UPDATES

വിദേശം

സമയം രാത്രി 9.11, തൂക്കം 9 പൗണ്ടും 11 ഔൺസും – സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വാര്‍ഷികത്തിൽ ജനിച്ച കുട്ടി

തന്‍റെ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ്‌ തിയ്യതിയും സമയവും തൂക്കവുമെല്ലാം ഒന്നായി വന്ന ഒരു കുഞ്ഞിന്‍റെ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി റാഫേൽ ലാഫ്‌ലിൻ പറയുന്നു.

ക്രിസ്റ്റീന ബ്രൗണ്‍ എന്ന കുഞ്ഞാണ് ഇപ്പോള്‍ അമേരിക്കയിലെ പ്രധാന ചര്‍ച്ചാവിഷയം. അവളുടെ ജനനവുമായി ബന്ധപ്പെട്ട കണക്കിലെ കളികളാണ് അതിനു കാരണം. ഇക്കഴിഞ്ഞ സെപ്‌തംബർ 11 ബുധനാഴ്ചയാണ് (9/11) ശസ്ത്രക്രിയയിലൂടെ (സിസേറിയന്‍) ക്രിസ്റ്റീന ജനിച്ചത്. സമയം രാത്രി 9.11. കുഞ്ഞിന്റെ തൂക്കമോ, 9 പൗണ്ടും 11 ഔൺസും. അമേരിക്കക്കാര്‍ എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും. സംഖ്യകളുടെ അത്യപൂർവമായ സമാനത ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാർ ആശ്ചര്യത്തോടെ അലറിവിളിച്ചു.

2001 സെപ്റ്റംബർ 11-നാണ് ഭീകരസംഘടനയായ അൽ ക്വയ്ദ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചത്. 09/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭീകരാക്രമണത്തിന്‍റെ പതിനെട്ടാം വാര്‍ഷികത്തിലാണ് ക്രിസ്റ്റീന ബ്രൗണ്‍ ആഹ്ലാദത്തിന്‍റെ കരച്ചിലുമായി ഭൂജാതയായത്. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്രൂരവും വേദനിപ്പിക്കുന്നതുമായ ഒരു ദിനമാണ് 9/11. എങ്കിലും, പതിനെട്ട് വർഷങ്ങൾക്കിപ്പുറം ആ ഓർമ്മയ്ക്ക് മുകളിൽ ഞങ്ങള്‍ ഒരൽപ്പം സന്തോഷം കൂട്ടിച്ചേർക്കുകയാണ്’ എന്ന് കുഞ്ഞിന്‍റെ അമ്മയായ കമെത്രിയോൺ മലോൺ ബ്രൗൺ പറയുന്നു. പൂര്‍ണ്ണ ആരോഗ്യവാന്മാരായി അമ്മയും കുഞ്ഞും അവരുടെ വീട്ടില്‍ സുഖമായി കഴിയുകയാണ്.

അമേരിക്കയിലെ ലെ ബോൺഹോർ ജെർമൻടൗൺ ആശുപത്രിയിലായിരുന്നു ജനനം. ജനിച്ച ദിവസവും സമയവും ഒന്നായിരുന്നെങ്കിലും തൂക്കവും ഒരുപോലെ ആയതോടെയാണ് ആശുപത്രി ജീവനക്കാര്‍ അമ്പരന്നത്. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. സമൂഹ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. തന്‍റെ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ്‌ തിയ്യതിയും സമയവും തൂക്കവുമെല്ലാം ഒന്നായി വന്ന ഒരു കുഞ്ഞിന്‍റെ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി റാഫേൽ ലാഫ്‌ലിൻ പറയുന്നു. മോളൊന്ന് വലുതായിട്ടുവേണം അവളുടെ ജനനത്തിലെ മാന്ത്രികതയെകുറിച്ച് അവളോട് പറയാന്‍ എന്ന് സന്തോഷത്തോടെ പറയുകയാണ്‌ മാതാപിതാക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍