UPDATES

വിദേശം

നേരിട്ടുള്ള ആക്രമണം ‘സിറിയയിലെ കശാപ്പും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കുന്നതിനെ’ന്ന് അമേരിക്ക

അസദ് ഭരണകൂടത്തിനെതിരായ യുഎസിന്റെ ഏകപക്ഷീയമായ ആക്രമണം റഷ്യയുമായുള്ള ബന്ധങ്ങള്‍ വഷളാക്കും

സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങി ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ ഇടപെടല്‍ വര്‍ദ്ധിപ്പിച്ചു കൊണ്ട് യുഎസ് സൈന്യം ആദ്യമായി വ്യാഴാഴ്ച നേരിട്ടുള്ള ആക്രമണം നടത്തി. രണ്ട് ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഷായ്‌റാദ്ദ് വ്യോമസ്ഥാനത്തേക്ക് 50 ക്രൂയിസ് മിസൈലുകള്‍ വിന്യസിക്കാനുള്ള അനുമതിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷം കൈയടക്കി വച്ചിരിക്കുന്ന പട്ടണമായ ഖാന്‍ ഷെയ്കൗണില്‍ ചൊവ്വാഴ്ച പ്രസിഡന്റ് ബാഷര്‍ അസദിന്റെ സേന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രാസായുധാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു യുഎസിന്റെ ആക്രമണം. രാസാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ‘നിര്‍ണായക ദേശീയ സുരക്ഷ താല്‍പര്യത്തിന്റെ’ ഭാഗമാണ് ആക്രമണമെന്ന് ഫ്‌ളോറിഡയിലെ തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ വച്ച് ട്രംപ് പ്രഖ്യാപിച്ചു. സിറിയന്‍ യുദ്ധത്തില്‍ യുഎസ് ഇടപെടുന്നത് നിറുത്തുമെന്ന അദ്ദേഹത്തിന്റെ മുന്‍നിലപാടില്‍ നിന്നും കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ‘സിറിയയിലെ കശാപ്പും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കുന്നതിന്,’ യുഎസിനോടൊപ്പം പങ്കാളിയാവാന്‍ അദ്ദേഹം ‘പരിഷ്‌കൃത രാഷ്ട്രങ്ങളോട്’ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സിറിയന്‍ വ്യോമമേഖലയില്‍ പൈലറ്റുള്ള വിമാനങ്ങള്‍ പറത്തുന്നതിന്റെ അപകടം ഒഴിവാക്കാന്‍ ക്രൂയിസ് മിസൈലുകളുടെ ഉപയോഗം വഴി യുഎസിന് സാധിക്കുമെന്ന് വ്യാഴാഴ്ച ആക്രമണം നടത്തുന്നതിന് മുമ്പ് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

‘കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുള്ള പരിപാടി ഇപ്പോള്‍ നിലവിലില്ല’ എന്ന് വൈറ്റ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ റാങ്കിംഗ് മെമ്പറും കാലിഫോര്‍ണിയയില്‍ നിന്നുള്ള അംഗവുമായ ആഡം സ്‌കിഫ് എംഎസ്എന്‍ബിസിയോട് പറഞ്ഞു. ആക്രമണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ സ്‌കിഫിന് ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് വ്യാഴാഴ്ച കൈമാറിയിരുന്നു.

ഈ ആഴ്ച നടന്ന രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്വം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ അസദ് നയിക്കുന്ന സര്‍ക്കാരാണ് സംഭവത്തിന് പിന്നില്‍ എന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന് ഒരു സംശയവുമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു. അസദിനെ അധികാരത്തില്‍ നിന്നും നീക്കുന്നതിന് യുഎസ് പിന്തുണ നല്‍കുമോ എന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ ചോദ്യത്തിന് ആ ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അദ്ദേഹം ഉത്തരം നല്‍കി. ഇത് യുഎസ് ഭരണകൂടത്തിന്റെ മുന്‍നിലപാടിന് കടകവിരുദ്ധമാണ്.

ആക്രമണത്തിന് മറുപടിയെന്ന നിലയില്‍ ‘ചില കാര്യങ്ങള്‍ സംഭവിക്കും,’ എന്ന് വ്യാഴാഴ്ച ട്രംപ് വ്യക്തമാക്കിയെങ്കിലും അസദിനെ നീക്കുന്നതിനെ സംബന്ധിച്ച് സ്പഷ്ടമായി എന്തെങ്കിലും പറയാന്‍ അദ്ദേഹം തയ്യാറായില്ല. ‘അസദ് ചെയ്തത് ക്രൂരമായി പോയി എന്ന് ഞാന്‍ കരുതുന്നു,’ എന്ന് റിപ്പോര്‍ട്ടര്‍മാരോട് ട്രംപ് പറഞ്ഞു.

‘മനുഷ്യവംശത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് സിറിയയില്‍ നടന്നതെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഇപ്പോഴും അവിടെയുണ്ട്, അയാളാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും സംഭവിച്ചേ തീരൂ.’

അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുമായി ചേര്‍ന്ന് സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാനും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാനും ശ്രമിക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് കടക വിരുദ്ധമായ സമീപനമാണ് അവിടെ സൈനികമായി ഇടപെട്ടതിലൂടെ ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടിയില്‍ നിരവധി തവണ രാസായുധങ്ങള്‍ ഉപയോഗിച്ചതായി അസദ് ഭരണകൂടത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സമീപകാലത്തെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് യുദ്ധത്തിലുള്ള യുഎസിന്റെ പങ്കിനെ പറ്റിയുള്ള മുന്‍ നിലപാടില്‍ നിന്നും മാറി ചിന്തിക്കാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

എന്നാല്‍ അസദ് ഭരണകൂടത്തിനെതിരെ ആക്രമണം നടത്തിയതിന് എന്തെങ്കിലും നിയമപരമായ അവകാശവാദങ്ങള്‍ ട്രംപ് ഉന്നയിക്കുമോ എന്ന് വ്യക്തമല്ല. അല്‍ ഖ്വയ്ദയുടെ ഭാഗമാണ് ഐഎസ്‌ഐഎസ് എന്ന് ആരോപിച്ച് സിറിയയിലെ ഐഎസ്‌ഐഎസിനെതിരെ സൈനീക ആക്രമണം നടത്താനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് 2001ല്‍ യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിറിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം നടത്താനുള്ള അനുമതി കോണ്‍ഗ്രസ് നല്‍കിയിട്ടില്ല എന്ന് മാത്രമല്ല, സ്വയം സംരക്ഷിക്കുകയാണ് എന്ന് അവകാശപ്പെടാന്‍ യുഎസിന് സാധിക്കുകയുമില്ല. അസദ് ഭരണകൂടത്തിനെതിരെ 2013ല്‍ സമാനമായ ഒരു തിരിച്ചടി ആക്രമണത്തെ കുറിച്ച് അന്നത്തെ പ്രസിഡന്റ് ബാരക് ഒബാമ ആലോചിച്ചപ്പോള്‍, താന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അസദ് ഭരണകൂടത്തിനെതിരായ യുഎസിന്റെ ഏകപക്ഷീയമായ ആക്രമണം റഷ്യയുമായുള്ള ബന്ധങ്ങള്‍ വഷളാക്കുമെന്ന് ഉറപ്പ്. സിറിയയെ വര്‍ഷങ്ങളായി രാഷ്ട്രീയമായും സൈനീകമായും പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്. 2015 സെപ്തംബറില്‍ അസദിനെ പിന്തുണച്ചുകൊണ്ട് ഒരു വ്യോമ ആക്രമണം നടത്താനും അവര്‍ മടിച്ചില്ല.

മുന്‍വര്‍ഷങ്ങളില്‍ സിറിയയില്‍ ഇടപെടുന്നതിനെ ട്രംപ് ദൃഢമായി എതിര്‍ത്തിരുന്നു എന്ന് മാത്രമല്ല, സിറിയന്‍ അഭയാര്‍ത്ഥികള്‍ യുഎസില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ നിലപാടാണ് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.

2011 മാര്‍ച്ചില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 24,000 കുട്ടികള്‍ ഉള്‍പ്പെടെ 207,000 പൗരന്മാരാണ് മരിച്ചത്. 2013ല്‍ ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ ഗൗട്ടയില്‍ സിറിയന്‍ സൈന്യം നടത്തിയ സരിന്‍ വാതക ആക്രമണത്തില്‍ മാത്രം 1,000 ഏറെ ജനങ്ങളാണ് മരിച്ചത്. ഇത്തരത്തിലുള്ള നിരവധി ചെറുകിട രാസായുധാക്രമണങ്ങളെ  കുറിച്ചുള്ള വിവരങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ ശേഖരിച്ചിട്ടുമുണ്ട്.

സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്നതിലും തീവ്രവാദികളില്‍ നിന്നും പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കുര്‍ദ്ദിഷ് സൈന്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന നയമായിരുന്നു വര്‍ഷങ്ങളായി യുഎസ് സിറിയയില്‍ പിന്തുടര്‍ന്നിരുന്നത്. ഐഎസ്‌ഐഎസ് പിടിച്ചുവെച്ചിരിക്കുന്ന റാഖ പട്ടണം തിരിച്ചുപിടിക്കുന്നതിന് പിന്തുണ നല്‍കാനായി നൂറുകണക്കിന് യുഎസ് പട്ടാളക്കാര്‍ ഇപ്പോള്‍ സിറിയയിലുണ്ട്. വടക്കന്‍ സിറിയയില്‍ 1,000 സൈനീകരെ കൂടി യുഎസ് വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അസദിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും ആക്രമണത്തിന് തൊട്ടുമുമ്പ് ട്രംപിന്റെ വൈറ്റ് ഹൗസ് പിന്മാറിയിരുന്നു. എന്നാല്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ രാസായുധം ഉപയോഗിച്ചതോടെ യുഎസ് നയത്തെ കുറിച്ചുള്ള ട്രംപിന്റെ സമീപനത്തില്‍ മാറ്റം വന്നതായി ബുധനാഴ്ച പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

‘കുട്ടികള്‍ക്ക് നേരെയുള്ള ഇന്നലത്തെ ആക്രമണം എന്നില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ പ്രത്യാഘാതം. അത് ഭീകരമായ സംഭവമാണ്,’ എന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ ഇതില്‍ കൂടുതല്‍ വഷളാവാനില്ല. അത്രയും അയവുള്ള സമീപനം സ്വീകരിക്കാന്‍ എനിക്ക് സാധിക്കും. അത് വളരെ വളരെ സാധ്യമാണ് എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. അത് ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞു. സിറിയയോടും അസദിനോടുമുള്ള എന്റെ സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍