UPDATES

വിദേശം

ഇന്ത്യക്ക് പിന്തുണയുമായി യുഎസ്, പാകിസ്താന്‍ പരമാധികാരവും അതിര്‍ത്തിയും മാനിക്കണമെന്ന് ചൈന

പാകിസ്താന്‍ ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് ആക്രമണം നടത്തുകയും ഒരു ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി പിന്തുണ അറിയിച്ചിരിക്കുന്നത്.

പാക് അധീന കാശ്മീരില്‍ നടത്തിയ വ്യോമാക്രമണത്തിന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ട്. അജിത് ഡോവലിനെ ഫോണില്‍ വിളിച്ചാണ് പോംപിയോ പിന്തുണ അറിയിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് ആക്രമണം നടത്തുകയും ഒരു ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി പിന്തുണ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം പാകിസ്താനും പാകിസ്താന്റെ ഒരു എഫ് 16 വിമാനം ഇന്ത്യയും വെടിവച്ചിട്ടതായാണ് ഇരു സൈന്യങ്ങളും പറയുന്നത്. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ അജിത് ഡോവലിന് പിന്തുണ അറിയിച്ചിരുന്നു. നേരത്തെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജിനേയും ഷാ മഹ്മൂദ് ഖുറേഷിയേയും ഫോണില്‍ ബന്ധപ്പെട്ട മൈക്ക് പോംപിയോ സംഘര്‍ഷം യുദ്ധത്തിലേയ്ക്ക് നിങ്ങുന്ന സാഹര്യമുണ്ടാക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയോട് തങ്ങളുടെ രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യുഎസ് വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

അതേസമയം പാകിസ്താന്‍ എല്ലാ രാജ്യങ്ങളുടേയും പരമാധികാരവും അതിര്‍ത്തിയും മാനിക്കണമെന്നും സംയമനത്തോടെ പെരുമാറണമെന്നും ചൈന ആവശ്യപ്പെട്ടു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഫോണില്‍ ബന്ധപ്പെട്ടു. എല്ലാ രാജ്യങ്ങളും പരമാധികാരവും അതിര്‍ത്തിയും മാനിക്കണമെന്ന് ഖുറേഷിയോട് വാങ് യി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായതും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുന്നതുമായ ഇത്തരം സംഘര്‍ഷങ്ങളെ ചൈനയ്ക്ക് അംഗീകരിക്കാനാകില്ലെന്ന് വാങ് യി വ്യക്തമാക്കി. ചൈനയിലെ വൂസനില്‍ ചൈന-ഇന്ത്യ-റഷ്യ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കെത്തിയ സുഷമ സ്വരാജുമായി വാങ് യി സംസാരിച്ചിരുന്നു. പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച സുഷമ സ്വരാജ് പാകിസ്താനുമായി യുദ്ധത്തിലേയ്ക്ക് നീങ്ങാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഭീകര ഗ്രൂപ്പുകളെ പ്രോ്ത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ല എന്ന് സംയുക്ത പ്രസ്താവനയില്‍ മൂന്ന് രാജ്യങ്ങളും പറയുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍, പ്രോത്സാഹിപ്പിക്കുന്നവര്‍, പിന്തുണക്കുന്നവര്‍ എന്നിവര്‍ക്കെതിരെ നിലവിലെ അന്താരാഷ്ട്ര നിയമങ്ങള്‍, യുഎന്‍ ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം സ്ട്രാറ്റജി, രക്ഷാസമിതി പ്രമേയങ്ങള്‍ തുടങ്ങിയവ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം എന്നും പ്രസ്താവനയില്‍ പറയുന്നു. സുഷമ സ്വരാജ് ചൈന വിട്ടതിന് ശേഷമാണ് വാങ് യി ഷാ ഖുറേഷിയെ ബന്ധപ്പെട്ടത്. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ചൈനയുടെ ഇടപെടല്‍ സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യ മന്ത്രി ചൈനീസ് വിദേശകാര്യ മന്ത്രിയോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍