UPDATES

വിദേശം

പാകിസ്ഥാനുള്ള 115 കോടി ഡോളറിന്റെ സുരക്ഷ ധനസഹായം യുഎസ് നിര്‍ത്തി

പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് യുഎസ് തീരുമാനം. താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഭീകര സംഘടകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ഫണ്ട് സസ്‌പെന്‍ഷന്‍ തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോവര്‍ട്ട് പറഞ്ഞു.

പാകിസ്ഥാനുള്ള 1.15 ബില്യണ്‍ (115 കോടി) ഡോളറിന്റെ സുരക്ഷ ധനസഹായം നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഭീകരതയെ നേരിടുന്നതിന് അടക്കമുള്ള ഫണ്ട് പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണ് എന്നാണ് അമേരിക്കയുടെ ആരോപണം. പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് യുഎസ് തീരുമാനം. താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഭീകര സംഘടകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ഫണ്ട് സസ്‌പെന്‍ഷന്‍ തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോവര്‍ട്ട് പറഞ്ഞു. അമേിക്കന്‍ സൈനികരേയും ഉദ്യോഗസ്ഥരേയും ആക്രമിക്കുന്ന ഭീകരരുടെ കേന്ദ്രമായ ഒരു രാജ്യവുമായി സഹകരണം സാധ്യമല്ലെന്നും ഹെതര്‍ നൊവാര്‍ട്ട് പറഞ്ഞു.

പാകിസ്ഥാന് സൈനിക സഹായമായി നല്‍കിയിരുന്ന 255 മില്യണ്‍ ഡോളര്‍ നേരത്തെ അമേരിക്ക മരവിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇന്റലിജന്‍സ് സഹകരണം, ആണവസുരക്ഷ സഹകരണം. അഫ്ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ നടപടികള്‍ തുടങ്ങിയവയേയും പുതിയ തീരുമാനം ബാധിക്കും. പാകിസ്ഥാനെ നിരീക്ഷിച്ചുവരുകയാണ് എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലടക്കം പാകിസ്ഥാന്‍ വലിയ പരാജയമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. അഫ്ഗാനിസ്ഥാനിലെ മോശം ഭരണമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നതെന്നും അതിന്റെ കുറ്റം പാകിസ്ഥാന്റെ തലയില്‍ വയ്‌ക്കേണ്ടെന്നുമാണ് അമേരിക്കയിലെ പാക് അംബാസഡര്‍ ഐസാസ് അഹമ്മദ് ചൗധരി പറഞ്ഞത്.

2002 മുതല്‍ ഇതുവരെ പാകിസ്ഥാന് അമേരിക്ക 20 ബില്യണ്‍ ഡോളറിലധികം സുരക്ഷ ധനസഹായം നല്‍കിയിട്ടുണ്ട്. ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ക്കാണ് ഇതില്‍ വലിയൊരു പങ്കും. യുഎസ് നീക്കം പാകിസ്ഥാനെ ചൈനയുമായി കൂടുതല്‍ അടുപ്പിക്കും. പാകിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേയ്ക്ക് പോകാന്‍ ട്രംപ് ഗവണ്‍മന്റ് തീരുമാനിച്ചാല്‍ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടും. ചൈനയുമായി ചേര്‍ന്നുള്ള 62 ബില്യണ്‍ ഡോളറിന്റെ അടിസ്ഥാനസൗകര്യ, ഊര്‍ജ്ജവികസന പദ്ധതികള്‍ അമേരിക്കന്‍ സഹായം നിലയ്ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ആശ്വാസകരമാകും.

അതേസമയം പാകിസ്ഥാനെ കടുത്ത നടപടികളിലൂടെ നേരിടാനാണ് യുഎസ് നീക്കമെങ്കില്‍ അഫ്ഗാനിസ്ഥാനിലെ അവരുടെ താല്‍പര്യങ്ങള്‍ക്ക് തന്നെ അത് തിരിച്ചടിയാകും. ഭൂപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള നീക്കങ്ങള്‍ക്ക് പാകിസ്ഥാനിലെ റോഡുകളും പാക് വ്യോമാതിര്‍ത്തിയുമെല്ലാം അമേരിക്കയ്ക്ക് പ്രധാനമാണ്. ഇവിടെ അമേരിക്കയ്ക്ക് വിലക്കേര്‍പ്പടുത്താന്‍ പാകിസ്ഥാന്‍ തീരുമാനിച്ചാല്‍ അത് വലിയ തിരിച്ചടിയാകും. 2011ല്‍ പാകിസ്ഥാന്‍ ഇത്തരത്തില്‍ അമേരിക്കയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇരുപതിലധികം പാക് സൈനിക ഉദ്യോഗസ്ഥര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഈ സംഭവത്തില്‍ പാകിസ്ഥാനോട് മാപ്പ് പറഞ്ഞു. സിഐഎ കോണ്‍ട്രാക്ടറുടെ അറസ്റ്റിനും ബിന്‍ ലാദനെ കമാന്‍ഡോ ഓപ്പറേഷന്‍ വഴി യുഎസ് നേവി സീലുകള്‍ വധിച്ചതിനും പിന്നാലെ ഇന്റലിജന്‍സ് സഹകരണം പാകിസ്ഥാന്‍ കുറച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍