UPDATES

വിദേശം

മകന്‍ റഷ്യന്‍ അഭിഭാഷകയെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് ട്രംപ്; കൂടിക്കാഴ്ച ഹിലരിയെക്കുറിച്ച് വിവരം ശേഖരിക്കാൻ

രാഷ്ട്രീയ എതിരാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു 2016 ജൂണിലെ കൂടിക്കാഴ്ചയെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ഇത് നിയമവിധേയമാണ് എന്നാണ് ട്രംപിന്റെ അവകാശവാദം.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച സ്‌പെഷല്‍ കോണ്‍സല്‍ അന്വേഷണം മുറുകുന്നതിനിടെ തന്റെ മകന്‍ ട്രംപ് ജൂനിയര്‍ റഷ്യന്‍ അഭിഭാഷകയെ കണ്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. രാഷ്ട്രീയ എതിരാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു 2016 ജൂണിലെ കൂടിക്കാഴ്ചയെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ഇത് നിയമവിധേയമാണ് എന്നാണ് ട്രംപിന്റെ അവകാശവാദം. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ വച്ച് നടന്ന വിവാദ കൂടിക്കാഴ്ച സംബന്ധിച്ചുള്ള ഏറ്റവും നേരിട്ടുള്ള വെളിപ്പെടുക്കലാണ് ട്രംപ് ആദ്യമായി നടത്തിയിരിക്കുന്നത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പരാജയം ഉറപ്പാക്കി ട്രംപിന് അനുകൂലമായി ഫലമുണ്ടാക്കുന്ന തരത്തില്‍ റഷ്യ അട്ടിമറി നടത്തിയെന്ന ആരോപണമാണ് സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ സംഘം അന്വേഷിച്ചുവരുന്നത്. റഷ്യയുമായുള്ള ചര്‍ച്ചയുടെ ഭാഗമായി അഭിഭാഷക നടാലിയയെ വെസെല്‍നിറ്റ്‌സ്‌കായയെ ട്രംപ് ജൂനിയര്‍ അടക്കമുള്ളവര്‍ കണ്ടിരുന്നു എന്നായിരുന്നു യുഎസ് ഇന്റലിജന്റ്‌സ് ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.

റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധമുള്ളയാളാണ് നടാലിയ വെസെല്‍നിറ്റ്‌സ്‌കായ. മകന്‍ നിയമക്കുരുക്കില്‍ പെട്ടേക്കാം എന്ന ആശങ്കയിലാണ് ട്രംപിന്റെ തുറന്നുപറച്ചില്‍ എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍, അസോസിയേറ്റഡ് പ്രസ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഈ മാധ്യമങ്ങള്‍ നടത്തുന്ന നുണ പ്രചാരണമാണിതെന്നും നിയമവിധേയമായ ഈ കൂടിക്കാഴ്ചയില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും രാഷ്ട്രീയ എതിരാളികളെ സംബന്ധിച്ച് ഇത്തരത്തില്‍ വിവരങ്ങള്‍ തേടുന്നത് എക്കാലത്തും പതിവുള്ളതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം ട്രംപ് പറഞ്ഞത് മകന്‍ പറഞ്ഞതിന് വിരുദ്ധമാണ്. അമേരിക്കക്കാര്‍ക്ക് റഷ്യന്‍ കുട്ടികളെ ദത്തെടുക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി സംബന്ധിച്ചാണ് താന്‍ കൂടുതലായും റഷ്യന്‍ അഭിഭാഷകയുമായി സംസാരിച്ചതെന്നാണ് ട്രംപ് ജൂനിയര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഹിലരി ക്ലിന്റനെതിരായ വിവരങ്ങള്‍ തേടി എന്ന് സമ്മതിച്ചു. കൂടിക്കാഴ്ചയിലേയ്ക്ക് നയിച്ച ഇ മെയില്‍ ഇടപാടുകളുടെ വിവരങ്ങളും ട്രംപ് ജൂനിയര്‍ പുറത്തുവിട്ടിരുന്നു. ട്രംപിന് കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ട്രംപ് തന്നെയാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹത്തിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ഇത് നിഷേധിക്കുകയായിരുന്നു. ട്രംപ് ജൂനിയറിനെ കൂടാതെ മരുമകന്‍ ജെറാഡ് കുഷ്‌നര്‍, കാംപെയിന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫോര്‍ട്ട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍