UPDATES

വിദേശം

ക്യൂബക്കാര്‍ പറയുന്നു – ഫിഡല്‍ ഇനി വരില്ല, പക്ഷെ ചരിത്രം നിലയ്ക്കുന്നില്ല

ഒരു തലമുറ വിടവാങ്ങുകയാണ്. റൗള്‍ ചരിത്രം കുറിച്ച ഒരു തലമുറയുടെ ഭാഗമാണ്. റൗള്‍ വിടവാങ്ങുമ്പോള്‍ വരുന്ന പുതിയ നേതാവ് മറ്റൊരു തലമുറയില്‍ പെട്ടയാളാണ്. അദ്ദേഹം കുറിക്കാന്‍ പോകുന്നത് പുതിയ ചരിത്രവും – ടോറസ് പറഞ്ഞു.

ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചിട്ട് ഒരു വര്‍ഷം. കാസ്‌ട്രോയില്ലാത്ത ക്യൂബയ്ക്കും ലോകത്തിനും ഒരു വയസായിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആസ്ഥാന ഭൂപ്രദേശത്തിന്റെ മൂക്കിന്‍തുമ്പത്ത് ഗറില്ലാ വിപ്ലവം വിജയിപ്പിച്ച് അതിനെ കമ്മ്യൂണിസ്റ്റ് പരിപാടിയിലേയ്ക്ക് പരിവര്‍ത്തിപ്പിക്കുകയും ലോകത്തെ സാമ്രാജ്യത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന, കത്തുന്ന തീപന്തമായും നിലകൊണ്ട കാസ്‌ട്രോ, ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും ഉന്നതശീര്‍ഷരായ ചരിത്രപുരുഷന്മാരിലും വിപ്ലവകാരികളിലും ഒരാളാണ്. സോവിയറ്റ് ചേരിയുടെ അന്ത്യവും പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധവും സാമ്പത്തിക ഞെരുക്കവും ദുരിതങ്ങളും ഒറ്റപ്പെടലുകളും തകര്‍ക്കാതെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോയ ഫിഡലിന്റെ അഭാവം ക്യൂബയെ സംബന്ധിച്ച് നികത്താനാവാത്തതും അതേസമയം അനിവാര്യവുമായ നഷ്ടമാണ്.

കാസ്‌ട്രോയുടെ മരണം ക്യൂബയെ ഇതാ തുറന്നിട്ട ലിബറല്‍ മുതലാളിത്ത രാജ്യമാക്കി മാറ്റാന്‍ പോകുന്നു എന്ന പാശ്ചാത്യ മാധ്യമങ്ങളുടെ വിലയിരുത്തലില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് റോയിട്ടേഴ്‌സിന്റെയും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിന്റേയും മറ്റും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ക്യൂബയെ ഉദാരവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ബറാക് ഒബാമ പ്രസിഡന്റ് ആയിരിക്കെ അമേരിക്കയുമായുള്ള ബന്ധം സുഗമമാക്കാനുള്ള നീക്കങ്ങളുണ്ടായതെന്നുമെല്ലാം വിലയിരുത്തലുകളുണ്ടായി. എന്നാല്‍ ഒബാമ പോയി ട്രംപ് വന്നതോടെ വീണ്ടും കാര്യങ്ങള്‍ പഴയ പോലായിട്ടുണ്ട്. ട്രംപിന്റെ ശത്രുതാപരമായ സമീപനം തന്നെയാണ് പ്രശ്‌നം.

ഫിഡലിന് ഒരു ഗീതം; കാസ്‌ട്രോയെ കുറിച്ച് ചെഗുവേര എഴുതിയ കവിത

അതേസമയം ഒരു പ്രധാന മാറ്റം വരുന്നത് അടുത്ത ദിവസം മുതല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ തുടങ്ങാന്‍ പോകുന്നു എന്നതാണ്. 2018 ഫെബ്രുവരിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. 2008ലാണ് അനാരോഗ്യവും പ്രായാധിക്യവും തളര്‍ത്തിയ ഫിഡല്‍ കാസ്ട്രോ പ്രസിഡന്റ് പദവി ഒഴിയുകയും സഹോദരന്‍ റൗള്‍ കസ്റ്ര്‍ പ്രസിഡന്റാവുകയും ചെയ്തത്. 2006ല്‍ ഫിഡലിന് വീണ് പരിക്കേറ്റത് മുതല്‍ ആക്ടിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ചുമതല വഹിച്ചത് റൗള്‍ ആണ്. 1959ലെ വിപ്ലവ വിജയം മുതല്‍ 1976 വരെ പ്രധാനമന്ത്രിയും, 76 മുതല്‍ 2008 വരെ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്നു ഫിഡല്‍. റൗളിന് വയസ് 86 ആയിരിക്കുന്നു. 10 വര്‍ഷത്തിന് ശേഷം റൗള്‍ പടിയിറങ്ങുകയാണ്. ക്യൂബന്‍ വിപ്ലവകാരികളുടെ ആദ്യ സായുധ മുന്നേറ്റമായ 1953ലെ മൊണ്‍കാദ ബാരക് ആക്രമണത്തിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു റൗള്‍ കാസ്‌ട്രോ. ഫിഡല്‍ കാസ്‌ട്രോയ്ക്കും ഏണസ്‌റ്റോ ഗവാരയ്ക്കും (ചെ ഗവാര) കാമിലോ സിയെന്‍ ഫ്യൂഗോസിനുമൊപ്പം ക്യൂബന്‍ വിപ്ലവത്തിന്റെ സമുന്നത നേതാവ്. ഫിഡലിന്റെ അനുജനായത് കൊണ്ടല്ല റൗള്‍ ക്യൂബന്‍ പ്രസിഡന്റ് ആയത്. 2006ലെ വീഴ്ചയ്ക്ക് ശേഷം കാസ്‌ട്രോ പൊതുവേദിയില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രാന്‍മയിലെ കോളങ്ങളിലൂടെയും ലേഖനങ്ങളിലൂടേയും ലോക രാഷ്ട്രീയവുമായി വിവിധ ജനതകളുടെ അതിജീവന പോരാട്ടങ്ങളുമായി കാസ്‌ട്രോ നിരന്തരം സംവദിച്ചു. അമേരിക്കയെ വിചാരണ ചെയ്തു.

കാസ്‌ട്രോയുടെ മരണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ക്യൂബന്‍ ജനത വലിയ ആശയക്കുഴപ്പത്തിലാണ്. റൗള്‍ ഫെബ്രുവരിയില്‍ സ്ഥാനമൊഴിയും. ഫിഡല്‍ ചരിത്രമായി കഴിഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുന്നതായി തോന്നുന്നില്ല. ശമ്പളം കൂടിയിട്ടില്ല. ഭക്ഷണവിലയില്‍ കുറവുണ്ടായിട്ടില്ല. ട്രംപ് വീണ്ടും ഉപരോധം ശക്തമാക്കാന്‍ പോകുന്നു. ഭാവി എന്താകും എന്ന് ഒരു പിടിയും കിട്ടുന്നില്ല – ഹവാനയില്‍ ഹൈസ്‌കൂള്‍ അധ്യാപികയായ 45കാരി അരിയാഡ്‌ന വാല്‍ഡിവിയ പറയുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുണ്ടാക്കിയ എണ്ണ, സാമ്പത്തിക, വിഭവ പ്രതിസന്ധിയേക്കാള്‍ മോശമായ അവസ്ഥയിലേയ്ക്കാണ് ക്യൂബ പോകുന്നത് എന്ന നിരീക്ഷണങ്ങളുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം എണ്ണ സമ്പന്നമായ ലാറ്റിനമേരിക്കന്‍ രാജ്യം വെനിസ്വേലയായിരുന്നു വിഭവങ്ങളുടെ കാര്യത്തില്‍ ക്യൂബയ്ക്ക് ആശ്വാസം നല്‍കിയിരുന്നത്. വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ടു. എന്നാല്‍ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനമെല്ലാം ക്ഷീണിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലും പെട്ട് ഉഴലുന്ന വെനിസ്വേല നിസഹായരാണ്.

സാമ്രാജ്യത്വത്തിന്റെ യാതൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല; ഫിദല്‍ കാസ്‌ട്രോ ബറാക് ഒബാമയ്ക്ക് അയച്ച കത്ത്

എല്ലാ ദുരിതങ്ങള്‍ക്കും സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ചെറുതല്ലാത്ത ആരോപണങ്ങള്‍ക്കും ഇടയിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങള്‍ കൊണ്ട് ക്യൂബയെന്ന ചെറു രാജ്യം തല ഉയര്‍ത്തിപ്പിടിച്ച് നിന്നു. ക്യൂബയുടെ മാനവികതക്ക് നിരവധി ഉദാഹരണങ്ങള്‍ 90കള്‍ക്ക് ശേഷമുള്ള കാലത്തിനും ഉയര്‍ത്തിക്കാട്ടാനുണ്ട്. ക്യൂബക്കാര്‍ തന്നോട് പ്രതികാരം ചെയ്യുമെന്നും തന്നെ കൊല്ലുമെന്നും ഭയന്ന് നടന്നിരുന്ന ഒരു പഴയ ബൊളിവിയന്‍ പട്ടാളക്കാരനുണ്ടായിരുന്നു – മാരിയോ ടെറാന്‍. ചെ ഗവാരയുടെ കൊലയാളി. ഈ ഭീതിയില്‍ കുറെയേറെ വര്‍ഷം അജ്ഞാതനായി ഒളിച്ചോടി നടന്ന മാരിയോ ടെറാനെ ഹവാനയില്‍ കൊണ്ടുവന്ന് നേത്ര ശസ്ത്രക്രിയ നടത്തി കാഴ്ചാ പ്രശ്നം പരിഹരിച്ചാണ് ക്യൂബ ‘പക വീട്ടി’യത്. ക്യൂബയുടെ ആരോഗ്യമാതൃക ലാറ്റിനമേരിക്കക്ക് അപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ആശ്വാസവുമായി പടര്‍ന്നു. ലൈബീരിയ, സിയറ ലയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍ ദുരിതം വിതച്ച എബോള വൈറസിനെ പ്രതിരോധിക്കാന്‍ മൂന്നില്‍ നിന്നത് ക്യൂബന്‍ ഡോക്ടര്‍മാരായിരുന്നു. ഐക്യരാഷ്ട്ര സംഘടന ക്യബയെ പ്രത്യേകം അഭിനന്ദിച്ചു. Cuba leads fight against Ebola in Africa as west frets about border security എന്നായിരുന്നു 2014 ഒക്ടോബറില്‍ ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടുകളില്‍ ഒന്ന്.

https://www.theguardian.com/world/2014/oct/12/cuba-leads-fights-against-ebola-africa

ഫിദലിന്‍റെ സ്നേഹത്തിന് കാത്ത് നിന്ന നടാലിയയ്ക്ക് സംഭവിച്ചത്

‘I am Fidel’ എന്നൊരു പ്രതിജ്ഞ വിപ്ലവത്തോടുള്ള പ്രതിബദ്ധതയായി ക്യൂബന്‍ ജനത ഏറ്റെടുത്തിരുന്നു. ഫിഡല്‍ ഞങ്ങളുടെ ഏറ്റവും നല്ല നേതാവായിരുന്നു – ടാക്‌സി ഡ്രൈവര്‍ റെനെ പെരസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രതിസന്ധി രൂക്ഷമായിരിക്കെ ക്യൂബക്കാര്‍ ഫിഡലിന്റെ അഭാവം വല്ലാതെ അനുഭവിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഇര്‍മ ചുഴലിക്കാറ്റ് വ്യപക നാശം വിതച്ചതിന് ശേഷം റൗള്‍ കാസ്‌ട്രോ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് പറയുന്നത്. വ്യക്തിപൂജയെ വെറുത്തിരുന്ന ഫിഡലിനോട് ക്യൂബക്കാര്‍ നീതി പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രതിമ പോലും സ്ഥാപിക്കുകയോ റോഡുകള്‍ക്ക് ഫിഡലിന്റെ പേര് നല്‍കുകയോ ചെയ്തിട്ടില്ല. സാന്റിയാഗോ ഡി ക്യൂബയിലെ സാന്റ ഇഫിജെനിയ സെമിത്തേരിയിലുള്ള ഗ്രാനൈറ്റ് കല്ലെറിയില്‍ വളരെ സിംപിളായി എഴുത്തി വച്ചിരിക്കുന്നത് ഫിഡല്‍ എന്ന് മാത്രമാണ്. മറ്റെന്താണ് ക്യൂബ കാസ്‌ട്രോയെ പറ്റി പറയേണ്ടത്. സ്റ്റേറ്റ് ടെലിവിഷനും സാംസ്‌കാരിക സംഘടനകളും വിവിധ ഫിഡല്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഒരു പക്ഷെ ഇതായിരിക്കാം എന്റെ അവസാന പ്രസംഗം; കാസ്‌ട്രോയുടെ വാക്കുകള്‍ സത്യമായി/ വീഡിയോ

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഞായറാഴ്ച തുടങ്ങും. അത് കഴിഞ്ഞാല്‍ പ്രവിശ്യാ കൗണ്‍സിലുകളിലേയ്ക്കും പിന്നീട് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ദേശീയ അസംബ്ലി പുതിയ പ്രസിഡന്റിനെ, റൗണ്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും. നിലവില്‍ ഫസ്റ്റ് വൈസ് പ്രസിഡന്റായ മിഗുവല്‍ ഡയാസ് കാനല്‍ ഇനി ക്യൂബയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസിഡന്റ് പദവിയിലേയ്ക്ക് യോഗ്യത കല്‍പ്പിക്കപ്പെടുന്ന പല നേതാക്കളേയും പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊരു ഫിഡല്‍ ഇനിയുണ്ടാകില്ലെന്നും ക്യൂബന്‍ നാഷണല്‍ ലൈബ്രറി ഡയറക്ടര്‍ എഡ്വേര്‍ഡോ ടോറസ് പറയുന്നു. ഒരു തലമുറ വിടവാങ്ങുകയാണ്. റൗള്‍ ചരിത്രം കുറിച്ച ഒരു തലമുറയുടെ ഭാഗമാണ്. റൗള്‍ വിടവാങ്ങുമ്പോള്‍ വരുന്ന പുതിയ നേതാവ് മറ്റൊരു തലമുറയില്‍ പെട്ടയാളാണ്. അദ്ദേഹം കുറിക്കാന്‍ പോകുന്നത് പുതിയ ചരിത്രവും – ടോറസ് പറഞ്ഞു. ഫിഡല്‍ പറഞ്ഞ പോലെ ചരിത്രം തങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കും എന്ന പ്രതീക്ഷ ക്യൂബ കൈ വിട്ടിട്ടില്ല.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ വിപ്ലവകാരി കടന്നുപോകുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍