവശ്യപ്പെടുകയും ചെയ്യുന്നു. കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു. ബ്രെക്‌സിറ്റ് ഡീല്‍ വൈകിപ്പിക്കുന്നതും യുകെ ഇയു വിടുന്നത് തടയുന്നതുമായ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നുമാണ് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 29നാണ് പ്ലാന്‍ ബിയായി കൊണ്ടുവരുന്ന ബില്‍ പാര്‍ലമെന്റില്‍ വയ്ക്കുക. അതേസമയം മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ വിമത എംപിമാര്‍ അടക്ക മുന്നോട്ട് വയ്ക്കുന്ന ഭേദഗതികള്‍ അംഗീകരിക്കാതെ ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കാനാകില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റ് കരാറിനെ എതിര്‍ക്കുന്ന എംപിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രെക്‌സിറ്റിന്റെ ശക്തനായ വക്താവും ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറിയുമായ ലിയാം ഫോക്‌സ് രംഗത്തെത്തി. ബ്രെക്‌സിറ്റ് ജനവിധിയെ അട്ടിമറിക്കാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്ന് ലിയാം ഫോക്‌സ് അഭിപ്രായപ്പെട്ടു.

അതേസമയം വ്യക്തമായ കരാറില്ലാതെ ഇയു വിടില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയാല്‍ മാത്രമേ ചര്‍ച്ചകളില്‍ പങ്കെടുക്കൂ എന്നാണ് ലേബര്‍ പാര്‍ട്ടി നേതാവും എംപിയുമായ ജെര്‍മി കോര്‍ബിന്‍ പറയുന്നത്. വടക്കന്‍ അയര്‍ലന്റ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട കാര്യങ്ങളിലാണ് തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീലിനെതിരെ പ്രധാനമായും എതിര്‍പ്പുയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍